ജനീവ: ജോലി സ്ഥലത്ത് പുരുഷന് തുല്ല്യമായ പരിഗണനയും വേതനവും ലഭിക്കാന്‍ സ്ത്രീകള്‍ ഇനിയും 217 വര്‍ഷങ്ങള്‍ കാത്തിരിക്കണമെന്ന് പഠനം. വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തിന്‍റെ കണക്കുകള്‍ പ്രകാരം നിലവില്‍ പുരുഷന്‍മാര്‍ സമ്പാദിക്കുന്നതിന്‍റെ പകുതി മാത്രമാണ് സ്ത്രീകള്‍ സമ്പാദിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തിന്‍റെ കണക്കുകള്‍ പ്രകാരം 170 വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് പുരുഷനൊപ്പം സാമ്പത്തിക തുല്ല്യത ലഭിക്കും. 2015 ലെ കണക്കുകള്‍ പ്രകാരം 118 വര്‍ഷത്തിനുള്ളില്‍ സാമ്പത്തികമായി തുല്ല്യത ലഭിക്കുമെന്നായിരുന്നു കണ്ടെത്തല്‍.

ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്‍റ് പ്രോഗ്രാം, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ ഇന്‍സ്റ്റിറ്റ്യൂഷനുകളുടെ കണക്കുകളാണ് വേള്‍ഡ് ഇക്കണോമിക്ക് ഫോറം പഠനത്തിനായി സ്വീകരിച്ചത്. വിദ്യാഭ്യാസ രംഗത്ത് ഒത്തിരി മുന്നേറ്റം സ്ത്രീകള്‍ കാഴ്ച വച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വെറും 13 വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ രംഗത്ത് സ്ത്രീ പുരുഷ തുല്ല്യത പ്രാവര്‍ത്തികമാകുമെന്ന് വേള്‍ഡ് ഇക്കണോമിക്ക് ഫോറം പറയുന്നു. വരുന്ന 99 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രീയ രംഗത്തും തുല്ല്യത കൈവരുമെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.