നാല്‍പത് വയസ്സ് കഴിഞ്ഞ സ്ത്രീകളില്‍ പല തരത്തിലുളള അസുഖങ്ങളുടെ ആരംഭം കാണാനുളള സാധ്യതയുണ്ട്. ശരീരക്ഷീണം , വിഷാദം, മറ്റ് ഹോണ്‍മോണ്‍ വ്യത്യാസങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധിക്കണം. പലപ്പോഴും പല ചികിത്സകള്‍ നല്‍കിയിട്ടും രോഗികള്‍ മരണത്തിലേക്ക് പോകുന്നു. രോഗം നേരത്തെ കണ്ടെത്തുക എന്നത് പ്രധാനമാണ്. അതിനാല്‍ നാല്‍പത് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ തീര്‍ച്ചയായും ഈ ടെസ്റ്റുകള്‍ നടത്തിയിരിക്കണം. 

1. പാപ് സ്മിയര്‍ ടെസ്റ്റ്

സ്തീകള്‍ക്ക് വരുന്ന ക്യാന്‍സറാണ് സെർവിക്കൽ ക്യാന്‍സര്‍ അഥവാ ഗർഭാശയമുഖ കാൻസർ ബാധിക്കുന്നത്. പലപ്പോഴും ക്യാന്‍സര്‍ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മള്‍ അറിയുക. അതിനാല്‍, പലപ്പോഴും പല ചികിത്സകള്‍ നല്‍കിയിട്ടും രോഗികള്‍ മരണത്തിലേക്ക് പോകുന്നു. ഗര്‍ഭാശയഗള കാന്‍സറും (സെര്‍വിക്കല്‍ കാന്‍സര്‍) ധാരാളം ജീവനുകള്‍ അപഹരിക്കുകയാണ് ഇന്ന്. എന്നാല്‍, മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികില്‍സിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കുന്ന ഒന്നാണ് ഇതെന്നതാണ് വാസ്തവം. 

ലോകത്ത് ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറുകളില്‍ അഞ്ചാം സ്ഥാനത്താണ് ഇത്. പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അഞ്ചു ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നുമുണ്ട്. ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സെര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നത്. ആര്‍ത്തവം ക്രമം തെറ്റുക, ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക, ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക, ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്മ, വെള്ളപോക്ക്, നടുവേദന, ഒരു കാലില്‍ മാത്രം നീര് വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പാപ് സ്മിയര്‍ ടെസ്റ്റ് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തില്‍ പല ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്. ഗര്‍ഭാശയമുഖത്തെ(cervix) കോശങ്ങള്‍ക്കു എന്തെങ്കിലും മാറ്റമുണ്ടോ, കാന്‍സര്‍ ഉണ്ടോ, ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയുവാന്‍ സാധിക്കും. ചിലവു വളരെ കുറവാണ്. 

2. മാമോഗ്രാം

സ്ത്രീകളില്‍ ഏറ്റവും അധികം കണ്ടുവരുന്ന ക്യാന്‍സര്‍ രോഗമാണ് ബ്രസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദം. ലോകത്തില്‍ ഏറ്റവും അധികം സ്ത്രീകള്‍ ദുരിതത്തിലാകുന്നതും സ്താനാര്‍ബുദം മൂലമാണ്. ത്വക്കിലെ നിറമാറ്റം, മുഴകള്‍, നെഞ്ചിന് മുകളിലെ മുറിവ്, സ്തനങ്ങളിലെ വേദന, സ്തനങ്ങളില്‍ നിന്നുളള സ്രവം, ആകൃതിയിലെ മാറ്റം , മുലഞെട്ടില്‍ മാറ്റം എന്നിവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. 

സ്തനാര്‍ബുദം കണ്ടെത്താന്‍ മാമോഗ്രാം ടെസ്റ്റ് ചെയ്യാം. അരമണിക്കൂറിനകം ചെയ്യാവുന്ന ഒരു പരിശോധനയാണിത്. സ്തനങ്ങള്‍ ഓരോന്നായി ഒരു പ്ലാസ്റ്റിക് പ്ലേറ്റിനും എക്‌സ്‌റേ പ്ലേറ്റിനും ഇടയില്‍ വെച്ച് അമര്‍ത്തി ആന്തരിക കോശങ്ങളുടെ വ്യക്തമായ ചിത്രം മാമോഗ്രാം യന്ത്രത്തില്‍ പകര്‍ത്തുകയാണ് ചെയ്യുന്നത്.

3. തൈറോയിഡ് ടെസ്റ്റ്

ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്‍റെ മുന്‍ഭാഗത്തായി സ്ഥിതിചെയ്യുന്ന തൈറോയിഡിന് ഒരു ചിത്രശലഭത്തിന് സമാനമായ ആകൃതിയാണുള്ളത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന ഏത് മാറ്റവും ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് മൂന്നിരട്ടി സാധ്യതയാണ് തൈറോയിഡ് രോഗങ്ങളുണ്ടാവാനുള്ളത്. 35 വയസ്സിന് മുകളില്‍ പ്രകായമുള്ള സ്‌ത്രീകള്‍ തൈറോയിഡ് രോഗങ്ങള്‍ ഒഴിവാക്കാന്‍ കാര്യമായിത്തന്നെ ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ക്ഷീണം, വിഷാദം, ആർത്തവക്രമക്കേടുകള്‍, കൊളസ്‌ട്രോൾ, കുടുംബപാരമ്പര്യം എന്നിവയൊക്കെ കൊണ്ട് തൈറോയിഡ് വരാനുളള സാധ്യതയുണ്ട്. അതിനാല്‍ 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ തൈറോയിഡ് ടെസ്റ്റ് ചെയ്തിരിക്കണം. 

4. ഒവറിയന്‍ ക്യാന്‍സര്‍‌ ടെസ്റ്റ്

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഒവറിയന്‍ ക്യാന്‍സര്‍ പൊതുവെ ആര്‍ത്തവവിരാമം നടന്ന സ്ത്രീകളിലാണ് വരുന്നത്. അതിനാല്‍ കൃത്യമായ പരിശോധനകള്‍ നടത്തണം. 

5. പ്രമേഹം

പേടി സ്വപ്നമായി മാറിയിരിക്കുന്ന അസുഖമാണ് പ്രമേഹം. 40 വയസ്സ് കഴിഞ്ഞവര്‍ തീര്‍ച്ചയായും പ്രമേഹം ഉണ്ടോയെന്ന് പരിശോധിക്കുക.