ലോക വനിതാദിനമായ ഇന്ന് കേരളത്തില്‍നിന്നുള്ള ഒരു പഞ്ചായത്ത് പ്രസിഡന്റിന് ഗുജറാത്തിലുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിലാണ് വയനാട്ടിലെ മൂപ്പൈയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹര്‍ബനാത്ത് അവഹേളനത്തിന് ഇരയായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഷഹര്‍ബാനത്തിനെ തട്ടം അഴിപ്പിച്ചാണ് ഹാളിനുള്ളിലേക്ക് കടത്തിവിട്ടത്.

വനിതകള്‍ക്കായുള്ള ദിവസം ഇത്തരമൊരു അവഹേളനം നേരിടേണ്ടി വന്നതില്‍ വലിയ പ്രയാസമുണ്ടെന്ന് ഷഹര്‍ബാനത്ത് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഷഹര്‍ബാനത്ത് പറയുന്നത് ഇങ്ങനെ, "രാവിലെ പതിനൊന്നര മണിയോടെയാണ് കേരളത്തില്‍നിന്നുള്ള സംഘം പരിപാടി നടക്കുന്ന ഹാളിലേക്ക് എത്തിയത്. എന്നാല്‍ അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ എന്നോട് കറുത്ത തട്ടം മാറ്റാന്‍ ആവശ്യപ്പെട്ടു. തട്ടം ധരിച്ച് അകത്തേക്ക് പോകാനാകില്ലെന്നും പറഞ്ഞു. എന്നാല്‍ ഇത് മതപരമായ കാര്യമാണെന്ന് പറഞ്ഞെങ്കിലും അയാള്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഏറെനേരത്തെ വാദപ്രതിവാദത്തിനൊടുവില്‍ തട്ടം മാറ്റി അകത്തേക്ക് പോകേണ്ടിവന്നു. തട്ടം കൈവശം വെയ്‌ക്കാന്‍ പോലും അനുവദിച്ചില്ല. അത് പുറത്ത് വെച്ചിട്ട് അകത്തേക്ക് കടന്നാല്‍ മതിയെന്ന വാശിയിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. തട്ടമില്ലാതെ പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നു. ഇത് എന്റെ മാത്രം അനുഭവമല്ല. കാസര്‍കോട് ജില്ലയില്‍നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ഇതേ അനുഭവമാണുണ്ടായത്. ഇതിനിടയില്‍ പരിപാടിയില്‍ പങ്കെടുക്കുന്ന കേരള സംഘത്തിന്റെ ചുമതലയുള്ള നോഡല്‍ ഓഫീസറെ വിവരം അറിയിച്ചു. ഇദ്ദേഹം സ്ഥലം എസ് പിയുമായി സംസാരിച്ചു. ഇതേത്തുടര്‍ന്ന് പിന്നീട് തട്ടം ഹാളിനുള്ളില്‍ എത്തിക്കുയുമായിരുന്നു. വനിതകള്‍ക്കായുള്ള ഒരു ദിവസം തന്നെ ഇങ്ങനെയുള്ള അനുഭവമാണുണ്ടായത്. അതും വനിതകളുടെ ശാക്തീകരണം ഉള്‍പ്പടെ ചര്‍ച്ചയായ പരിപാടിയില്‍. ഇത് എന്തുതരം സന്ദേശമാണ് നല്‍കുന്നതെന്ന് അറിയില്ല"

കോഴിക്കോട് ജില്ലയിലെ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് അശ്വതി കെ ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം അപമാനകരമായ കാര്യമാണ് അഹമ്മദാബാദില്‍ ഉണ്ടായതെന്നും അശ്വതി കെ ടി ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു. ലോകവനിതാദിനത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും ആദ്യ രണ്ടുദിവസവും ഗുജറാത്ത് മോഡലിന്റെ വിശദീകരണമായിരുന്നു. ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലാണ് ഷഹര്‍ബാനത്തിന് അവഹേളനം നേരിടേണ്ടി വന്നത്. മതപരമായ അവകാശത്തിന്റെ ലംഘനമാണ് ഉണ്ടായതെന്നും, സംഭവത്തെക്കുറിച്ച് അധികൃതര്‍ക്ക് കേരളസംഘം പരാതി നല്‍കുമെന്നും അശ്വതി കെ ടി പറഞ്ഞു.

അശ്വതി കെ ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്