കൊടുംകാട്ടില്‍ അതിസാഹസികമായി വന്യജീവികളുടെ ചിത്രം പകര്‍ത്തുന്നതൊക്കെ പുരുഷന്മാര്‍ക്ക് പറഞ്ഞതാണെന്ന് പൊതു ധാരണ. എന്നാല്‍ അടുത്തകാലം വരെ സ്ത്രീകള്‍ക്ക് അപ്രാപ്യമായിരുന്ന ഈ മേഖലയില്‍ സാന്നിധ്യമറിയിക്കുകയാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഇളമുറക്കാരി.

ഫോട്ടോഗ്രഫി ഒരു കൗതുകം മാത്രമല്ലെന്ന് രശ്‌മി വര്‍മ്മ തിരിച്ചറിഞ്ഞത് രണ്ട് വര്‍ഷം മുമ്പാണ്. കവടിയാര്‍ കൊട്ടാരത്തോട് ചേര്‍ന്നുള്ള ചെറുവനത്തിലെ പക്ഷികളെ ആദ്യം ഫ്രെയിമിലാക്കി. പതിയെ വെള്ളായണിയിലും ആക്കുളത്തും പിന്നെ മൂന്നാറിലും കൂന്തംകുളത്തും കൂടുതല്‍ പക്ഷികളെ തേടിയിറങ്ങി. ആ യാത്ര അങ്ങനെ ഹിമാലയം വരെയെത്തി.

സ്ത്രീകള്‍ക്ക് പൊതുവെ അപ്രാപ്യമായ മേഖല. രാജകുടുംബാംഗം കൂടിയാകുമ്പോഴുള്ള ചില നിയന്ത്രണങ്ങള്‍ വേറെ. പക്ഷേ കുടുംബത്തിന്റെ പിന്തുണയോടെ ഇതെല്ലാം മറികടക്കുകയാണ് രശ്‌മി വര്‍മ്മ.

ചിത്രങ്ങള്‍ക്ക് ഏറെയും ഇടം കണ്ടെത്തുന്നത് ഫേസ്ബുക്കിലാണ്. ഫോട്ടോ പ്രദര്‍ശനവും ചിത്രങ്ങളുടെ കഥപറയുന്ന പുസ്തകവുമടക്കം പണിപ്പുരയിലുണ്ട്. കാടിനേയും പ്രകൃതിയേയും അടുത്തറിയുന്ന ഫോട്ടോഗ്രഹിയോളം സന്തോഷം നല്‍കുന്ന മറ്റൊന്നുമില്ലെന്നാണ് രശ്‌മി വര്‍മ്മയുടെ പക്ഷം.