രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങളും ക്യാൻസറും പിടിപ്പെടാമെന്ന് പഠനം. രാത്രി ജീവനക്കാരായ സ്ത്രീകളില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം ഉണ്ടാകാം.

ഇന്നത്തെ പുതുതലമുറയിൽ കൂടുതൽ പേരും രാത്രിയുള്ള ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണ്. രാത്രിയിൽ ജോലി ചെയ്താലുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ച് ആരും ചിന്തിക്കാറില്ല. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങളും ക്യാൻസറും പിടിപ്പെടാമെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

 രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് അമിതവണ്ണം, പക്ഷാഘാതം, പ്രമേഹം പോലുള്ള അസുഖങ്ങളും പിടിപ്പെടാമെന്ന് ​ഗവേഷകർ പറയുന്നു. വിട്ടുമാറാത്ത വൃക്കരോ​ഗവും പിടിപ്പെടാമെന്നും പഠനത്തിൽ പറയുന്നു. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്ന 14 ആരോഗ്യ സന്നദ്ധ സേവകരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പഠനം നടത്തുകയായിരുന്നു. കരൾ സംബന്ധമായ അസുഖങ്ങൾ രാത്രി ജോലി ചെയ്യുന്നവരിൽ പെട്ടെന്ന് പിടിപ്പെടാൻ സാധ്യതയുണ്ടെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

രാത്രി ജോലി ചെയ്യുന്നവർ കിട്ടുന്ന ഇടവേളകളിൽ ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍, സ്‌നാക്‌സ് എന്നിവ കഴിക്കുന്നത് പതിവാണ്. എന്നാൽ ഇത് ശരീരത്തിൽ വലിയൊരു തോതിൽ കൊഴുപ്പ് കൂടുമെന്നും പഠനത്തിൽ പറയുന്നു. രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും ചായ, കാപ്പി, ശീതളപാനീയങ്ങള്‍, സ്‌നാക്‌സ് എന്നിവ കഴിക്കുന്നതും ഒഴിവാക്കണം. 

രാത്രി ജോലി ചെയ്യുന്നവരിൽ ഉറക്കക്കുറവ് നല്ല പോലെ ബാധിക്കുമല്ലോ. ഉറക്കമില്ലായ്മയിലൂടെ മറ്റ് അസുഖങ്ങൾ പിടിപ്പെടുമെന്ന് ​പഠനത്തിൽ പറയുന്നു. രാത്രി ജീവനക്കാരായ സ്ത്രീകളില്‍ ക്രമം തെറ്റിയുള്ള ആര്‍ത്തവം ഉണ്ടാകാം. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുകയും രാത്രി നല്ല വെളിച്ചത്തിന് കീഴില്‍ ചെലവഴിക്കേണ്ടി വരുകയും ചെയ്യുന്നത് മെലാട്ടോണിന്‍ ഉല്‍പാദനം കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.