ജീവിതത്തില്‍ ഏറ്റവും മനോഹരമാകേണ്ട ബാല്യവും കൗമാരവും. കുടുംബം സ്‌നേഹത്തിന്റെയും കരുതലിന്റെയും കുടപിടിക്കേണ്ട കാലം.
പക്ഷെ ലോകത്തിലെ ഒരു വലിയ വിഭാഗം കുഞ്ഞുങ്ങള്‍ക്കും ഈ കരുതലും സ്‌നേഹവുമെല്ലാം എങ്ങനെയൊക്കെയോ നഷ്ടപ്പെടുന്നു. പട്ടിണി, കുടുംബത്തിലെ അശാന്തി, തെറ്റായ കൂട്ടുകെട്ട് ഇത്തരം സാഹചര്യങ്ങള്‍ ഇവരെ പലപ്പോഴും എത്തിക്കുന്നത് ലഹരിയുടെ കൈകളിലാണ്. പിന്നീട് ഇത്തരക്കാരുടെ ജീവീതം ദുരിതപൂര്‍ണമായി മാറുന്നു. ലിസണ്‍ ഫസ്റ്റ് എന്ന ക്യാമ്പെയിനിലൂടെ കുട്ടികളെ ശ്രദ്ധിക്കാനുള്ള ആഹ്വാനം കുടുംബങ്ങള്‍ക്ക് നല്‍കുകയാണ് ഐക്യരാഷ്ട്രസഭ.
എത്ര തിരക്കുണ്ടെങ്കിലും കുട്ടികളെ ശ്രദ്ധിക്കാനും അവരോട് സംസാരിക്കാനും മാതാപിതാക്കളെ ഐക്യരാഷ്ട്രസഭ 'ലിസണ്‍ ഫസ്റ്റിലൂടെ' ഓര്‍മ്മപ്പെടുത്തുന്നു. ആരോഗ്യം, മനുഷ്യാവകാശം, വികസനം എന്നിവയിലൂന്നി എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീമൂണ്‍ അംഗരാജ്യങ്ങള്‍ക്ക് ആഹ്വാനം നല്‍കി.
ലഹരിയുടെ ദൂഷ്യഫലങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന വിവിധ പരിപാടികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ന് നടക്കും. നമ്മുടെ കുട്ടികളെ ലഹരിയുടെ കൈകളില്‍ നിന്ന് രക്ഷിക്കാന്‍ നമുക്കും അവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാം, അവരോട് സംസാരിക്കാം, സ്‌നേഹത്തിന്റെ സംരക്ഷണകുടപിടിക്കാം.
