ആയുസ്സിന്‍റെ രഹസ്യം പറഞ്ഞ് മസാസോ നൊനാക്ക ടോക്കിയോവിലെ അഷോറോയില്‍ വിശ്രമജീവിതത്തിലാണ് ലോകത്തിന്‍റെ അപ്പൂപ്പന്‍

ടോക്കിയോ: ഇക്കഴിഞ്ഞ ഏപ്രിലിലാണ് മസാസോ നൊനാക്കയെ ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ലോകം അപ്പൂപ്പനായി അംഗീകരിച്ചത്. സ്‌പെയിനിലെ ഫ്രാന്‍സെസ്‌കോ നൂനസ് ഒലിവേറയുടെ മരണത്തോടെയാണ് 113കാരനായ മസാസോ ലോകത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

ടോക്കിയോവില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ഹൊക്കെയ്‌ഡോ എന്ന ദ്വീപില്‍ 1905ലായിരുന്നു മസാസോയുടെ ജനനം. ഹൊക്കെയ്‌ഡോയിലെ അഷോറോ എന്ന സ്ഥലത്ത് സത്രം നടത്തിവരികയായിരുന്നു മസാസോ. ഇപ്പോഴും കുടുംബത്തോടൊപ്പം മസാസോ കഴിയുന്നത് അഷോറോയിലാണ്. 

മാനസികമായ പിരിമുറുക്കമില്ലാതെ ജീവിക്കുന്നതാണ് മസാസോയുടെ ആയുസ്സിന്റെ ഒരു കാരണമെന്ന് മകള്‍ പറയുന്നു. എന്നാല്‍ ആയുസ്സിന്റെ രഹസ്യത്തെപ്പറ്റി മസാസോയോട് ചോദിച്ചാല്‍ മധുരമുള്ള ഒരു ചിരിയായിരിക്കും ആദ്യ മറുപടി. തുടര്‍ന്ന് ആ രഹസ്യം വെളിപ്പെടുത്തും- 'മധുരം തന്നെയാണ് എന്റെ ആയുസ്സിന്റെ രഹസ്യം'. മസാസോയുടെ ഇഷ്ടഭക്ഷണം തന്നെ മിഠായികളാണ്. മിഠായികളോടുള്ള പ്രണയം മൂലമാണ് താന്‍ മരിക്കാത്തതെന്ന് ലോകത്തിന്റെ അപ്പൂപ്പന്‍ ആണയിട്ട് പറയുന്നു. 

മിനറലുകള്‍ കൊണ്ട് സമ്പന്നമായ മധുരങ്ങളേ ആരോഗ്യത്തെ കുറിച്ച് അല്‍പം കരുതലൊക്കെയുള്ള മസാസോ കഴിക്കൂ. എന്തെങ്കിലും വേണ്ടെന്ന് തോന്നുമ്പോള്‍ അത് തുറന്ന് പറയാന്‍ അച്ഛന്‍ എപ്പോഴും ശ്രമിക്കാറുണ്ടെന്നും ഈ തുറന്ന സമീപനം തന്നെയാണ് അച്ഛന്റെ പ്രത്യേകതയെന്നും മകള്‍ പറയുന്നു. 

പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത മസാസോ ഇപ്പോള്‍ പത്രം വായിച്ചും, ടി.വി ഷോകള്‍ കണ്ടും, പട്ടിക്കുഞ്ഞുങ്ങളെ ലാളിച്ചുമെല്ലാമാണ് തന്റെ വിശ്രമജീവിതം ചെലവഴിക്കുന്നത്.