യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്‌ക്ക്- ലോകത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ അന്താരാഷ്‌ട്ര വിമാന സര്‍വ്വീസ് ഏതാണെന്ന് അറിയാമോ? ഇല്ലെങ്കില്‍ പറഞ്ഞുതരാം, സ്വിസ്റ്റര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍നിന്ന് ജര്‍മ്മനിയിലെ ഫ്രൈഡ്രിക്ഷാഫനിലേക്കാണ് ഈ സര്‍വ്വീസ്. നവംബര്‍ രണ്ടു മുതല്‍ ആരംഭിക്കുന്ന ഈ സര്‍വ്വീസ്, ലോകത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ അന്താരാഷ്‌ട്ര വിമാന സര്‍വ്വീസിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡിന് പരിഗണിക്കുന്നതായാണ് സൂചന. ഓസ്‌ട്രേലിയയില്‍നിന്നുള്ള എയര്‍ലൈന്‍ കമ്പനിയായ വിന്നാലിന്‍ ആണ് ഈ സര്‍വ്വീസ് നടത്താന്‍ തയ്യാറെടുക്കുന്നത്. 13 മൈല്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വിമാന സര്‍വ്വീസ് സെന്റ് ഗാലനില്‍നിന്ന് ഫ്രൈഡ്രിക്ഷാഫനില്‍ എത്താന്‍ എടുക്കുക, വെറും എട്ടു മിനിട്ടു സമയം മാത്രമായിരിക്കുമെന്നാണ് വിന്നാലിന്‍ എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നത്. 50 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന എംബ്രേയര്‍ 135 ജെറ്റ് വിമാനമാണ് ഈ സര്‍വ്വീസ് നടത്തുന്നതിനായി ഉപയോഗിക്കുക. പ്രതിദിനം രണ്ടു സര്‍വ്വീസുകളാണ് വിന്നാലിന്‍, സെന്റ് ഗാലനും ഫ്രൈഡ്രിക്ഷാഫനും ഇടയില്‍ നടത്തുക.