ഇത് ചുട്ടുപൊള്ളുന്ന വേനല്‍ക്കാലം. യാത്രയിലും മറ്റും ദാഹം ശമിപ്പിക്കാന്‍ മിക്കവരും ആശ്രയിക്കുന്നത് കുപ്പിവെള്ളത്തെയാണ്. എന്നാല്‍ കുപ്പിവെള്ളം സുരക്ഷിതമാണോ? അല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമാകുന്നത്. കുപ്പിവെള്ളം അമിതമായി കുടിക്കുന്നതുവഴി ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ജലജന്യരോഗ വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ തരം അണുബാധകള്‍ ദൃശ്യമായിട്ടുണ്ടെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. ശരിയായ രീതിയില്‍ വെള്ളം ശുദ്ധീകരിക്കാത്തതിനാല്‍, പലതരം ബക്‌ടീരിയകള്‍ അണുബാധയ്‌ക്ക് കാരണമാകുന്നുണ്ടെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഒരുകാരണവശാലും കുപ്പിവെള്ളം കുടിക്കരുതെന്നാണ് ഡോക്‌ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശം. യാത്ര ചെയ്യുമ്പോഴും മറ്റും, വീട്ടില്‍നിന്ന് തിളപ്പിച്ച് ആറിയ വെള്ളം പ്ലാസ്റ്റിക് അല്ലാത്ത കുപ്പികളിലോ ഫ്ലാസ്‌ക്കിലോ കരുതുന്നതാണ് ഉത്തമം. എപ്പോഴും പ്രായോഗികമല്ലെങ്കില്‍പ്പോലും സുരക്ഷിതമായ മാര്‍ഗം ഇതൊന്ന് മാത്രമാണെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.