ഒറിഗോണ്‍: കണ്ണുവേദനയുമായി എത്തിയ യുവതിയുടെ കണ്ണില്‍ നിന്ന് പുറത്തെടുത്തത് 14 വിരകളെ. അമേരിക്കയിലെ ഒറിഗോണ്‍ സ്വദേശിനി 26 കാരിയുടെ കണ്ണില്‍ നിന്നുമാണ് വിരകളെ പുറത്തെടുത്തത്. കണ്‍പോളയ്ക്ക് കീഴില്‍ നിന്നായിരുന്നു വിരകളില്‍ അധികവും നീക്കം ചെയ്തത്. ഇത് അപകടകാരിയല്ലെങ്കിലും ഇവ കണ്ണിലൂടെ നീങ്ങുക വഴി കോര്‍ണിയയില്‍ പരിക്കേറ്റാല്‍ കണ്ണിന്‍റെ കാഴ്ച നഷ്ടമാകാന്‍ സാധ്യതയുണ്ട്. ആറു ഡോക്ടര്‍മാര്‍ അടങ്ങിയ സംഘമാണ് യുവതിയുടെ കണ്ണില്‍ നിന്നും പതിനാലു വിരകളെ നീക്കം ചെയ്തത്.

കണ്ണില്‍ പുകച്ചിലും നീറ്റലുമാണ് ഈ വിരബാധ ഉണ്ടായാലുള്ള ആദ്യത്തെ ലക്ഷണം. കാലിവളര്‍ത്താല്‍ വ്യാപകമായ ഒറിഗോണ്‍ ഭാഗങ്ങളില്‍ നിന്നാകാം യുവതിയിലേക്ക് ഈ വിര കയറിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ യുവതി കുതിരസവാരി നടത്താറുണ്ടായിരുന്നു. പരിശോധനകളിലാണ് വിരയുടെ ഇനം തിരിച്ചറിഞ്ഞത്. ഇടതുകണ്ണില്‍ ഉണ്ടായ അസ്വസ്ഥതകളെ തുടര്‍ന്നാണ് യുവതി ആദ്യം ആശുപത്രിയില്‍ എത്തുന്നത്. അന്ന് ആദ്യത്തെ വിരയെ പുറത്തെടുത്തു. 

നോര്‍ത്ത് അമേരിക്കയിലും കാനഡയിലും പശുക്കളില്‍ കാണപ്പെടുന്ന വിരയായ തെലസിയാ ഗുലോസപാരാസൈറ്റ് ഇനത്തില്‍പെട്ട വിരയാണ് കണ്ണില്‍ നിന്നും കണ്ടെടുത്തത്. 

എന്നാല്‍ ഇരുപതു ദിവസത്തെ വ്യത്യാസത്തില്‍ 13 മില്ലിമീറ്റര്‍ നീളമുള്ള പതിനാലു വിരകളെയാണ് പിന്നീട് പുറത്തെടുത്തത്. ആദ്യമായാണ് മനുഷ്യനില്‍ ഈ വിരയെ കണ്ടെത്തുന്നതത്രേ. കാലികളില്‍ ഈച്ചകള്‍ വഴിയാണ് ഈ വിര എത്തുന്നത്. തെലസിയാ വിരകളുടെ ഇനത്തില്‍ ഉള്‍പ്പെടുന്ന വിരകളില്‍ രണ്ടു തരം വിരകള്‍ മാത്രമായിരുന്നു ഇതിനു മുന്‍പ് മനുഷ്യനില്‍ കാണപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ യുവതിയുടെ കേസ് ലോകത്ത് തന്നെ ആദ്യമാണ്.