Asianet News MalayalamAsianet News Malayalam

Hair Loss: തലമുടി കൊഴിച്ചിൽ തടയാം; പരീക്ഷിക്കാം ഈ എട്ട് ഹെയര്‍ മാസ്കുകൾ...

സ്ത്രീകളെയും പുരുഷന്മാരെയും ഇത് വളരെ ഭീകരമായി തന്നെ ബാധിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. 

8 hair masks to prevent hair loss
Author
First Published Aug 29, 2022, 8:14 AM IST

കരുത്തുറ്റതും നീളവുമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. സ്ത്രീകളെയും പുരുഷന്മാരെയും ഇത് വളരെ ഭീകരമായി തന്നെ ബാധിക്കുന്നു. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. 

ഹെയർ മാസ്കുകള്‍ തലമുടി സംരക്ഷണത്തിന് സഹായകമാണ്. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്...

ഒരു പാത്രത്തില്‍ ഒരു മുട്ടയും മൂന്ന് ടീസ്പൂണ്‍ ഒലീവ് ഓയിലും എടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം തലയോട്ടിയിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ തല കഴുകണം. മുടിയുടെ സംരക്ഷണത്തിന് ഉത്തമമായ മാർഗമാണിത്. തലമുടി കൊഴിച്ചില്‍ തടയാനും മുടിക്ക് തിളക്കവും കരുത്തും ലഭിക്കാനും ഇത് സഹായിക്കും.

രണ്ട്...

കറ്റാര്‍വാഴയുടെ ജെല്ലിലേയ്ക്ക് നെല്ലിക്ക ചേര്‍ത്ത് നല്ലതുപോലെ അരയ്ക്കുക. ശേഷം ഇതിലേയ്ക്ക് മുട്ട ചേര്‍ത്തിളക്കാം. ഇനി ഈ മിശ്രിതം തലമുടിയുടെ വേരുകള്‍ മുതല്‍ അറ്റം വരെ പുരട്ടാം. 45 മിനിറ്റിന് ശേഷം കഴുകാം. തലമുടി കൊഴിച്ചില്‍ മാറുമെന്നു മാത്രമല്ല, നല്ല ആരോഗ്യമുള്ള മുടി ലഭിക്കാനും ഈ പാക്ക് സാഹിയിക്കും.

മൂന്ന്...

രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ അത്രയും അളവിൽ തന്നെ ചെറുനാരങ്ങാ നീര് ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം ശിരോചർമ്മത്തിൽ പുരട്ടി, 20 മിനിറ്റിനുശേഷം ഷാംപൂ ഉപയോഗിച്ചു കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് താരനും തലമുടി കൊഴിച്ചിലും അകറ്റാന്‍ സഹായിക്കും. 

നാല്...

മുടികൊഴിച്ചിലിന്റെ ഒരു പ്രധാന കാരണക്കാരൻ ശിരോചർമത്തിലെ താരനാണ്. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ഇതിൽ അൽപം തൈരു ചേർത്ത് തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചില്‍ അകറ്റാനും ഈ ഹെയർപാക്ക് സഹായിക്കും. 

അഞ്ച്...

ആദ്യം ഉലുവ കുതിര്‍ക്കാന്‍ ഇടുക. ശേഷം ഇത് അരച്ചു പേസ്റ്റാക്കണം. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പതിവായി ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തിളക്കമുള്ള മുടി വളരാനും സഹായിക്കും. 

കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് തലമുടി വളരാൻ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും സഹായിക്കും. 

ആറ്...

തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക്ക് സഹായിക്കും. ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.  ഈ കോഫി മാസ്ക്ക്   ആഴ്ചയില്‍ മൂന്ന് ദിവസം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച് മുടി കവർചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

ഏഴ്...

മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഇതിനായി ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍  നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേൻ എന്നിവ മിക്സ് ചെയ്ത് മുടിയിലും തലയോട്ടിയിലും പുരട്ടുക. അര മണിക്കൂർ കഴിഞ്ഞ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

എട്ട്...

തൈരും പഴവും കേശസംരക്ഷണത്തിന് മികച്ചതാണ്. ആദ്യം പഴുത്ത പഴം രണ്ടെണ്ണം ചെറിയ കഷണങ്ങളായി അരിഞ്ഞതിലേക്ക്  ഒരു കപ്പ് തൈര് ചേര്‍ക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട് വിറ്റാമിന്‍ ഇ ഗുളികകള്‍ കൂടി ചേര്‍ത്ത് മിക്സിയിലടിക്കുക. ലഭിക്കുന്ന മിശ്രിതം തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ചു പിടിപ്പിക്കാം. 15 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കാം.

Also Read: വിറ്റാമിൻ ബി 12 അഭാവം; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്...

Follow Us:
Download App:
  • android
  • ios