പാരിസ്: പാരിസിലെ ഹോട്ടലില്‍ നിന്ന് ഒരു സിഗരറ്റ് വലിക്കാന്‍ പുറത്തിറങ്ങിയതായിരുന്നു 30 കാരനായ ജപ്പാന്‍ സ്വദേശി. എന്നാല്‍ ആ സിഗരറ്റ് വലിയില്‍ അയാള്‍ക്ക് നഷ്ടമായത് അഞ്ച് കോടി രൂപ വില വരുന്ന വാച്ചാണ്. ആര്‍ക് ഡെ ട്രയംഫിനടുത്തുള്ള നെപ്പോളിയന്‍ ഹോട്ടലിന് പുറത്തിറങ്ങിയ ഇയാളുടെ കയ്യില്‍ നിന്ന് മോഷ്ടാവ് വാച്ച് തട്ടിപ്പറിച്ചുകടന്നുകളയുകയായിരുന്നു.

അഞ്ച് കോടി രൂപ വിലവരുന്ന റിച്ചാര്‍ഡ് മില്ലെയുടെ വാച്ചാണ് മോഷണം പോയത്. പാരിസിലെത്തുന്ന സമ്പന്നരായ സഞ്ചാരികളുടെ കയ്യിലെ വിലപിടിപ്പുള്ള വാച്ചുകള്‍ മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കട്ടിയുള്ള കേസാണ് ഈ വാച്ചിനെ മറ്റുള്ളവരിലേക്ക് ആദ്യം ആഘര്‍ഷിക്കുന്നത്. 

ഈ വര്‍ഷം ഇതുവരെ 12 ഓളം വിലപിടിപ്പുള്ള വാച്ചുകള്‍ മോഷണം പോയതിന്‍റെ കണക്കുകള്‍ പാരിസിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല് റിച്ചാര്‍ഡി മില്ലെ വാച്ചുകള്‍ മോഷണം പോയ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. സമാനമായ 71 മോഷണക്കേസുകളാണ് പാരിസിലും സമീപ പ്രദേശങ്ങളിലുമായി ജനുവരിക്കും സെപ്റ്റംബറിനുമിടയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എന്നാല്‍ ജാപ്പനീസ് സ്വദേശിക്ക് ഭാഗ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണത്തിനിടെ മോഷ്ടാവിന്‍റെ ഫോണ്‍ സ്ഥലത്ത് വീണുപോയിരുന്നു. ഇതുപയോഗിച്ച് ഇയാളെ കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.