സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തിലും  ഫിറ്റ്നസിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ബോളിവുഡ് താരങ്ങള്‍. പലപ്പോഴും താരങ്ങളുടെ ജീവിതശൈലി സാധാരണക്കാരെ സ്വാധീനിക്കാറുമുണ്ട്. അവരുടെ വസ്ത്രധാരണവും ഭക്ഷണരീതിയുമൊക്കെ എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം കാണും.

പലകാരണങ്ങൾ കൊണ്ട് പലരും ഇന്ന് പ്രഭാതഭക്ഷണം മുടക്കാറുണ്ട്. മുതിർന്നവരായാലും കുട്ടികളായാലും പ്രഭാതഭക്ഷണം മുടക്കുന്നത് അത്ര നല്ലതല്ല. പ്രഭാതഭക്ഷണം മുടക്കുന്നത് നിരവധി ജീവിതശൈലി രോ​ഗങ്ങൾക്ക് കാരണമാകും. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന്റെ അടിത്തറയെ തന്നെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധര്‍ എപ്പോഴും വിശദമാക്കാറുള്ള കാര്യമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്, ഹൃദയധമനികളുടെ കനം വര്‍ദ്ധിപ്പിക്കുമെന്നാണ് അടുത്തിടെ നടത്തിയ പുതിയ പഠനങ്ങള്‍ പറയുന്നത്. അത്രമാത്രം പ്രാധാന്യം പ്രഭാതഭക്ഷണത്തിനുണ്ട്.  അതുകൊണ്ട് തന്നെ ബോളിവുഡ് താരങ്ങള്‍ക്ക് പ്രഭാതഭക്ഷണം അത്രമേല്‍ പ്രിയപ്പെട്ടതാണ്. ചില ബോളിവുഡ് താരങ്ങളുടെ പ്രഭാതഭക്ഷണം എന്താണെന്ന് നോക്കാം. 

ആലിയ ഭട്ട്

ബോളിവുഡിന്‍റെ ക്യൂട്ട് ആന്‍റ്  ഹോട്ട് നായികയാണ് ആലിയ ഭട്ട്. ഭക്ഷണപ്രിയയാണ് ആലിയ. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് ആലിയ കഴിക്കുന്നത്. പപ്പായ, ചെറിപ്പഴം തുടങ്ങിയവയാണ് ആലിയയുടെ ഇഷ്ടപഴങ്ങള്‍. കോഫി കുടിച്ച് കൊണ്ടാണ് ആലിയയുടെ ഒരു ദിവസം തുടങ്ങുന്നത്. അതും പഞ്ചുസാര ഒഴിവാക്കിയത്. ശേഷം മുട്ട സാന്‍വിച്ചാണ് ആലിയ രാവിലെ കഴിക്കുന്നത്. 

ശില്‍പ ഷെട്ടി

നീണ്ട കാലത്തോളം ബോളിവുഡിലെ നായികയായി തിളങ്ങിയ താരമാണ് ശില്‍പ ഷെട്ടി. മോഡലിങ്ങിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് ടെലിവിഷന്‍ പരസ്യങ്ങളിലൂടെ സിനിമയിലെത്തിയ താരസുന്ദരി വളരെ പെട്ടെന്നാണ് ബോളിവുഡിന്‍റെ മനസ്സ് കീഴടക്കിയത്. പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യമാണ് ശില്‍പയെ പ്രിയങ്കരിയാക്കുന്നത്. ബോളിവുഡിലെ ഫിറ്റ്നസ് ക്വീനായി ശില്‍പ ഷെട്ടി തിരിച്ചെത്തുമ്പോള്‍ ആരാധകരുടെ എണ്ണം കൂടുക മാത്രമാണ് ചെയ്തത്. 

ശില്‍പയുടെ ഫിറ്റ്നസ് , യോഗാ വീഡിയോകള്‍ മാത്രമല്ല, കുക്കിങ് വീഡിയോകള്‍ക്കും ആരാധകരുണ്ട്. ഒരു പഴവർഗ്ഗ ജ്യൂസ് കുടിച്ചാണ് ശില്‍പയുടെ ഒരു ദിവസം തുടങ്ങുന്നത്. പിന്നീട് പഴുത്ത പഴം, ആപ്പിള്‍ എന്നിവ കഴിക്കും. ശേഷം ബദാം മില്‍ക്ക് , ഓട്സ് എന്നിവയാണ് ഭക്ഷണം. ഉച്ചയ്ക്ക് മുമ്പ് രണ്ട് മുട്ടയും കൂടി കഴിക്കുമെന്നും ശില്‍പ പറയുന്നു. 

ശ്രദ്ധ കപൂര്‍

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമാണ് ശ്രദ്ധ കപൂറിന് പ്രിയം. പഴങ്ങളും മുട്ടയും ഫ്രഷ് ജ്യൂസുമാണ് ശ്രദ്ധ കപൂറിന്‍റെ പ്രഭാത ഭക്ഷണം. 

കരീന കപൂര്‍ 

കടുത്ത 'വര്‍ക്കൗട്ടുകള്‍' ചെയ്ത് ശരീരം ശ്രദ്ധിക്കുന്ന താരമാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍. പഴം കഴിച്ചാണ് കരീനയുടെ ഒരു ദിവസം തുടങ്ങുന്നത് എന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് വീട്ടില്‍ ഉണ്ടാക്കുന്ന പറാത്തയാണ് കഴിക്കുന്നതത്രേ.

മലിക അറോറ 

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് മലിക അറോറ . ശരീരസൗന്ദര്യത്തിന് വേണ്ടി ജിമ്മില്‍ സ്ഥിരമായി പോവുകയും യോഗ ചെയ്യുകയും ചെയ്യുന്ന താരമാണിവര്‍. തേനും നാരങ്ങ വെള്ളവും കുടിച്ചാണ് മലികയുടെ ഒരു ദിവസം ആരംഭിക്കുന്നത്. രാവിലെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കാറുണ്ടത്രേ. ശേഷം പഴങ്ങളും ഇഡ്ലിയും മുട്ടയുടെ വെളളയും കഴിക്കും. പച്ചക്കറി ജ്യൂസും കുടിക്കുമെന്നും മലിക പറയുന്നു. 

ദീപിക പദുകോണ്‍

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ദീപികയെ തോല്‍പ്പിക്കാന്‍ ആരുമില്ല എന്നാണ് ബോളിവുഡിലെ സംസാരം. ദീപികയ്ക്ക് ഇഷ്ടം സൌത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളാണ്. ഉപ്പുമാവും ദോശയും ഇഡലിയുമൊക്കെയാണ് ദീപികയുടെ പ്രഭാത ഭക്ഷണം. മുട്ടയുടെ വെളളയും ദീപിക പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ട്.