വെളുത്തുമെലിഞ്ഞ് ഒതുങ്ങിയ ശരീരവും ചുരുണ്ട മുടിയും സുന്ദരമായ കണ്ണുകളുമൊക്കെയുള്ള കുഞ്ഞ് ബാര്‍ബികളെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. പെണ്‍കുട്ടികളുടെ കളിപ്പാട്ടമായാണ് ആദ്യമായി ബാര്‍ബി പുറത്തിറങ്ങിയതെങ്കിലും പിന്നീട് പ്രായ-ലിംഗ ഭേദമെന്യേ എല്ലാവരും ബാര്‍ബിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ബാര്‍ബി ഡോളിന്റെ കുത്തകയെ പൊളിക്കാന്‍ ഒരുങ്ങുകയാണ് ബാര്‍ബിയുടെ തന്നെ നിര്‍മ്മാതാക്കളായ 'മറ്റെല്‍'. ലിംഗനീതി ഉയര്‍ത്തിക്കാട്ടുന്നതിന്റെ ഭാഗമായി ആണ്‍കുട്ടികളുടെ രൂപത്തിലും പാവകള്‍ നിര്‍മ്മിക്കാനാണ് ഇവരുടെ തീരുമാനം. 

ഇതോടൊപ്പം തന്നെ, നിറത്തിലും ഘടനയിലും, ഉയരത്തിലുമെല്ലാം പാവകളില്‍ കാര്യമായ വ്യത്യാസം വരുത്താനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. കറുത്ത തൊലിയും, ലോക്ക് ചെയ്ത മുടിയുമെല്ലാമുള്ള പെണ്‍കുട്ടി, തടിച്ച പെണ്‍കുട്ടി, പാന്റ്‌സും ഷര്‍ട്ടും കണ്ണടയും ധരിച്ച ആണ്‍കുട്ടി- അങ്ങനെ പല തരത്തിലുള്ള പാവകള്‍ വിപണിയിലിറക്കാനാണ് 'മറ്റെല്‍' തീരുമാനിച്ചിരിക്കുന്നത്. 

'നമ്മുടെ സംസ്‌കാരം എന്താണോ അതിന്റെയൊരു പ്രതിഫലനമാണ് നമ്മുടെ കളിപ്പാട്ടങ്ങളും. എല്ലാതരം വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതിന്റെ പ്രാധാന്യം ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത് ഞങ്ങളും അതിനെ അംഗീകരിക്കേണ്ടതുണ്ട് എന്ന് തോന്നി.'- മറ്റെല്‍ ഫാഷന്‍ ഡോള്‍ ഡിസൈനിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം കള്‍മണ്‍ പറയുന്നു. 

വളരെയധികം ഗവേഷണങ്ങള്‍ നടത്തിയും പരീക്ഷണങ്ങള്‍ ചെയ്തുമെല്ലാമാണ് പുതിയ പാവകള്‍ തങ്ങള്‍ വിപണിയിലേക്കിറക്കാന്‍ തയ്യാറെടുക്കുന്നതെന്നും ഇവര്‍ പറയുന്നു. കുട്ടികള്‍ക്കിടയില്‍ സ്വതന്ത്രമായ കാഴ്ചപ്പാടുകളുണ്ടാകാനും അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും തങ്ങളുടെ തീരുമാനത്തിനാകും എന്നാണ് ഇവരുടെ വിശ്വാസം.