വിവിധ രാജ്യങ്ങിലായി പടര്‍ന്നുകൊണ്ടിരിക്കുന്ന 'കൊറോണ'യെന്ന മാരക വൈറസ് ആരോഗ്യപരമായ ജാഗ്രതകള്‍ മാത്രമല്ല ഉയര്‍ത്തുന്നത്. പലപ്പോഴും സാമൂഹികമായും വൈകാരികമായും ഈ ആശങ്കകള്‍ മനുഷ്യരുടെ ജീവിതത്തില്‍ വില്ലനായി മാറുകയാണ്. 

വൈറസിന്റെ ഉറവിടമായി കരുതപ്പെടുന്ന ചൈനയിലെ വുഹാന്‍ എന്ന നഗരം ഒട്ടാകെ സ്തംഭിച്ചത് നമ്മള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞു. ചൈനയില്‍ പലയിടങ്ങളിലേയും അവസ്ഥ സമാനം തന്നെയാണ്. മരണത്തിനോ വിവാഹത്തിനോ മറ്റ് കൂടിച്ചേരലുകള്‍ക്കോ ആളുകള്‍ ഒത്തുകൂടുന്നില്ല. 

ചൈനയില്‍ മാത്രമല്ല, പുറത്ത് പലയിടങ്ങളിലും ചൈനക്കാരായ ആളുകളെ സംശയത്തോടെ നോക്കുകയും അവരില്‍ നിന്ന് അകലം പാലിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ചൈനക്കാര്‍ക്കെതിരെ മാത്രമല്ല, ചൈനയില്‍ നിന്ന് വരുന്നവര്‍ക്കെതിരെയും ഇത്തരത്തിലുള്ള സമീപനം പുലര്‍ത്തുന്നവര്‍ ഏറെയാണ്. 

ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്നൊരു വിവാഹം. വധു, തന്റെ ബന്ധുക്കള്‍ക്കൊപ്പം ചൈനയില്‍ കുറച്ച് ദിവസങ്ങള്‍ ചിലവിട്ട ശേഷമായിരുന്നു തിരിച്ച് സിംഗപ്പൂരില്‍ വിവാഹത്തിനെത്തിയത്. ഇക്കാര്യമറിഞ്ഞതോടെ ബന്ധുക്കളില്‍ വലിയൊരു വിഭാഗവും വിവാഹത്തിന് പങ്കെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. 

കാങ് ടിങ് എന്ന യുവതിക്കും ജോസഫ് യൂ എന്ന യുവാവിനുമാണ് ഇത്തരമൊരു സങ്കടകരമായ അുഭവം നേരിടേണ്ടിവന്നത്. തങ്ങള്‍ രണ്ട് പേരും പൂര്‍ണ്ണ ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്നും, ഭയപ്പെടാനൊന്നുമില്ലെന്നും ഇവര്‍ പറഞ്ഞെങ്കിലും പലരും നേരിട്ട് വിളിച്ച്, വരാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. 

ഇരുവരുടേയും മാതാപിതാക്കള്‍ക്ക് ഈ സംഭവം വലിയ ആഘാതമാണത്രേ ഉണ്ടാക്കിയത്. ഏതായാലും ബന്ധുക്കള്‍ അങ്ങനെയൊരു നിലപാട് എടുത്തെങ്കിലും യൂ അത് പരിഹരിക്കാന്‍ മറ്റൊരു പോംവഴി കണ്ടെത്തുക തന്നെ ചെയ്തു. വിവാഹവും മറ്റ് അനുബന്ധ ചടങ്ങുകളുമെല്ലാം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ലൈവായി അങ്ങ് കാണിക്കുക. സംഭവം വിജയിക്കുകയും ചെയ്തു. 

ചൈനയില്‍ നിന്നാണ് വൈറസ് ഉത്ഭവം എന്നതിനാല്‍, ചൈന സന്ദര്‍ശിച്ചവര്‍ തീര്‍ച്ചയായും ആരോഗ്യപരിശോധനകള്‍ക്ക് വിധേയരാകേണ്ടതുണ്ട്. എന്നാല്‍ അതിന് ശേഷവും അവരെ മാറ്റിനിര്‍ത്തുന്നത് ഉചിതമല്ലെന്നും അതേസമയം ആളുകളുടെ ആശങ്കകള്‍ തങ്ങള്‍ മനസിലാക്കുന്നുവെന്നും യൂ പ്രതികരിച്ചു.