മരിക്കുമ്പോള്‍ 88 വയസ്സായിരുന്നു കാനഡയിലെ ഒന്‍റാരിയോ സ്വദേശിയായ റോബര്‍ട്ട് വ്യാട്ടിന്. തന്‍റെ ജീവിതകാലം മുഴുവന്‍ മക്കളപ്പോലെ പൂച്ചകളെ സ്നേഹിച്ച് റോബര്‍ട്ട് അവസാന കാലങ്ങളില്‍ ആഗ്രഹിച്ചതും പൂച്ചക്കൊപ്പം കഴിയണമെന്നാണ്. 10 വര്‍ഷം മുമ്പാണ് റോബര്‍ട്ടിന് മറവി രോഗമാണെന്ന് കണ്ടെത്തിയത്. അമിതമായി പ്രോട്ടീന്‍ തലച്ചോറില്‍ അടിയുന്നതുമൂലമുണ്ടാകുന്ന അവസ്ഥയാണ് മറവി രോഗം അഥവാ ഡിമെന്‍ഷ്യ.

കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തോടെ ഇദ്ദേഹം എന്നത്തേക്കുമായി ആശുപത്രിയില്‍ അഡ്മിറ്റായി. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസോര്‍ഡര്‍(സിഒപിഡ‍ി) എന്ന അസുഖവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഇദ്ദേഹത്തിനുണ്ട്. മുഴുവന്‍ സമയ നിരീക്ഷണവും ചികിത്സയും ആവശ്യമായതോടെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 

വര്‍ഷങ്ങളോളം പൂച്ചകള്‍ക്കൊപ്പം കഴിഞ്ഞതുകൊണ്ടാകാം ആശുപത്രിയില്‍ റോബര്‍ട്ട് പൂച്ചകളില്ലാതെ ശ്വാസംമുട്ടി. ഇതോടെ തന്‍റെ മകള്‍ ചെറില്‍ യാറ്റീസിനോട് അദ്ദേഹം തന്‍റെ അവസാന ആഗ്രഹം വെളിപ്പെടുത്തി. മരിക്കുന്നതുവരെ കൂടെ ഒരു പൂച്ച വേണം. പിതാവിന്‍റെ അവസാന ആഗ്രഹം സാധിക്കാന്‍ വഴിതേടിയ ചെറില്‍ റോബാട്ട് പൂച്ചയെ നല്‍കാമെന്ന് തീരുമാനത്തിലെത്തി. അങ്ങനെ ഒരു യന്ത്രപ്പൂച്ചയെ വാങ്ങി റോബര്‍ട്ടിന് നല്‍കി. അത് യാഥാര്‍ത്ഥ പൂച്ചതന്നെയെന്ന് അദ്ദേഹത്തെ പറഞ്ഞ് വിശ്വസിപ്പിച്ചു. ആ പൂച്ച ജീവനുള്ള പൂച്ചയെപ്പോലെത്തന്നെയാണ് പെരുമാറിയത്. 

പൂച്ചയെ കിട്ടിയപ്പോള്‍ പിതാവിന്‍റെ സന്തോഷം വളരെ വലുതായിരുന്നുവെന്ന് ചെറില്‍ പറഞ്ഞു. പിതാവിന്‍റെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കാനായതിന്‍റെ സന്തോഷത്തിലാണ് അവരിപ്പോള്‍. മറവിരോഗം ബാധിച്ച, പൂച്ചയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മ്മിച്ചതാണ് ഈ റോബോട്ട് പൂച്ചകളെ. ബഡ്ലി എന്നാണ് റോബര്‍ട്ട് ഇതിന് പേരിട്ടത്.  കഴിഞ്ഞയാഴ്ച അവസാന ശ്വാസമെടുക്കുന്നതുവരെ ആ പൂച്ചയെ റോബര്‍ട്ട് കയ്യില്‍ ചേര്‍ത്ത് പിടിച്ചിരുന്നു.