പതിയെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലും വിള്ളല്‍ കാണാൻ തുടങ്ങി. 2016ലാണ് ഇവിടെ ഫ്ലാറ്റുകളില്‍ താമസം ആരംഭിക്കുന്നത്. ഇപ്പോള്‍ മിക്ക ഫ്ളാറ്റുകളിലും മേല്‍ക്കൂര അടര്‍ന്നുപോന്നിട്ട് ആളുകള്‍ക്ക് അകത്ത് കഴിയാൻ തന്നെ ഭയമായിരിക്കുന്ന അവസ്ഥയാണ്.

സ്വന്തമായി ഒരു വീട് എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ഇങ്ങനെയൊരു സ്വപ്നം മനസില്‍ കൊണ്ട് നടക്കാത്വര്‍ അത്രയും വിരളമാണെന്ന് പറയേണ്ടിവരും. എന്നാല്‍ അധികപേര്‍ക്കും വീട് എന്നത് വളരെ വില കൂടിയൊരു സ്വപ്നം തന്നെയാണ്. 

ലോണെടുത്തും, കഷ്ടപ്പെട്ട് സൂക്ഷിച്ചുവച്ചും, പാരമ്പര്യമായി കിട്ടിയ സ്വത്തിന്‍റെ ഭാഗം വിറ്റുമെല്ലാമാണ് പലരും സ്വന്തമായൊരു വീടൊരുക്കുന്നത്. എന്ന് വച്ചാല്‍ പലരും തങ്ങളുടെ കയ്യിലെ സമ്പാദ്യമെല്ലാം എടുത്താണ് വീട് വയ്ക്കുകയോ, വാങ്ങിക്കുകയോ എല്ലാം ചെയ്യുന്നത്.

ഇങ്ങനെ സ്വന്തമാക്കുന്ന വീട് അവരവരുടെ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയൊന്ന് ആലോചിച്ചുനോക്കൂ. വെസ്റ്റ് ചെന്നൈയില്‍ ഒരു ലക്ഷൂറി ഫ്ലാറ്റ് സമുച്ചയത്തില്‍ കഴിയുന്ന മുന്നൂറോളം കുടുംബങ്ങളുടെ അവസ്ഥ ഇന്ന് ഇതാണ്. 

വലിയ വില കൊടുത്താണ് ഇവിടെ പലരും ഫ്ളാറ്റ് സ്വന്തമാക്കിയത്. ജീവിതകാലം മുഴുവൻ സമ്പാദിച്ച തുകയും പലരും ഇതില്‍ നിക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ താമസമാക്കി ഒരു വര്‍ഷമായപ്പോള്‍ മുതല്‍ ഫ്ളാറ്റുകളില്‍ പ്രശ്നമാരംഭിച്ചതാണെന്നാണ് ഇവര്‍ പറയുന്നത്. ആദ്യമെല്ലാം ചുവരുകളിലും തൂണുകളിലും ചെറിയ വിള്ളല്‍ പോലെ കണ്ടു. 

പിന്നീട് പതിയെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയിലും വിള്ളല്‍ കാണാൻ തുടങ്ങി. 2016ലാണ് ഇവിടെ ഫ്ലാറ്റുകളില്‍ താമസം ആരംഭിക്കുന്നത്. ഇപ്പോള്‍ മിക്ക ഫ്ളാറ്റുകളിലും മേല്‍ക്കൂര അടര്‍ന്നുപോന്നിട്ട് ആളുകള്‍ക്ക് അകത്ത് കഴിയാൻ തന്നെ ഭയമായിരിക്കുന്ന അവസ്ഥയാണ്.

ബില്‍ഡേഴ്സുമായി നേരത്തെ മുതല്‍ തന്നെ ഫ്ളാറ്റ് നിവാസികള്‍ ബന്ധപ്പെട്ടിരുന്നു. അപ്പോഴെല്ലാം അവര്‍ ആ ഏരിയയിലെ വെള്ളത്തില്‍ ക്ലോറൈഡിന്‍റെ അളവ് കൂടുതലായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന വാദമാണ് ഉന്നയിച്ചത്. ഇടയ്ക്ക് ഫ്ളാറ്റുകളിലെ അറ്റകുറ്റപ്പണികള്‍ ഇവര്‍ നടത്തുകയും ചെയ്തു.

എന്നാല്‍ അതെല്ലാം തങ്ങളെ കബളിപ്പിക്കാൻ ചെയ്ത പണികളാണെന്നും ഇപ്പോള്‍ വീണ്ടും സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് പലരും അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇവിടെ താമസിക്കുന്നവര്‍ പറയുന്നു. ബില്‍ഡേഴ്സുമായുള്ള നിയമപോരാട്ടത്തിലാണ് ഇപ്പോള്‍ ഫ്ളാറ്റിലെ താമസക്കാര്‍. 

ചെന്നൈ കോര്‍പറേഷൻ അധികൃതര്‍ ഫ്ളാറ്റിന്‍റെ സുരക്ഷ സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. അതേസമയം സംഭവം വാര്‍ത്തകളില്‍ ഇടം നേടിയതോടെ ഫ്ളാറ്റിലെ താമസക്കാരുമായി തങ്ങള്‍ ഒരു ധാരണയിലെത്തും എന്നാണ് ബില്‍ഡേഴ്സ് നിലവില്‍ അറിയിക്കുന്നത്. ഫ്ളാറ്റ് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്തുമെന്നാണ് ഇവര്‍ പറയുന്നത്. പുതുക്കിപ്പണിയുണ്ടായാലും അത് കഴിഞ്ഞ് ബന്ധപ്പെട്ട ഉദോയ്ഗസ്ഥര്‍ ഫ്ളാറ്റ് താമസയോഗ്യമാണെന്ന് സ്ഥിരീകരിച്ചാല്‍ മാത്രമേ തങ്ങള്‍ ഇവിടെ തുടരുകയുള്ളൂ എന്നാണ് താമസക്കാരുടെ പ്രതിനിധികള്‍ അറിയിക്കുന്നത്. 

Also Read:- ഫോട്ടോസും വീഡിയോസും പോകുമെന്ന പേടി വേണ്ട; ഫോണ്‍ ശരിയാക്കുന്നത് ചേച്ചിമാരാണേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo