പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചും കൃത്യമായ ധാരണകളുള്ളവരാണ് ഇന്നത്തെ യുവാക്കള്‍. വിദേശ പഠനവും ജോലിയും മെച്ചപ്പെട്ട ശമ്പളവും സ്വപ്നം കാണുന്നവര്‍ മുമ്പത്തേതിലും കൂടുതലായി മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണതയും ഇന്ന് കൂടുതലാണ്. വിദ്യാഭ്യാസത്തിലെ മേന്‍മയ്ക്ക് പുറമെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും കൂടി കണക്കിലെടുത്താണ് വിദ്യാഭ്യാസത്തിനായി ഏത് രാജ്യത്തേക്ക് പോകണമെന്ന കാര്യത്തില്‍ യുവത്വം തീരുമാനമെടുക്കുന്നത്. ട്യൂഷന്‍ ഫീസ്, തൊഴില്‍ വിസ ലഭിക്കുന്നതിലുള്ള സാധ്യതകള്‍, ജിവിതച്ചെലവ് എന്നിവ പരിഗണിക്കുമ്പോള്‍ യുവാക്കള്‍ക്ക് പ്രിയപ്പെട്ട രാജ്യങ്ങള്‍ ഇവയാണ്...

കാനഡ

വിദ്യാര്‍ത്ഥികളുടെ പ്രിയ ഇടങ്ങളിലൊന്നാണ് കാനഡ. കുറഞ്ഞ ട്യൂഷന്‍ ഫീസ്, പഠനശേഷമുള്ള തൊഴില്‍ പെര്‍മിറ്റ്, പെര്‍മനന്‍റ് റെസിഡന്‍ഷിപ്പ്(പി ആര്‍) ലഭിക്കാനുള്ള സൗകര്യം എന്നിവ കാനഡ നല്‍കുന്നുണ്ട്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നുവര്‍ഷം വരെ പഠനാനന്തര വര്‍ക്ക് പെര്‍മിറ്റും കാനഡയില്‍ ലഭിക്കും.

ഓസ്ട്രേലിയ

യുകെയും അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പഠന ചെലവാണ് ഓസ്ട്രേലിയയുടെ സവിശേഷത. പഠനത്തിന് ശേഷം മൂന്നുവര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റും ഓസ്ട്രേലിയ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നു.

യുകെ

ലോകത്തെ മികച്ച സര്‍വ്വകലാശാലകളുടെ ക്യൂഎസ് യൂണിവേഴ്സിറ്റി പട്ടികയില്‍ ഇടം നേടിയത് യുകെയില്‍ നിന്നുള്ള നാല് യൂണിവേഴ്സിറ്റികളാണ്. ഏറ്റവും തൊഴില്‍ക്ഷമതയുള്ള വിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങുന്നതും യുകെയിലെ യൂണിവേഴ്സിറ്റികളില്‍ നിന്നാണെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. പഠനത്തിന് ശേഷം രണ്ടുവര്‍ഷത്തേക്കുള്ള വര്‍ക്ക് പെര്‍മിറ്റാണ് ഇവിടെ ലഭിക്കുന്നത്. 

ജര്‍മ്മനി

കുറഞ്ഞ ട്യൂഷന്‍ ഫീസാണ് ജര്‍മ്മനിയെ വിദ്യാര്‍ത്ഥികളുടെ ഇഷ്ടരാജ്യമാക്കി മാറ്റുന്നത്. ഓട്ടോമോട്ടീവ്, ഹെവി മെഷിനറി സെകടറില്‍ പഠനാവസരങ്ങള്‍ തേടുന്നവര്‍ക്ക് മികച്ച സാധ്യതകളാണ് ജര്‍മ്മനി നല്‍കുന്നത്. 18 മാസത്തെ വര്‍ക്ക് പെര്‍മിറ്റാണ് പഠനശേഷം ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. ജര്‍മ്മന്‍ ഭാഷ പഠിക്കണമെന്നത് വെല്ലുവിളിയാണ്.