ഇരുവരുടെയും ബാഗ് പരിശോധിച്ചതിനുശേഷമായിരുന്നു സുരക്ഷാ ജീവനക്കാരുടെ നടപടി. 

ഐല്‍ ഓഫ് മാനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രപുറപ്പെട്ടതായിരുന്നു നിക്കും വൈറി കൂളും. നിക്കിന്‍റെ 40ാം പിറന്നാള്‍ അമേരിക്കയില്‍ ആഘോഷിക്കുകയായിരുന്നു ഇരുവരുടെയും യാത്രയുടെ ഉദ്ദേശം. എന്നാല്‍ വിമാനത്താവളത്തിലെത്തിയ നിക്കിനെയും വൈറിയെയും സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. 

ഇരുവരുടെയും ബാഗ് പരിശോധിച്ചതിനുശേഷമായിരുന്നു സുരക്ഷാ ജീവനക്കാരുടെ നടപടി. യാത്രക്കായ് കരുതിയ ബാഗില്‍ എന്തോ കണ്ടെത്തിയതാണ് കാരണമെന്ന് നിക്കിനും വൈറിനും മനസിലായി. എന്നാല്‍ വിമാനത്താവളത്തിലെ നടപടികളെക്കുറിച്ചോ നിയമപ്രശ്നങ്ങള്‍ നേരിടുന്നതിനെക്കുറിച്ചോ അറിയാത്ത അവര്‍ ഏറെ ഭയപ്പെട്ടു. 

തങ്ങള്‍ എന്ത് കുരുക്കിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് അവര്‍ക്ക് ഒരെത്തുംപിടിയും കിട്ടുന്നുണ്ടായിരുന്നില്ല. നിങ്ങളുടെ ബാഗില്‍ അസ്വാഭാവികമായ ചിലത് കണ്ടുവെന്നാണ് ഉദ്യോഗസഥര്‍ ഇരുവരോടും പറഞ്ഞത്. എന്നാല്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് നിക്കും വൈറിനും ഉദ്യോഗസ്ഥരുമടക്കം എല്ലാവരും ഞ‌െട്ടിയത്. 

ബാഗിലുണ്ടായിരുന്നത് നിക്കിന്‍റെയും വൈറിയുടെയും വളര്‍ത്തുപൂച്ചയായിരന്നു. മൂന്ന് പൂച്ചകളാണ് ഇരുവര്‍ക്കുമുള്ളത്. ഇതില്‍ ഒരു പൂച്ചയ്ക്ക് കുസൃതി അല്‍പ്പം കൂടുതലാണ്. എപ്പോഴും ബോക്സിലോ ബാഗിലോ കയറി ഒളിച്ചിരിക്കുന്ന സ്വഭാവുള്ള ഈ പൂച്ച നിക്കും വൈറിനും ബാഗ് തയ്യാറാക്കിയപ്പോള്‍ അതിനുള്ളില്‍ കയറിയിരുന്നു. ഇതറിയാതെ ഇരുവരും ബാഗ് പാക്ക് ചെയ്തു. 

സംഭവം വ്യക്തമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവര്‍ക്കുമെതിരെ നടപടികള്‍ സ്വീകരിച്ചില്ല, പകരം പൂച്ചക്കുട്ടിയെ നിക്കിന്‍റെ പിതാവെത്തി വീട്ടിലേക്ക് കൊണ്ടുപോകുകയും നിക്കും വൈറിനും ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.