Asianet News MalayalamAsianet News Malayalam

'അത്ഭുതശക്തിയുള്ള പട്ടി'; മരണത്തെ അത് ആട്ടിയോടിച്ചത് എങ്ങനെ?

തികച്ചും ആകസ്മികമായാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലെ ഒരാള്‍ ഇലക്ട്രോണിക് സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കാപ്പിനിറത്തിലൊരു അനക്കം കണ്ടത്. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ക്ഷീണിച്ചവശനായ പട്ടിക്കുട്ടിയെ കണ്ടത്

dog survived for one month under rubble
Author
Bahamas, First Published Oct 8, 2019, 7:01 PM IST

ഒരു മാസം മുമ്പാണ് ബഹാമസില്‍ വ്യാപകമായി നാശം വിതച്ച് ഡോറിയാന്‍ ചുഴലിക്കൊടുങ്കാറ്റെത്തിയത്. 50 പേരുടെ ജീവനാണ് ഈ കൊലയാളിക്കാറ്റ് അന്ന് കവര്‍ന്നെടുത്തത്. ആയിരക്കണക്കിന് വീടുകളും റോഡുകളും കെട്ടിടങ്ങളും അത് തകര്‍ത്തെറിഞ്ഞു. അന്ന് താളം തെറ്റിപ്പോയ ജനജീവിതം ഇനിയും ട്രാക്കിലായിട്ടില്ല. 

ഇതിനിടെ അതിശയിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ബഹാമസില്‍ നിന്ന് വരുന്നത്. ആള്‍പ്പാര്‍പ്പില്ലാത്ത ഒരിടത്ത്, പഴയ ഇലക്ട്രോണിക് സാധനങ്ങളുടെ കച്ചവടം നടത്തുന്ന കെട്ടിടത്തിന് സമീപത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ ജീവനുള്ള ഒരു പട്ടിക്കുട്ടിയെ കണ്ടെത്തിയിരിക്കുന്നു. 

ദുരന്തത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ട വളര്‍ത്തുപട്ടികളെ തിരക്കിനല്‍കണമെന്നഭ്യര്‍ത്ഥിച്ചാണ് ചിലര്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തകരെ എത്തിച്ചത്. അവര്‍ സംഘങ്ങളായിത്തിരിഞ്ഞ് ഓരോ സ്ഥലവും അരിച്ചുപെറുക്കുകയായിരുന്നു. എന്തായാലും ജീവനുള്ള മൃഗങ്ങളെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മറ്റും ലഭിക്കില്ലെന്ന് അവര്‍ക്ക് നിശ്ചയമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അവിടെയൊന്നും പട്ടികളെ തിരയാന്‍ അവര്‍ മെനക്കെട്ടില്ല. 

dog survived for one month under rubble

എന്നാല്‍ തികച്ചും ആകസ്മികമായാണ് രക്ഷാപ്രവര്‍ത്തകരുടെ സംഘത്തിലെ ഒരാള്‍ ഇലക്ട്രോണിക് സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കാപ്പിനിറത്തിലൊരു അനക്കം കണ്ടത്. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ക്ഷീണിച്ചവശനായ പട്ടിക്കുട്ടിയെ കണ്ടത്. 

കൊടുങ്കാറ്റുണ്ടായ സമയത്തെപ്പോഴോ അതിനകത്ത് പെട്ടതാകാം. അങ്ങനെയാണെങ്കില്‍ ഒരുമാസം ഭക്ഷണവും കൃത്യമായി വെള്ളവും ലഭിക്കാതെ അത് അവിടെത്തന്നെ കിടന്നിരിക്കണം. ഇടവിട്ട് പെയ്ത മഴയില്‍ ഒഴുകിവരുന്ന വെള്ളം മാത്രം കുടിച്ചായിരിക്കണം അത് ജീവന്‍ നിലനിര്‍ത്തിയത്.

എന്തായാലും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ മാംസമെല്ലാം ഉണങ്ങി, എല്ലും തോലുമായ പരുവത്തിലാിരുന്നു ഒരു വയസ് മാത്രം പ്രായമുള്ള പട്ടിക്കുട്ടി. രക്ഷപ്പെടുത്തും മുമ്പ് അവര്‍ ആദ്യം അതിന് ഭക്ഷണം നല്‍കി. അവശത മറന്ന് ആര്‍ത്തിയോടെ അത് ഭക്ഷണം കഴിച്ചു. തുടര്‍ന്ന് കുരുങ്ങിയിടത്ത് നിന്ന് അതിനെ ഊരിയെടുത്ത് അവര്‍ ആശുപത്രിയിലാക്കി. അമ്പരപ്പിക്കുന്ന സംഭവമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പോലും ഇതിനെ വിശേഷിപ്പിക്കുന്നത്. 

dog survived for one month under rubble

'പേടിപ്പെടുത്തുന്ന സാഹചര്യത്തില്‍, ഒറ്റയ്ക്ക്, ഭക്ഷണമില്ലാതെ ആവശ്യത്തിന് വെള്ളമില്ലാതെ ഇത്രയും ദിവസം അത് കുടുങ്ങിക്കിടന്നു. എന്നിട്ടും മരണത്തെ അത് തോല്‍പിച്ചു. എന്തോ അത്ഭുതശക്തിയുള്ള പട്ടിയാണ് ഇതെന്നാണ് തോന്നുന്നത്. മറ്റൊന്നും കൊണ്ടല്ല, അസംഭവ്യമായ ഒന്നാണിത്. എവിടെയും ഇങ്ങനെയൊരു കഥ കേട്ടിട്ട് പോലുമില്ല...'- രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ലാറീ സിമ്മണ്‍സ് പറയുന്നു. 

അത്ര അകലെയല്ലാതെ മറ്റൊരു പട്ടി ചത്ത് കിടക്കുന്നത് തങ്ങള്‍ കണ്ടുവെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അതിജീവനത്തിന്റെ അടയാളമായാണ് ഇപ്പോള്‍ ജീവനോടെ ലഭിച്ച പട്ടിക്കുട്ടിയെ ബഹാമസുകാര്‍ കണക്കാക്കുന്നത്. നഷ്ടപ്പെട്ടതെല്ലാം കഴിയുന്നത് പോലെ തിരിച്ചെടുക്കാന്‍ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കാന്‍ ഈ സംഭവത്തിന് കഴിയുമെന്ന് രക്ഷാപ്രവര്‍ത്തകരും പറയുന്നു.

Follow Us:
Download App:
  • android
  • ios