'എഡിബിൾ ബ്യൂട്ടി' അഥവാ കഴിക്കാവുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ ജെൻ സി തലമുറയുടെ ഇടയിൽ തരംഗമാകുന്നു. വെറും ക്രീമുകളോ സെറങ്ങളോ മുഖത്ത് പുരട്ടുന്നതിന് പകരം, ചർമ്മത്തിന്റെ തിളക്കം ഉള്ളിൽ നിന്ന് വർദ്ധിപ്പിക്കാനാണ് ഇന്നത്തെ യുവാക്കൾ മുൻഗണന നൽകുന്നത്. 

സൗന്ദര്യ സംരക്ഷണം എന്നാൽ മുഖത്ത് വിലകൂടിയ ക്രീമുകൾ പുരട്ടുന്നതാണെന്ന പഴയ ധാരണകൾ ജെൻ സി തിരുത്തിക്കുറിക്കുകയാണ്. പുറത്ത് പുരട്ടുന്നതിനേക്കാൾ പ്രാധാന്യം ഉള്ളിലേക്ക് കഴിക്കുന്നതിനാണ് എന്ന ബോധ്യം അവരെ ഹെൽത്ത് സപ്ലിമെന്റുകളിലേക്കും ന്യൂട്രി-കോസ്മെറ്റിക്സിലേക്കും നയിക്കുന്നു.

എന്താണ് ഈ 'എഡിബിൾ ബ്യൂട്ടി'?

ചർമ്മത്തിന്റെ ആരോഗ്യം, മുടിയുടെ തിളക്കം, നഖങ്ങളുടെ കരുത്ത് എന്നിവ വർദ്ധിപ്പിക്കുന്നതിനായി കഴിക്കുന്ന വിറ്റാമിനുകൾ, കൊളാജൻ ഡ്രിങ്കുകൾ, ഗമ്മികൾ , മറ്റ് പ്രകൃതിദത്ത സപ്ലിമെന്റുകൾ എന്നിവയെയാണ് 'എഡിബിൾ ബ്യൂട്ടി' എന്ന് വിളിക്കുന്നത്.

ജെൻസികളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ:

  • ഹോളിസ്റ്റിക് അപ്രോച്ച് : ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യവത്തായ ചർമ്മം ഉണ്ടാവുകയുള്ളൂ എന്ന് ഇവർ വിശ്വസിക്കുന്നു. കേവലം പുറംമോടിയേക്കാൾ മൊത്തത്തിലുള്ള ആരോഗ്യത്തിനാണ് ഇവർ മുൻഗണന നൽകുന്നത്.
  • കൊളാജൻ & ഗ്ലൂട്ടാത്തയോൺ തരംഗം: ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ഇലാസ്തികത നിലനിർത്താനും സഹായിക്കുന്ന കൊളാജൻ പെപ്റ്റൈഡുകൾ, നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഗ്ലൂട്ടാത്തയോൺ സപ്ലിമെന്റുകൾ എന്നിവയ്ക്ക് ഇന്ന് വലിയ ഡിമാൻഡുണ്ട്.
  • ഷുഗർ കട്ട് ഡയറ്റ്: മധുരം ഒഴിവാക്കുന്നത് ചർമ്മത്തിന് നല്ലതാണെന്ന തിരിച്ചറിവ് ജെൻസികൾക്കിടയിൽ 'ഷുഗർ ഫ്രീ' ചലഞ്ചുകൾ പ്രിയപ്പെട്ടതാക്കി. ഇത് ചർമ്മത്തിലെ കൊളാജൻ നശിക്കുന്നത് തടയാൻ സഹായിക്കുന്നു.
  • ഗുളികകളേക്കാൾ മിഠായി രൂപത്തിലുള്ള 'ഗമ്മികൾ' കഴിക്കാൻ എളുപ്പവും രുചികരവുമാണ് എന്നത് യുവാക്കളെ ഇതിലേക്ക് കൂടുതൽ ആകർഷിക്കുന്നു.

പ്രധാനമായും ശ്രദ്ധിക്കുന്ന സപ്ലിമെന്റുകൾ:

  • കൊളാജൻ- ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുന്നു, പ്രായമാകൽ തടയുന്നു.
  • ബയോട്ടിൻ- മുടിയുടെയും നഖങ്ങളുടെയും വളർച്ചയ്ക്ക് സഹായിക്കുന്നു.
  • വിറ്റാമിൻ സി- ചർമ്മത്തിന് തിളക്കം നൽകാനും ആന്റിഓക്‌സിഡന്റായും പ്രവർത്തിക്കുന്നു.
  • പ്രോബയോട്ടിക്സ്- ദഹനം മെച്ചപ്പെടുത്തി മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു.

സപ്ലിമെന്റുകൾക്ക് പുറമെ ആന്റിഓക്‌സിഡന്റുകൾ ധാരാളമടങ്ങിയ ബെറികൾ, വിറ്റാമിൻ ഇ അടങ്ങിയ അവോക്കാഡോ, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ തുടങ്ങിയ ഭക്ഷണങ്ങളും ജെൻ സികളുടെ ഡയറ്റിൽ പ്രധാനമാണ്.

ശ്രദ്ധിക്കുക: ഏത് സപ്ലിമെന്റ് തുടങ്ങുന്നതിന് മുൻപും ഒരു വിദഗ്ദ്ധ ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.