കൗമാരം കടന്ന്, യൗവനത്തിലേക്ക് പ്രവേശിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ കുറിച്ച് നമ്മുടെ നാട്ടില്‍ ചില സങ്കല്‍പങ്ങളുണ്ട്. വിദ്യാഭ്യാസം, ജോലി, വിവാഹം എന്നിങ്ങനെയുള്ള ഘടകങ്ങളിലെല്ലാം ഊന്നിയായിരിക്കും ഈ സങ്കല്‍പങ്ങളത്രയും. എന്നാല്‍ ഇത്തരം സങ്കല്‍പങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന ഒരു സംസ്‌കാരത്തെ പറ്റി പറയുകയാണ് ബ്രിട്ടീഷ് പൗരയായ പതിനെട്ടുകാരി. 

ജീവിതം സുരക്ഷിതമാക്കാന്‍ താന്‍ കണ്ടെത്തിയ വ്യത്യസ്തമായ മാര്‍ഗത്തെ കുറിച്ചാണ് വാലന്റീന എന്ന പെണ്‍കുട്ടി ബിബിസിയുടെ 'സീക്രട്ട്‌സ് ഓഫ് ഷുഗര്‍ ബേബി ഡേറ്റിംഗ്' എന്ന പരിപാടിയിലൂടെ വിശദീകരിക്കുന്നത്. യുകെയില്‍ പ്രചാരത്തിലുള്ള ഒരുതരം ഡേറ്റിംഗാണ് 'ഷുഗര്‍ ബേബി ഡേറ്റിംഗ്'. ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി അവരെക്കാള്‍ ഇരട്ടി പ്രായമുള്ളവര്‍ നടത്തുന്ന ഡേറ്റിംഗ് ആണ് സംഗതി. 

അതായത്, പതിനേഴ് വയസുള്ള ഒരു പെണ്‍കുട്ടിയുമായി നാല്‍പത് വയസുള്ളയാള്‍ ഡേറ്റിംഗ് നടത്തുന്നു. ഡേറ്റിംഗ് എന്നാല്‍ അയാള്‍ ആവശ്യപ്പെടും പ്രകാരം അയാള്‍ക്കൊപ്പം പുറത്തുപോകണം, ആഘോഷങ്ങളില്‍ പങ്കുചേരണം, എല്ലാത്തിനുമപ്പുറം കിടപ്പറയും പങ്കിടണം. മാസത്തില്‍ മൂന്നോ നാലോ ദിവസത്തേക്കാണിത്. വിവാഹം കഴിക്കാനോ പ്രണയബന്ധത്തിലേര്‍പ്പെടാനോ താല്‍പര്യമില്ലാത്ത പുരുഷന്മാരാണ് പ്രധാനമായും 'ഷുഗര്‍ ബേബി ഡേറ്റിംഗി'ന് മുതിരുന്നത്. ഇതിന് പെണ്‍കുട്ടിക്ക് കനപ്പെട്ട പ്രതിഫലം നല്‍കുകയും ചെയ്യും. ഇത്തരം ഡേറ്റിംഗിന് വരുന്ന പുരുഷന്മാരെയാണ് 'ഷുഗര്‍ ഡാഡി'യെന്ന് വിളിക്കുന്നത്. പെണ്‍കുട്ടികളെ 'ഷുഗര്‍ ബേബി'യെന്നും വിളിക്കും. 

അധികവും പതിനേഴും പതിനെട്ടും വയസ് പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികളാണ് 'ഷുഗര്‍ ബേബി ഡേറ്റിംഗി'ന് പോകുന്നത്. പഠനത്തിനുള്ള ചെലവ്, മറ്റ് ജീവിതച്ചെലവുകള്‍- എല്ലാം ഇങ്ങനെ നടന്നുപോകും. ഇതിനെല്ലാം പുറമെ, ലക്ഷങ്ങളോളം സമ്പാദിച്ചുവയ്ക്കാം. 

തനിക്ക് നിലവില്‍ ഏഴ് 'ഷുഗര്‍ ഡാഡി'മാരുണ്ടെന്നാണ് വാലന്റീന പറയുന്നത്. എങ്ങനെ പോയാലും മാസത്തില്‍ 18 ലക്ഷത്തോളം രൂപ വരുമാനമായി ലഭിക്കും. അധികവും മദ്ധ്യവയസ്‌കരാണ്. ഇവരില്‍ വലിയ വ്യവസായികളും പ്രമുഖരുമെല്ലാം ഉള്‍പ്പെടുന്നു. കൂട്ടത്തില്‍ തനിക്ക് പ്രിയപ്പെട്ട 'ഷുഗര്‍ ഡാഡി'യുടെ പ്രായം 47 ആണെന്നും വാലന്റീന വെളിപ്പെടുത്തുന്നു. ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം തന്നെ വിവാഹം കഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വാലന്റീന പറയുന്നു. 

യുവാക്കളെക്കാള്‍ എന്തുകൊണ്ടും ഡേറ്റ് ചെയ്യാന്‍ നല്ലത് മദ്ധ്യവയസ്‌കരാണെന്നാണ് വാലന്റീനയുടെ അഭിപ്രായം. അവര്‍ക്ക് സ്ത്രീകളെ മാന്യമായ രീതിയില്‍ പരിഗണിക്കാനറിയാമെന്നതാണത്രേ ഇതിന് കാരണം. 

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും, 'ഷുഗര്‍ ഡാഡി'മാരെക്കുറിച്ചുള്ള വാലന്റീനയുടെ വെളിപ്പെടുത്തലുകള്‍ക്കെതിരെ പല കോണുകളില്‍ നിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആരോഗ്യകരമായ ഒരു രീതിയില്ല ഇതെന്നും, വളര്‍ന്നുവരുന്ന പെണ്‍കുട്ടികളെ ആഡംബരജീവിതം കാണിച്ച് വശീകരിക്കാനുള്ള ശ്രമമാണെന്നും ഒക്കെയാണ് ആരോപണങ്ങള്‍.