ഇന്നത്തെ കാലത്ത് മദേഴ്സ് ഡേ, ഫാദേഴ്‌സ് ഡേയൊക്കെ മക്കള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയിടാനുള്ള ദിവസം മാത്രം ആയിട്ടുണ്ട്. ഈ ദിവസങ്ങളില്‍  മക്കള്‍ അച്ഛനും അമ്മയ്ക്കും സമ്മാനം നല്‍കുന്നതും ആശംസകള്‍ അറിയിക്കുന്നതുമൊക്കെ പതിവായി മാറിയിട്ടുണ്ട്. എന്നാല്‍  ഫാദേഴ്സ് ഡേയ്ക്ക് ഈ അച്ഛന് ലഭിച്ച സമ്മാനം അദ്ദേഹത്തെ ശരിക്കും കരയിപ്പിച്ചു.  ഫ്ലോറിഡ സ്വദേശി അനഡേല്‍മോ അപോന്‍റിനാണ് മകള്‍ കസേന്ദ്ര നാപിയര്‍ ആ സമ്മാനം നല്‍കിയത്. 

വര്‍ണക്കടലാസില്‍ പൊതിഞ്ഞ  മനോഹരമായ ഒരു പാവക്കുട്ടിയായിരുന്നു മകള്‍ പിതാവിന് സമ്മാനമായി നല്‍കിയത്.  സന്തോഷത്തോടെ അദ്ദേഹം ആ പാവക്കുട്ടിയേ മുറുകെ പിടിച്ചു.  അപ്പോഴാണ് പാവ സംസാരിക്കുന്ന കാര്യം പിതാവ്  ശ്രദ്ധിച്ചത്. പാവയില്‍ അമര്‍ത്തുമ്പോള്‍ അതില്‍ നിന്ന് മകളുടെ ശബ്ദത്തിലുള്ള സംസാരം ഉയര്‍ന്നുവന്നു. 

ആദ്യം അമര്‍ത്തിയപ്പോള്‍ 'അച്ഛാ ഹാപ്പി ഫാദേഴ്‌സ് ഡേ' എന്നായിരുന്നു പാവ സംസാരിച്ചത്. 'അച്ഛനറിയുമോ ഞങ്ങള്‍ക്ക് ഒരു കുഞ്ഞുണ്ടാകാന്‍ പോകുന്നു...' പാവയില്‍ നിന്ന് മകളുടെ ഈ വാക്കുകള്‍ കേട്ടതും അനഡേല്‍മോയ്ക്ക് സന്തോഷം അടക്കാനായില്ല.  ആ അച്ഛന്‍റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി. താന്‍ ഒരു മുത്തച്ഛനാകുന്നു എന്നറിഞ്ഞ് അനഡേല്‍മോ ആ പാവയേ കെട്ടിപ്പിടിച്ചു പൊട്ടികരയുകയായിരുന്നു.