Asianet News MalayalamAsianet News Malayalam

Shivaratri 2024 : ഇന്ത്യയിലെ വിശേഷപ്പെട്ട അഞ്ച് ശിവരാത്രി ആഘോഷസ്ഥലങ്ങള്‍...

ഖ്യാതി കിട്ടിയ, ഇന്ത്യയിലെ അഞ്ച് ശിവരാത്രി ആഘോഷസ്ഥലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതില്‍ത്തന്നെ ഓരോ ഇടങ്ങളിലെയും ആചാരങ്ങളും ആഘോഷങ്ങളും വ്യത്യസ്തമാണെന്നത് നമുക്ക് കാണാം

five famous shivaratri celebrations in india
Author
First Published Feb 29, 2024, 4:52 PM IST

രാജ്യമാകെയും ശിവരാത്രി ആഘോഷങ്ങളുടെ ഭക്തിനിര്‍ഭരമായ ലഹരിയിലേക്ക് കടന്നിരിക്കുകയാണ്. ശിവന്‍റെ രാത്രി, അഥവാ ശിവന്‍റെ മഹാരാത്രി, ശിവഭക്തിയിലേക്കുള്ള ലയനം തന്നെയാണ്. വ്രതവും പ്രാര്‍ത്ഥനകളുമായി ആത്മീയമായി ശിവശക്തിയിലേക്ക് ഭക്തര്‍ സ്വയം സമര്‍പ്പിക്കുന്നു. 

ശിവരാത്രി ആഘോഷങ്ങളാകട്ടെ ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്. സംസ്കാരവും ഐതിഹ്യങ്ങളുടെ പ്രചാരവുമെല്ലാം ഇവയെ സ്വാധീനിച്ചതായി കാണാം. പ്രസിദ്ധമായ പല ശിവരാത്രി ആഘോഷങ്ങളുമുണ്ട്. ഇവിടെ കേരളത്തിലാണെങ്കില്‍ ആലുവ മണപ്പുറത്തെ ആഘോഷം തന്നെയാണ് പേരുകേട്ടത്. എന്നാല്‍ ഇന്ത്യയില്‍ പേരെടുത്തിട്ടുള്ള ശിവരാത്രി ആഘോഷങ്ങള്‍ വേറെയുണ്ട്. 

ഇങ്ങനെ ഖ്യാതി കിട്ടിയ, ഇന്ത്യയിലെ അഞ്ച് ശിവരാത്രി ആഘോഷസ്ഥലങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇതില്‍ത്തന്നെ ഓരോ ഇടങ്ങളിലെയും ആചാരങ്ങളും ആഘോഷങ്ങളും വ്യത്യസ്തമാണെന്നത് നമുക്ക് കാണാം.

'ആത്മീയ തലസ്ഥാനം'

രാജ്യത്തിന്‍റെ 'ആത്മീയ തലസ്ഥാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലമാണ് ഉത്തര്‍പ്രദേശിലെ വരാണസി. ഇവിടത്തെ മഹാശിവരാത്രി ആഘോഷങ്ങളാണ് രാജ്യത്തെ പേരുകേട്ട ഒരു ശിവരാത്രി ആഘോഷം. നഗരം മുഴുവനും ദീപാലങ്കാരങ്ങളും മറ്റുമായി ശിവരാത്രിയുടെ വല്ലാത്തൊരു ലഹരിയാണ് വരാണസിയില്‍ കാണുക. കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കാൻ ഈ സമയത്ത് ആയിരക്കണക്കായ ഭക്തരാണ് ഓരോ ദിവസവും എത്തുക. നൃത്തം, സംഗീതം തുടങ്ങിയ കലാപരിപാടികളാലും സമ്പന്നമായിരിക്കും ശിവരാത്രിക്കാലത്ത് വരാണസി. 

സാഗരതീരത്തെ ശിവൻ...

കര്‍ണാടകയിലെ ഉത്തര കന്നടയിലുള്ള മുരുഡേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളാണ് ശ്രദ്ധേയമായ മറ്റൊന്ന്. ഇവിടെ കടലിനോട് ചേര്‍ന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവരാത്രിയാകുമ്പോള്‍ ഭക്തരുടെ പ്രവാഹമാണിവിടെ കാണാനാവുക. മുരുഡേശ്വര ക്ഷേത്രത്തിലെ ശിവന്‍റെ ഉഗ്ര ശില്‍പം കാണാൻ തന്നെ കൗതുകത്തോടെ ഇവിടെയെത്തുന്നവര്‍ ഏറെയാണ്. പരമ്പരാഗതമായ ആചാരങ്ങളും ആഘോഷങ്ങളുമാണ് ശിവരാത്രിയില്‍ ഇവിടെയുണ്ടാകാറ്.

പ്രശസ്തമായ 'മാണ്ഡിയിലെ ശിവരാത്രി'

ഹിമാചല്‍ പ്രദേശിലെ മാണ്ഡി എന്ന ചെറുപട്ടണവും ശിവരാത്രിക്കാലത്ത് ഭക്തപ്രവാഹം കൊണ്ട് നിറയുന്നൊരിമാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ചതും ഏറ്റവും ജനത്തിരക്ക് അനുഭവപ്പെടുന്നതുമായൊരു കേന്ദ്രം എന്ന് വേണമെങ്കില്‍ മാണ്ഡിയെ വിശേഷിപ്പിക്കാം. മാണ്ഡി ഭൂത്നാഥ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയോടെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. നിറങ്ങളും സംഗീതവുമെല്ലാമായി പിന്നീട് മാണ്ഡിയാകെ ശിവരാത്രിയുടെ ഭക്തിതരംഗത്തില്‍ ഉയര്‍ന്നുതാഴും. ഇവിടത്തെ 'ഇന്‍റര്‍നാഷണല്‍ മാണ്ഡി ശിവരാത്രി ഫെയര്‍' എന്ന മേളയും പ്രശസ്തമാണ്. ധാരാളം ടൂറിസ്റ്റുകളും ഈ സമയത്ത് ഇവിടെയെത്താറുണ്ട്.

ദക്ഷിണകൈലാസം...

ദക്ഷിണേന്ത്യയില്‍ ഏറെ പേരുകേട്ട തീര്‍ത്ഥാടനകേന്ദ്രമാണ് ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലുള്ള ശ്രീ കാളഹസ്തി ക്ഷേത്രം. സ്വര്‍ണമുഖി നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദക്ഷിണകൈലാസം എന്നും അറിയപ്പെടുന്നു. കാണാനും ഏറെ മനോഹരമായ, ഏറെ വിസ്തൃതിയുള്ള ക്ഷേത്രമാണിത്. ശിവരാത്രിക്കാലത്ത് ദീപാലങ്കാരങ്ങളും പ്രാര്‍ത്ഥനകളുമെല്ലാമായി ഭക്തിസാന്ദ്രമായിരിക്കും ശ്രീ കാളഹസ്തി ക്ഷേത്രവും ക്ഷേത്രനഗരിയും.

ശിവസാന്നിധ്യമറിയുന്ന ഋഷികേശ്...

ഉത്തരാഖണ്ഡിലെ ഋഷികേശും ശിവരാത്രി ആഘോഷങ്ങള്‍ക്ക് പേരുകേട്ട പുണ്യനഗരിയാണ്. നീല്‍കാന്ത് മഹാദേവ ക്ഷേത്രം, ത്രയംബകേശ്വര്‍ ക്ഷേത്രം എന്നിങ്ങനെയുള്ള പുരാതനമായ ക്ഷേത്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ ഭക്തപ്രവാഹമാണ് ഇവിടെ ശിവരാത്രിക്കാലത്ത് ഉണ്ടാകാറ്. ശിവന്‍റെ സാന്നിധ്യം അനുഭവിക്കാൻ കഴിയുമെന്നാണ് ഋഷികേശിനെ ചൊല്ലി ഭക്തര്‍ക്കിടയിലുള്ള വിശ്വാസം. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലമാണ് ഭക്തരില്‍ ഇങ്ങനെയൊരു അനുഭൂതിയൊരുക്കുന്നതത്രേ. ശിവൻ ഇവിടെയെല്ലാം കുടിയിരിക്കുന്നു എന്ന തോന്നല്‍ ശക്തമായി ഭക്തരില്‍ വേരൂന്നുന്നതിനാല്‍ ഋഷികേശിലേക്ക് ശിവരാത്രിസമയത്ത് എത്തുന്ന ഭക്തര്‍ക്ക് കയ്യും കണക്കുമില്ലെന്ന് പറയാം. 

Also Read:- ഞാനും നീയും ഒന്നാകുന്ന ശൈവഭാവം

Follow Us:
Download App:
  • android
  • ios