വാഷിങ്ടൺ: ​ഗർഭിണികൾ ഏഴാം മാസത്തിൽ ബേബി ഷവർ ആഘോഷിക്കുന്നത് ഇപ്പോഴൊരു ട്രെൻഡായി മാറിയിരിക്കുകയാണ്. പുത്തൻ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ അണിഞ്ഞ് അതിമനോഹരിയായി ഒരുങ്ങിയെത്തുന്ന യുവതി തന്റെ ​ഗർഭകാലം ആഘോഷമാക്കുന്നതാണ് ബേബി ഷവർ. വർണ്ണക്കടലാസുകൊണ്ട് തോരണങ്ങൾ തൂക്കി വീടുമുഴുവൻ അലങ്കരിച്ച് കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിയുമാണ് ആളുകൾ ബേബി ഷവർ ആഘോഷിക്കുന്നത്.

എന്നാൽ, അമേരിക്കയിൽ നടന്ന ഒരു ബേബി ഷവർ ആഘോഷം വ്യത്യസ്തമാകുകയാണ്. എന്താണെന്നല്ലേ? ബേബി ഷവറിനായ ഒരുക്കിയ കേക്കാണ് അതിന് കാരണം. ഗര്‍ഭസ്ഥ ശിശുവിന്റെ രൂപമാണ് ബേബി ഷവർ കേക്കിൽ ഒരുക്കിയിരിക്കുന്നത്. കണ്ടാൽ ജീവനുള്ള ശിശുവാണ് കിടക്കുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് കേക്ക്. ഭ്രൂണത്തിനുള്ളളിൽ കണ്ണ് തുറന്നിരുന്ന കുഞ്ഞ് ഡയഫർ ധരിച്ചാണ് കിടപ്പ്. മഞ്ഞ നിറത്തിലുള്ള ക്രീും വെള്ള നിറത്തിലുള്ള മുത്തും ഉപയോ​ഗിച്ചാണ് കേക്ക് തയ്യാറാക്കിയിരിക്കുന്നത്.

'ദാറ്റ്സ് ഇറ്റ് എൈ ആം കേക്ക് ഷെമിങ്' എന്ന ഫേസ്ബുക്ക് ​പേജിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം, വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ രൂപത്തിൽ തയ്യാറാക്കിയ കേക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽലോകം. കേക്ക് തയ്യാറാക്കിയവർക്കെതിരെ രൂക്ഷവിമർശനവും ഉയരുന്നുണ്ട്.

'കണ്ടതിൽ വച്ച് ഏറ്റവും ഞെട്ടിപ്പിക്കുന്ന കേക്ക്' ആണിതാണെന്നാണ് ഒരു ഫേസ്ബുക്ക് ഉപയോക്താവ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. 'ഇത്രയും പൈശാചികത്വം നിറഞ്ഞ കേക്കിനെ കുറിച്ച് ഒന്നും പറയാനില്ല', 'ചിത്രം തന്റെ സ്വപ്നങ്ങളെ വേട്ടയാടുകയാണ്', 'എങ്ങനെയാണ് ഈ കേക്ക് മുറിച്ച് കഴിക്കുക' തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് വന്നിരിക്കുന്നത്.