Asianet News MalayalamAsianet News Malayalam

'സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്; പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

'സാള്‍ട്ട് ആന്റ് പെപ്പര്‍' കാലം വന്നതോടെ, അല്‍പസ്വല്‍പമൊക്കെ നരയുള്ളതാണ് 'സ്റ്റൈല്‍' എന്ന മനോഭാവം വ്യാപകമായി. സ്ത്രീകളും വലിയ രീതിയില്‍ ഈ 'സ്റ്റൈലി'നെ കയ്യടിച്ച് സ്വീകരിക്കുക കൂടി ചെയ്‌തോടെ പുരുഷന്മാര്‍ക്ക് ഇക്കാര്യത്തില്‍ ആത്മവിശ്വാസമേറി. പ്രമുഖരായ സിനിമാതാരങ്ങള്‍ വരെ ഈ സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തമിഴ് നടന്‍ ആര്‍ മാധവന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി എന്നിവരെല്ലാം ഇതിനുദാഹരണമാണ്

four things to care when you choose salt and pepper look
Author
Trivandrum, First Published Feb 2, 2020, 9:23 PM IST

അടുത്ത കാലങ്ങളിലായി പുരുഷന്റെ സൗന്ദര്യവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു 'സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്'. മുടിയും താടിയും മീശയുമെല്ലാം അല്‍പം നര കയറിയ അതേ നിലയില്‍ സൂക്ഷിക്കുന്നതാണ് സംഭവം. മുമ്പൊക്കെ ഒന്നോ രണ്ടോ നര മുടിയിലോ താടിയിലോ ഒക്കെ കണ്ടാല്‍ അത് പിഴുതുകളയുകയോ അല്ലെങ്കില്‍ കറുപ്പിക്കുകയോ ചെയ്യുന്നതായിരുന്നു പൊതു പ്രവണത. 

എന്നാല്‍ 'സാള്‍ട്ട് ആന്റ് പെപ്പര്‍' കാലം വന്നതോടെ, അല്‍പസ്വല്‍പമൊക്കെ നരയുള്ളതാണ് 'സ്റ്റൈല്‍' എന്ന മനോഭാവം വ്യാപകമായി. സ്ത്രീകളും വലിയ രീതിയില്‍ ഈ 'സ്റ്റൈലി'നെ കയ്യടിച്ച് സ്വീകരിക്കുക കൂടി ചെയ്‌തോടെ പുരുഷന്മാര്‍ക്ക് ഇക്കാര്യത്തില്‍ ആത്മവിശ്വാസമേറി. പ്രമുഖരായ സിനിമാതാരങ്ങള്‍ വരെ ഈ സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. തമിഴ് നടന്‍ ആര്‍ മാധവന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി എന്നിവരെല്ലാം ഇതിനുദാഹരണമാണ്. 

പക്ഷേ, 'സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്' കാണുന്നത് പോലെ അത്ര എളുപ്പമല്ല, ഭംഗിയായി കാത്തുസൂക്ഷിക്കാന്‍. ചിലര്‍ക്ക് വളരെ 'നാച്വറല്‍' ആയിത്തന്നെ ഇതിന്റെ അഴക് ലഭിച്ചിരിക്കും. എന്നാല്‍ മിക്കവാറും പേര്‍ക്കും ചെറിയ തോതിലെങ്കിലും ഒരു പരിപാലനം ഇതിന് ആവശ്യമായി വന്നേക്കാം. അത്തരക്കാര്‍ക്ക് ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍.

ഒന്ന്...

വളരെ 'നാച്വറല്‍' ആയ നരകളാണ് 'സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്ക്'ന് ഏറ്റവും ഉത്തമം. അതിനാല്‍ത്തന്നെ, നര കയറുമ്പോള്‍ അവിടവിടങ്ങളില്‍ മാത്രം അതിനെ നിര്‍ത്തി ബാക്കി കറുപ്പിക്കുന്ന പതിവുണ്ടെങ്കില്‍ അതൊഴിവാക്കണം. വ്യക്തമായ കറുപ്പ് നിറവും നരയും കൂടിക്കലരുമ്പോള്‍ അത് 'സാള്‍ട്ട് ആന്റ് പെപ്പറി'ല്‍ നിന്ന് വ്യത്യസ്തമായ 'ലുക്ക്' ആണ് നല്‍കുക. 

രണ്ട്...

ഏറ്റവും ഭംഗിയായി 'സാള്‍ട്ട് ആന്റ് പെപ്പര്‍' മുടിയും താടിയും മീശയും കൊണ്ടുനടക്കുന്നവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ട്രിമ്മിംഗാണ്. അമിതമായി ട്രിം ചെയ്യുന്നത് സ്റ്റൈലിന് പകരം പ്രായക്കൂടുതല്‍ തോന്നിക്കാന്‍ ഇടയാക്കിയേക്കാം. അതിനാല്‍ സ്വല്‍പം കട്ടിയില്‍ നിര്‍ത്തി, വെട്ടിയൊതുക്കുകയോ അല്ലെങ്കില്‍ ഒരു സ്‌റ്റൈലിസ്റ്റിന്റെ സഹായത്തോടെ ചെറുതായി ട്രിം ചെയ്യുകയോ ആവാം. 

മൂന്ന്...

നര കയറുന്ന മുടി അല്‍പം കഴിയുമ്പോള്‍ നിറം മാറുകയോ, അവയുടെ ആരോഗ്യം കെടുകയോ ചെയ്‌തേക്കാം. എന്നാല്‍ ഇവയെ തിളക്കമുള്ള നരകളാക്കിത്തന്നെ നിര്‍ത്താന്‍ ചില ഹെയര്‍ കെയര്‍ ഉത്പന്നങ്ങള്‍ സഹായിക്കും. 'ആല്‍ക്കഹോള്‍ ഫ്രീ- സള്‍ഫേറ്റ് ഫ്രീ ബെയര്‍ഡ് വാഷ്' ഇതിന് മികച്ച ഉദാഹരണമാണ്. 

നാല്...

'സാള്‍ട്ട് ആന്റ് പെപ്പര്‍' സ്റ്റൈല്‍ തെരഞ്ഞെടുക്കുന്നതെല്ലാം നല്ലത് തന്നെ. എന്നാല്‍ ഓരോരുത്തര്‍ക്കും ഇണങ്ങുന്ന തരത്തിലായിരിക്കണം ഇതിനെ 'ഡിസൈന്‍' ചെയ്യേണ്ടത്. മറ്റാരെയെങ്കിലും അനുകരിക്കുന്നതിന് പകരം നമുക്ക് ഇണങ്ങുന്നത് എന്ന് തോന്നുന്നതും 'യൂണീക്കു'മായ ഒരു സ്‌റ്റൈല്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇതിന് ആവശ്യമെങ്കില്‍ ഒരു ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ നിര്‍ദേശവും തേടാം.

Follow Us:
Download App:
  • android
  • ios