കാമുകനോ കാമുകിയോ ഉപേക്ഷിച്ചുപോയാല്‍ ഉടനെ നിരാശയിലേക്ക് വീഴുന്നവരാണ് അധികം പേരും. പിന്നെ സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം ആ നിരാശയില്‍ നിന്നുകൊണ്ടായിരിക്കും. എന്നാല്‍ പങ്കാളി ഉപേക്ഷിച്ചുപോയാലും രസകരമായി സംസാരിക്കാനും ആളുകളോട് പഴയത് പോലെ തന്നെ ഇടപഴകാനുമെല്ലാം കഴിയുന്നവരും ഉണ്ട്.

സംശയം വേണ്ട, അതിനൊരു തെളിവാണ് എബി ഗോവിന്ദന്‍ എന്ന ഇരുപത്തിരണ്ടുകാരി. അമേരിക്കയിലെ ഹൂസ്റ്റണില്‍ താമസിക്കുന്ന എബി ഹാസ്യ എഴുത്തുകളിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ്. സോഷ്യല്‍ മീഡിയയിലും സജീമാണ് എബി.

കാമുകന്‍ ഉപേക്ഷിച്ചതിന് പിന്നാലെ ട്വിറ്ററില്‍ എബി എഴുതിയിട്ട ഒരു ചെറു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പ്രണയം തകര്‍ന്നിരിക്കുമ്പോഴും സരസമായി സംസാരിക്കുന്ന എബിയുടെ ധൈര്യവും ആര്‍ജ്ജവവുമാണ് മിക്കവരേയും ആകര്‍ഷിച്ചത്. കാമുകനോ കാമുകിയോ വേണ്ടെന്ന് വയ്ക്കുമ്പോഴേക്ക് തകര്‍ന്നുപോകുന്ന ചെറുപ്പക്കാര്‍ക്ക് ഒരു മാതൃകയാണ് എബിയെന്നാണ് പലരും അവളുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

'ലോകത്ത് മറ്റെന്തിനെക്കാളും എന്റെ കാമുകനെ സ്‌നേഹിച്ച എന്റെ പൂച്ചയോട് ഞാനെങ്ങനെ പറയും, ഇനി ഒരിക്കലും അവന്‍ വരില്ലെന്ന്...' എന്നായിരുന്നു എബിയുടെ കുറിപ്പ്. ഇക്കഴിഞ്ഞ 11ന് എഴുതിയിട്ട ഈ കുറിപ്പിന് രണ്ടരലക്ഷത്തിലധികം ലൈക്കാണ് ട്വിറ്ററില്‍ ലഭിച്ചിരിക്കുന്നത്. പതിമൂവ്വായിരത്തിലധികം പേര്‍ ഇത് റീട്വീറ്റ് ചെയ്തു.

 

 

അങ്ങനെയൊരു കുറിപ്പ് എഴുതിയിടുമ്പോള്‍ ഒരിക്കലും അത് ഇത്തരത്തില്‍ സ്വീകരിക്കപ്പെടുമെന്ന് കരുതിയില്ലെന്നും നിരവധി പേര്‍ മെസേജുകളയക്കുന്നുണ്ടെന്ന് എബി പ്രതികരിച്ചു. പ്രണയനഷ്ടം സംഭവിച്ച ചിലര്‍ ഒരു പ്രചോദനമായി തന്റെ ട്വീറ്റ് കാണുകയും അവര്‍ നിരാശയില്‍ നിന്ന് കര കയറാന്‍ തീരുമാനിക്കുകയും ചെയ്തതാണ് തന്നെ ഏറെ സന്തോഷിപ്പിച്ചതെന്നും എബി കൂട്ടിച്ചേര്‍ത്തു. ട്വീറ്റ് വൈറലായതിനെ തുടര്‍ന്ന് ഒരു വിദേശമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എബിയുടെ പ്രതികരണം.