നായ്ക്കളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്. മനുഷ്യരോട് ഏറ്റവുമധികം സ്‌നേഹവും അടുപ്പവും കാണിക്കുന്ന വര്‍ഗമാണ് നായ്ക്കളുടേത്.  മനുഷ്യരെ രസിപ്പിക്കാനും സന്തോഷിപ്പിക്കാനും നായ്ക്കള്‍ മിടുക്കരാണ്. നായ്ക്കളുടെ കളികളും കുറുമ്പുകളും ആസ്വാദിക്കുന്നവരാണ് മനുഷ്യര്‍. 

നായ്ക്കള്‍ക്ക് മനുഷ്യരോടുള്ള സ്‌നേഹം തെളിയിക്കുന്ന, നായ്ക്കളുടെ രസിപ്പിക്കുന്ന  എത്രയോ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്.  എന്നാല്‍ ഈ കഥ കുറച്ച് അധികം രസിപ്പിക്കുന്നതാണ്. ഇവിടെയൊരു മുത്തശ്ശിയുടെ വെപ്പ് പല്ല് കാണാതായി. മുത്തശ്ശി വീട്ടില്‍ നോക്കാന്‍ ഇനി ഒരു സ്ഥലവും  ബാക്കിയില്ല. സംഭവം തന്‍റെ കൊച്ചുമകളുടെ വളര്‍ത്തുനായായ ലൂണ എടുത്തു വിഴങ്ങി കാണുമെന്ന് എല്ലാവരും പറഞ്ഞു. 

ബ്രീസിലിലെ തെരുവില്‍ നിന്നാണ് ലൂണയെ അന്ന ദത്തെടുത്തത്. കഴിഞ്ഞ ദിവസം തന്‍റെ മുത്തശ്ശിയെ കാണാന്‍  പോയപ്പോള്‍ അന്ന ലൂണയെയും കൂടെ കൂട്ടി. പിന്നീട് ലൂണയെ മുത്തശ്ശിയുടെ അടുത്ത് നിര്‍ത്തിയിട്ട്  അന്ന ഷോപ്പിങിന് പോയി. പിന്നാലെ മുത്തശ്ശി ഉറങ്ങാനും പോയി. വെപ്പ് പല്ല് ഊരി തലയണയുടെ അടുതത് വെച്ചിട്ടാണ് മുത്തശ്ശി ഉറങ്ങാന്‍ പോയത്. ലൂണ ഇതെല്ലാം കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു.  ചെറുമയക്കം കഴിഞ്ഞ് മുത്തശ്സി കണ്ണ് തുറന്ന് നോക്കിയപ്പോള്‍ വെപ്പ് പല്ല് കാണുന്നില്ല. ലൂണ വായിലേക്ക് ശ്രദ്ധിച്ച് നോക്കിയപ്പോളാണ് ആശാന്‍ അത് വിഴങ്ങിയില്ല എന്നും മുത്തശ്ശി വെയ്ക്കും പോലെ തന്നെ വായില്‍ വെപ്പ് പല്ല് വെയ്ക്കുകയായിരുന്നു ചെയ്തത് എന്നും മനസ്സിലായത്.