നിറമുള്ള കോൺടാക്റ്റ് ലെൻസുകൾ ഇന്ന് ഫാഷന്റെ ഭാഗമാണ്. കണ്ണട ഒഴിവാക്കാനും കണ്ണിന് കൂടുതൽ ഭംഗി നൽകാനും പലരും ഇത് ഉപയോഗിക്കുന്നു. എന്നാൽ കാഴ്ചയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണിത്.

ഇന്നത്തെ ജെൻസി ഫാഷൻ തരംഗങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് കളർ കോൺടാക്റ്റ് ലെൻസുകൾ. വെറും കാഴ്ചശക്തിക്ക് വേണ്ടി മാത്രമായിരുന്ന ലെൻസുകൾ ഇന്ന് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റായി മാറി. വസ്ത്രത്തിനും മേക്കപ്പിനും അനുയോജ്യമായ രീതിയിൽ കണ്ണുകളുടെ നിറം മാറ്റുന്നത് ഇപ്പോൾ ഒരു ട്രെൻഡാണ്. ഹണി ബ്രൗൺ, ഗ്രേ, അക്വാ ബ്ലൂ തുടങ്ങി വൈവിധ്യമാർന്ന ഷേഡുകളിലൂടെ തങ്ങളുടെ ലുക്ക് തന്നെ മാറ്റിമറിക്കാൻ പുതുതലമുറയ്ക്ക് പ്രിയമാണ്.

എന്നാൽ കണ്ണുകൾ അതീവ സെൻസിറ്റീവ് ആയതുകൊണ്ട് തന്നെ, ഈ ട്രെൻഡിനൊപ്പം സുരക്ഷയും പ്രധാനമാണ്. കളർ ലെൻസുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

എന്തുകൊണ്ട് കളർ ലെൻസുകൾ ജെൻസികൾക്ക് പ്രിയങ്കരമാകുന്നു?

മുഖത്തിന്റെ മൊത്തത്തിലുള്ള ഭാവം മാറ്റാൻ കണ്ണുകൾക്ക് കഴിയും. ഒരു പാർട്ടിക്കോ ഫോട്ടോഷൂട്ടിനോ പോകുമ്പോൾ ഒരു വത്യസ്ത ലുക്ക് നൽകാൻ കളർ ലെൻസുകൾ സഹായിക്കുന്നു. കൂടാതെ, ഇന്ന് വിപണിയിൽ ലഭ്യമായ ലെൻസുകൾ ധരിക്കാൻ വളരെ എളുപ്പമുള്ളതും സ്വാഭാവികമായ ഭംഗി നൽകുന്നതുമാണ്. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു എന്നതും ഒരു ഘടകമാണ്.

ലെൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

  • സ്കിൻ ടോണിന് ചേരുന്നത് വാങ്ങുക: മലയാളികളുടെ സ്കിൻ ടോണിന് സാധാരണയായി ഹണി, ഹേസൽ , ഗ്രേ നിറങ്ങളാണ് കൂടുതൽ ഇണങ്ങുന്നത്. അല്പം കൂടി ബോൾഡ് ലുക്ക് ആഗ്രഹിക്കുന്നവർക്ക് സഫയർ ബ്ലൂ പരീക്ഷിക്കാം.
  • ക്വാളിറ്റി ഉറപ്പുവരുത്തുക: ഓൺലൈനിൽ കാണുന്ന വില കുറഞ്ഞ എല്ലാ ലെൻസുകളും വാങ്ങി പരീക്ഷിക്കരുത്. എഫ്.ഡി.എ അംഗീകാരമുള്ള ബ്രാൻഡുകൾ മാത്രം തിരഞ്ഞെടുക്കുക.
  • കാലാവധി നോക്കുക: ഡെയ്‌ലി ഡിസ്‌പോസിബിൾ (ഒരു ദിവസം മാത്രം), മാസത്തിൽ മാറേണ്ടവ എന്നിങ്ങനെ പലതരം ലെൻസുകളുണ്ട്. നിങ്ങളുടെ ഉപയോഗത്തിനനുസരിച്ച് കൃത്യമായത് തിരഞ്ഞെടുക്കുക.

സുരക്ഷിതമായ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലെൻസ് ഉപയോഗിക്കുമ്പോൾ ഒരല്പം അശ്രദ്ധ കാണിച്ചാൽ പോലും അത് കണ്ണിനെ ദോഷകരമായി ബാധിക്കും. അതിനാൽ താഴെ പറയുന്നവ ശീലമാക്കുക:

  • കൈകൾ വൃത്തിയായി സൂക്ഷിക്കുക: ലെൻസ് എടുക്കുന്നതിന് മുൻപും കണ്ണിനുള്ളിൽ വയ്ക്കുന്നതിന് മുൻപും കൈകൾ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകി ഉണക്കണം.
  • സൊല്യൂഷൻ ഉപയോഗം: ലെൻസ് സൂക്ഷിച്ചു വെക്കുന്ന കേസും ലെൻസും വൃത്തിയാക്കാൻ അതിനായി ലഭിക്കുന്ന പ്രത്യേക സൊല്യൂഷൻ മാത്രം ഉപയോഗിക്കുക. ഒരു കാരണവശാലും സാധാരണ വെള്ളം ഇതിനായി ഉപയോഗിക്കരുത്.
  • മേക്കപ്പും ലെൻസും: എപ്പോഴും മേക്കപ്പ് ചെയ്യുന്നതിന് മുൻപ് ലെൻസ് ധരിക്കുക. മേക്കപ്പ് നീക്കം ചെയ്യുന്നതിന് മുൻപ് ലെൻസ് ഊരി മാറ്റാനും ശ്രദ്ധിക്കണം.
  • ഉറങ്ങുമ്പോൾ: രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ലെൻസ് നിർബന്ധമായും മാറ്റിയിരിക്കണം. ലെൻസ് ധരിച്ചുറങ്ങുന്നത് കണ്ണിനുള്ളിലെ ഓക്സിജൻ ലഭ്യത കുറയ്ക്കാൻ കാരണമാകും.
  • പങ്കിടരുത്: സൗഹൃദത്തിന്റെ പേരിൽ പോലും നിങ്ങളുടെ കോൺടാക്റ്റ് ലെൻസുകൾ മറ്റൊരാൾക്ക് നൽകാനോ അവരുടെ ഉപയോഗിക്കാനോ പാടില്ല. ഇത് അണുബാധ പടരാൻ കാരണമാകും.

എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?

ലെൻസ് ധരിക്കുമ്പോൾ കണ്ണിന് അമിതമായ ചുവപ്പ്, വേദന, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം, അല്ലെങ്കിൽ കാഴ്ച മങ്ങുക എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ലെൻസ് നീക്കം ചെയ്യണം. അസ്വസ്ഥത മാറുന്നില്ലെങ്കിൽ ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണാൻ മടിക്കരുത്.

ഫാഷനും സ്റ്റൈലും പ്രധാനമാണെങ്കിലും കണ്ണിന്റെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഈ 'ജെൻസി ട്രെൻഡ്' നിങ്ങളെ കൂടുതൽ ആകർഷകമാക്കും.