പുതുവര്‍ഷമെത്താറാകുമ്പോള്‍ അതിനെ വരവേല്‍ക്കാനുളള തയ്യാറെടുപ്പും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. 2020ന്‍റെ നിറം എന്താണെന്ന്  പ്രഖ്യാപിച്ചിരിക്കുകയാണ് ഫാഷന്‍ ലോകം.

പുതുവർഷത്തിന്റെ നിറമായി പാന്‍റോണ്‍  തെരഞ്ഞെടുത്തത് ക്ലാസിക് ബ്ലൂ നിറത്തെയാണ്. കഴിഞ്ഞയാഴ്ച പാന്റോൺ  നിറം പ്രഖ്യാപിച്ചപ്പോൾ ചില വിമര്‍ശനങ്ങളും ഉണ്ടായി. അതിനൊരു കാരണവുമുണ്ട്. 20 വർഷം മുമ്പ് മിലനിയം നിറമായി പാന്റോൺ കണ്ടെത്തിയതും നീലയാണ്. ഇക്കുറി പുതുമയൊന്നും കണ്ടെത്താനായില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്. 

വൈകാരികമായും മാനസികമായും നീല നിറം പ്രതിനിധീകരിക്കുന്നത് ശാന്തതയും ആശ്രയത്വവുമാണ് എന്നാണ് പാന്റോൺ എക്സിക്യൂട്ടിവ് ഡയറക്ടർ ലിയാട്രിസ് ഈസ്മാൻ പറയുന്നത്. ജെൻഡർ വേര്‍തിരിവില്ലാത്ത, സീസണൽ വകഭേദങ്ങളില്ലാത്ത നിറമെന്നു കൂടി നീലയെ വിശേഷിപ്പിക്കാമത്രേ.