Asianet News MalayalamAsianet News Malayalam

'ക്യാന്‍സര്‍ ദിനത്തില്‍ പ്രിയപ്പെട്ടവരോട് പങ്കുവയ്ക്കാന്‍ ഇതിനേക്കാള്‍ സന്തോഷമുള്ള വാര്‍ത്ത എന്താണുള്ളത്';നന്ദു മഹാദേവ

'ഈ യുദ്ധം ജയിക്കാനുള്ളതാണ്..ഈ ചുവടുകളും അടവുകളും നാളെ എന്നെപ്പോലെ ഞങ്ങളെപ്പോലെ ഈ മമാങ്കത്തിൽ ഏർപ്പെടുന്ന ചാവേറുകൾക്ക് ആത്മവിശ്വാസവും മാതൃകയും ആകേണ്ടതാണ്...' എന്ന് നന്ദു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

nandhu mahadeva facebook post for cancer day
Author
Thiruvananthapuram, First Published Feb 4, 2020, 9:38 PM IST

ജീവിതത്തിലെ ചെറിയ തോല്‍വികളില്‍പ്പോലും മാനസികമായി തളര്‍ന്നു പോകുന്നവര്‍ക്ക് വര്‍ധിത വീര്യത്തോടെ മുമ്പോട്ട് പോകാന്‍ പ്രേരണ നല്‍കുകയാണ് നന്ദു മഹാദേവ. ക്യാന്‍സറിനെ ആത്മവിശ്വാസത്തോടെ തോല്‍പ്പിച്ചു കൊണ്ടിരിക്കുന്ന നന്ദുവിന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ ക്യാന്‍സര്‍ ദിനത്തില്‍ ജീവിതത്തിലെ സന്തോഷത്തെ കുറിച്ചുള്ള കുറിപ്പ് പങ്കുവെക്കുകയാണ് നന്ദു.

തന്‍റെ ട്യൂമർ ചുരുങ്ങിത്തുടങ്ങിയതായി നന്ദു ഫേസ്ബുക്കില്‍ കുറിച്ചു. 'ഈ യുദ്ധം ജയിക്കാനുള്ളതാണ്..ഈ ചുവടുകളും അടവുകളും നാളെ എന്നെപ്പോലെ ഞങ്ങളെപ്പോലെ ഈ മമാങ്കത്തിൽ ഏർപ്പെടുന്ന ചാവേറുകൾക്ക് ആത്മവിശ്വാസവും മാതൃകയും ആകേണ്ടതാണ്...' എന്ന് നന്ദു പോസ്റ്റില്‍ കുറിച്ചു.

നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഒടുവിൽ എന്റെ ട്യൂമർ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു !!

പ്രണയിനിയുടെ പിറന്നാൾ ദിനത്തിൽ (ക്യാൻസർ ദിനത്തിൽ) എന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കാൻ ഇതിനേക്കാൾ സന്തോഷമുള്ള വാർത്ത എന്താണുള്ളത്..!!

മൂന്ന് കീമോ കഴിഞ്ഞു..!!
സ്കാനിംഗ് കഴിഞ്ഞു...!!
ഇപ്പോൾ ട്യൂമർ നന്നായി തന്നെ ചുരുങ്ങി തുടങ്ങിയിട്ടുണ്ട്....!!

ഈ യുദ്ധം ജയിക്കാനുള്ളതാണ്..
ഈ ചുവടുകളും അടവുകളും നാളെ എന്നെപ്പോലെ ഞങ്ങളെപ്പോലെ ഈ മമാങ്കത്തിൽ ഏർപ്പെടുന്ന ചാവേറുകൾക്ക് ആത്മവിശ്വാസവും മാതൃകയും ആകേണ്ടതാണ്...

ഓരോ ദിവസവും അഞ്ചു നേരം വേദനക്കുള്ള മോർഫിൻ കഴിച്ചാണ് ഞാൻ പിടിച്ചു നിൽക്കുന്നത്..!!
എന്നിട്ടും ചില രാത്രികളിൽ നെഞ്ചത്തു വെടിയേറ്റത് പോലെയുള്ള വേദനയാണ്..
എന്നാലും ഞാനേറ്റവും സന്തോഷിക്കുന്ന ക്യാൻസർ ദിനമാണ് ഇന്ന്..

എത്രയെത്ര അതിജീവനകഥകളാണ് സമൂഹം മുഴുവൻ നിറയുന്നത്..
എത്ര പേരാണ് ആർജ്ജവത്തോടെ വിളിച്ചു പറയുന്നത് എനിക്ക് ക്യാൻസർ ആണ്..
ഞാൻ പൊരുതി ജയിക്കും എന്ന്..!!

ഞങ്ങളുടെ അതിജീവനം ക്യാൻസർ
ഫൈറ്റേഴ്‌സ് ആൻഡ് സപ്പോർട്ടേഴ്‌സ്
കൂട്ടായ്മയിൽ ഏകദേശം 13000
അംഗങ്ങളുണ്ട്..
ഒന്ന് തളർന്നാൽ കൈതാങ്ങാകാൻ
13000 പേരുടെ കരങ്ങൾ ഉള്ളത് ഒരു
വലിയ കാര്യം തന്നെയാണ്..
ഈ ക്യാൻസർ ദിനത്തിൽ ഞങ്ങൾ
സമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ
സമ്മാനവും ഈ കൂട്ടായ്മ തന്നെയാണ്..
പ്രിയപ്പെട്ടവരുടെ സ്നേഹവും
പിന്തുണയും ആണ് അതിജീവനം കൂട്ടായ്മയുടെ വിജയം !!

കഠിന വേദനകളെ പുഞ്ചിരിച്ചു കൊണ്ട്
നേരിടാൻ ഞങ്ങൾ പഠിപ്പിക്കും..!!

അടർന്നു തെറിച്ച വായയും നാവും
കൊണ്ട് ആത്മവിശ്വാസത്തിന്റെ
മുദ്രാവാക്യം വിളിപ്പിക്കാൻ ഞങ്ങൾ
പഠിപ്പിക്കും..!!

കൊഴിഞ്ഞ മുടിയും ക്ഷീണവും കൊണ്ട്
പാതിയടഞ്ഞ മിഴികളും ദുർബലമായ
ശരീരവും അർബുദത്തിന് മുന്നിൽ
തോൽക്കില്ലെന്നും വിജയം
ചങ്കൂറ്റത്തോടെ നേടുമെന്നും ഞങ്ങൾ പഠിപ്പിക്കും..!!

ഈ ട്രീറ്റ്മെന്റ് കഴിഞ്ഞാലുടൻ ഇന്ത്യ
മുഴുവൻ ഒരു അതിജീവന യാത്ര
നടത്തണം എന്നതാണ് എന്റെ ലക്ഷ്യം..
ലോകം മുഴുവനുള്ള ക്യാൻസർ
രോഗികൾക്ക് ആത്മവിശ്വാസം
നൽകാനും സാന്ത്വനം നൽകാനും വേണ്ടി
ഒരു അതിജീവനയാത്ര !!
അത് ഞാൻ നടത്തിയിരിക്കും.....!!

സർവ്വേശ്വരന്റെ കാരുണ്യവും പ്രിയമുള്ളവരുടെ പ്രാർത്ഥനയും ഉള്ളിടത്തോളം കാലം ഞാനെന്ന ഈ നിലയത്തിൽ നിന്നുള്ള ഊർജ്ജ പ്രവാഹം നിലയ്ക്കില്ല !!!

നമ്മുടെ ജീവിതത്തിൽ അത്ഭുതം ഒന്നും നടക്കില്ല..
നമ്മൾ തന്നെ അത്ഭുതമായി മാറുകയാണ് വേണ്ടത് !!

പുകയരുത്...
ജ്വലിക്കണം..!!!

അർബുദത്തെ ഈ ഭൂമിയിൽ നിന്ന്
തുടച്ചുമാറ്റാനും ലോക അർബുദ ദിനം
എന്ന ഈ ഒരു ദിനം ഇല്ലാതാക്കാനും
നമുക്ക് കഴിയും..
പകരം അർബുദത്തെ ഇല്ലായ്മ
ചെയ്തതിന്റെ സന്തോഷമായി ഈ ദിനം
നമ്മൾ ആഘോഷിക്കും..
അതിന് വേണ്ടി പ്രവർത്തിക്കുമെന്ന്
പ്രതിജ്ഞ എടുത്തുകൊണ്ട് നമുക്ക്
മുന്നോട്ട് പോകാം...!!

ആശംസകൾ പ്രിയരേ..

NB 1 : ലോകത്തിലെ ഏറ്റവും സുരക്ഷിതമായ
കൈകളിലാണ് ഞാൻ...
എന്നെപ്പോലെ തന്നെ അർബുദവും
ആയുള്ള യുദ്ധത്തിൽ ഒരു കാൽ
നഷ്ടപ്പെട്ടവരാണ് എല്ലാവരും..
ജസ്റ്റിനും പ്രഭുവും അനീഷേട്ടനും..
ഞാനിരിക്കുന്നത് അവരുടെ
കാലുകളുടെ ബലത്തിൽ അല്ല..
ചങ്കുകളുടെ ആത്മവിശ്വാസത്തിന്റെ തകർക്കാൻ
പറ്റാത്ത വിശ്വാസത്തിന് മുകളിലാണ്..!!

NB 2 : വേദനിക്കുന്നവർക്ക് ഒരു
വാക്കുകൊണ്ട് പോലും കൈത്താങ്ങ്
ആകുവാൻ പ്രിയമുള്ളവരെ
ഓരോരുത്തരെയും അതിജീവനം
കുടുംബത്തിലേക്ക് സ്വാഗതം
ചെയ്യുന്നു..!!

ഒപ്പം പ്രാർത്ഥനകളും വേണം..
അതാണ് നമ്മുടെ ഊർജ്ജം ❤️ — feeling motivated with Prabhu Prbz, Aneesh Erath and Justin PA.

>

Follow Us:
Download App:
  • android
  • ios