അടുക്കളയിലെ സിങ്കിന് താഴെ സ്ഥലം ഒഴിവാണെങ്കില്‍ ഇവിടെ എന്തെങ്കിലുമൊക്കെ സൂക്ഷിക്കാനായി നമ്മള്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ സിങ്കിന് താഴെ ഒരു കാരണവശാലും സൂക്ഷിക്കാൻ പാടില്ലാത്ത ചിലതുണ്ട്.

വീട് വൃത്തിയായും ഭംഗിയായും കൊണ്ടുനടക്കുകയെന്നത് ശ്രമകരമായ ജോലി തന്നെയാണ്. സ്ത്രീകളായാലും പുരുഷന്മാരായാലും ഇതൊരു വലിയ ജോലി തന്നെയാണ്. പൊതുവില്‍ സ്ത്രീകള്‍ വീടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുറെക്കൂടി അറിവും കഴിവും ഉള്ളവരാണ്. ഇതുപോലെ തന്നെ വീട് നല്ലതുപോലെ കൊണ്ടുനടക്കുന്ന പുരുഷന്മാരുമുണ്ട്. 

എന്തായാലും വീട് വൃത്തിയാക്കി വയ്ക്കുന്നതിനായി ചില പൊടിക്കൈകളെല്ലാം അറിഞ്ഞിരിക്കുന്നത് സ്ത്രീ ആയാലും പുരുഷനായാലും നല്ലതാണ്. അത്തരത്തിലൊരു പൊടിക്കൈ ആണിനി പങ്കുവയ്ക്കുന്നത്. 

അടുക്കളയിലെ സിങ്കിന് താഴെ സ്ഥലം ഒഴിവാണെങ്കില്‍ ഇവിടെ എന്തെങ്കിലുമൊക്കെ സൂക്ഷിക്കാനായി നമ്മള്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ സിങ്കിന് താഴെ ഒരു കാരണവശാലും സൂക്ഷിക്കാൻ പാടില്ലാത്ത ചിലതുണ്ട്. അവ എന്തെല്ലാമാണെന്നും, എന്തുകൊണ്ട് സൂക്ഷിക്കരുത് എന്നുമാണിനി പങ്കുവയ്ക്കുന്നത്.

ക്ലീനിംഗ് സാമഗ്രികള്‍...

മിക്കവാറും വീടുകളില്‍ സിങ്കിന് താഴെയുള്ള കാബിനില്‍ ക്ലീനിംഗ് സാമഗ്രികള്‍, ക്ലീനിംഗിന് ആവശ്യമായി വരുന്ന സൊലൂഷൻസ് എല്ലാം സൂക്ഷിക്കുന്നത് കാണാം. ക്ലീനിംഗ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കെമിക്കലുകളും സൊലൂഷനുകളുമൊന്നും സിങ്കിന് താഴെ വയ്ക്കാതിരിക്കുകയാണ് നല്ലത്. കാരണം സിങ്കിന് താഴെയുള്ള ഭാഗത്ത്, ഡോറുള്ള കാബിനാണെങ്കില്‍ അതിനകത്ത് വെന്‍റിലേഷൻ കുറവായിരിക്കും. വെന്‍റിലേഷനില്ലാത്ത സ്ഥലങ്ങളില്‍ കെമിക്കലുകള്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഇതില്‍ റിയാക്ഷൻസ് സംഭവിക്കാൻ സാധ്യതയുണ്ട്. ഇങ്ങനെയുള്ള വായു ശ്വസിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. 

കാര്‍ഡ്ബോര്‍ഡ്...

സിങ്കിന് താഴെയുള്ള ഒഴിഞ്ഞ ഭാഗങ്ങളില്‍ കാര്‍ഡ്ബോര്‍ഡ് ബോക്സുകള്‍ സൂക്ഷിക്കുന്നതും നല്ല പതിവല്ല. കാര്‍ഡ്ബോര്‍ഡുകള്‍ പെട്ടെന്ന് ചുറ്റിലുമുള്ള ഈര്‍പ്പം വലിച്ചെടുക്കും. സിങ്കിന് താഴെ എപ്പോഴും ഈര്‍പ്പം കാണും. ഈ കാര്‍ഡ്ബോര്‍ഡ് പിന്നീട് അവിടിരുന്ന് ചീഞ്ഞ് പൂപ്പല്‍ വരാം. ഇത് പാറ്റ, പല്ലി, എലി പോലുള്ള ജീവികള്‍ക്ക് അനുകൂലാന്തരീക്ഷം ഒരുക്കുകയും നമുക്ക് ആരോഗ്യപ്രശ്നങ്ങളും ശുചിത്വപ്രശ്നങ്ങളും ഉണ്ടാക്കുകയും ചെയ്യും. 

ഇലക്ട്രിക് ഉപകരണങ്ങള്‍...

സിങ്കിന് താഴെയുള്ള കാബിനില്‍ ഇലക്ട്രിക് ഉപകരണങ്ങളൊന്നും തന്നെ സൂക്ഷിക്കാതിരിക്കുക. കാരണം സിങ്കിന് താഴെ എന്തായാലും ജലാംശം ഉണ്ടായിരിക്കും. ഇത് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ചെന്നടിയുന്നത് പിന്നീടിവ ഉപയോഗിക്കുന്ന അവസരങ്ങളില്‍ അപകടം ക്ഷണിച്ചുവരുത്താം. അതുപോലെ ഉപയോഗമുള്ള സാധനങ്ങള്‍ പെട്ടെന്ന് നശിച്ചുപോകുന്നതിനും ഇടയാക്കും. 

ഭക്ഷണസാധനങ്ങള്‍...

ഭക്ഷണസാധനങ്ങളൊന്നും തന്നെ സിങ്കിന് താഴെയായി സൂക്ഷിക്കാതിരിക്കുകയാണ് നല്ലത്. ഒന്നാമതായി ഇതൊരു ശുചിത്വപ്രശ്നമാണ് ഉയര്‍ത്തുന്നത്. രണ്ടാമതായി ഭക്ഷണസാധനങ്ങള്‍ ഈര്‍പ്പം കയറി പെട്ടെന്ന് കേടായിപ്പോവുകയും പൂപ്പല്‍ കയറുകയും ചെയ്യുമെന്നതാണ് പ്രശ്നം. പൂപ്പല്‍ കയറിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് തീര്‍ച്ചയായും അപകടകരമാണ്. 

മരത്തിന്‍റെ സാധനങ്ങള്‍...

മരം കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള വീട്ടുസാധനങ്ങള്‍, ഉപകരണങ്ങള്‍, പാത്രങ്ങള്‍, പലക, ചിരവ എന്നിങ്ങനെ ഒന്നും സിങ്കിന് താഴെയായി സൂക്ഷിക്കാതിരിക്കുക. കാരണം ഇവിടെ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ അത് മരത്തില്‍ പറ്റിപ്പിടിച്ച് പൂപ്പല്‍ പരാനും, സാധനങ്ങള്‍ എളുപ്പത്തില്‍ കേടാകാനുമെല്ലാം ഇടയാക്കും.

Also Read:- ഈ സീസണില്‍ വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ അത് അപകടം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം;-

youtubevideo