കാടുകളിലൂടെ യാത്ര ചെയ്ത് വന്യമൃഗങ്ങളുടെ ചിത്രമെടുക്കലാണ് കെനിയക്കാരനായ ഗ്രെന്‍ സൗര്‍ബിയെന്ന അറുപത്തിയൊമ്പതുകാരന്റെ വിനോദം. വിനോദം മാത്രമല്ല, അദ്ദേഹത്തിന്റെ ജോലിയും അതുതന്നെയാണ്. 

വര്‍ഷങ്ങളായി ഒരു വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ വേഷത്തില്‍ കാടുകളിലൂടെ കയറിയിറങ്ങുന്നു ഗ്രെന്‍. എത്രയോ മൃഗങ്ങളുടെ പടങ്ങളെടുത്തു. മറക്കാനാകാത്ത എത്രയോ അനുഭവങ്ങള്‍ കാടുകളും അവിടങ്ങളില്‍ ചിലവിട്ട സമയങ്ങളും ഗ്രെന്നിന് നല്‍കി. 

എന്നാല്‍ കഴിഞ്ഞ മാസം കെനിയയിലെ മസായ് മറയില്‍ വച്ചുണ്ടായ അനുഭവമാണ് തന്റെ ആകെ ജീവിതത്തിലെ അനുഭവങ്ങൡത്തന്നെ അമൂല്യമായതെന്ന് ഇദ്ദേഹം പറയുന്നു. പതിവുപോലെ കാട്ടിനകത്തെ സഞ്ചാരത്തിലായിരുന്നു അന്നും ഗ്രെന്‍. 

ഒറ്റതിരിഞ്ഞുള്ള നടപ്പിനിടെ അകലെയല്ലാതെ ഒരു സിംഹമുണ്ടെന്ന് ഗ്രെന്‍ മനസിലാക്കി. കാടിനോട് ഇടപഴകിയ വര്‍ഷങ്ങളുടെ പരിചയമാണത്. ഗ്രെന്നിനാണെങ്കില്‍ സിംഹങ്ങളുടെ പടം എത്രയെടുത്താലും മതിവരില്ല. പുതിയ എന്തെങ്കിലും തടയുമോ എന്ന ചിന്തയില്‍ ഗ്രെന്‍ ക്യാമറ ഫോക്കസ് ചെയ്തുതുടങ്ങി. 

ഉഗ്രനൊരു സിംഹം. പ്രതാപിയായി ഇങ്ങനെ തനിയെ നടന്നുവരികയാണ്. ഗ്രെന്‍ ക്യാമറയുമായി സിംഹത്തിന്റെ അടുത്തേക്ക് പതിയെ നീങ്ങി. ഉള്ളില്‍ പേടിയുണ്ടായിരുന്നുവെങ്കിലും ധൈര്യം സംഭരിച്ചാണ് നീക്കം. സിംഹവുമായി ഏതാണ്ട് 15 മീറ്ററോളം ദൂരമേ വരൂ. ഗ്രെന്‍ കാട്ടിലെ രാജാവിന്റെ ക്ലോസപ്പ് പകര്‍ത്താനായി തയ്യാറെടുത്തു. 

പടം ക്ലിക്ക് ചെയ്യുന്നതിന് തൊട്ടമുമ്പായി അപ്രതീക്ഷിതമായി സിംഹം വായ പിളര്‍ന്ന് നീട്ടിയൊരു അലര്‍ച്ചയാണ്. അക്ഷരാര്‍ത്ഥത്തില്‍ കിടുങ്ങിപ്പോയെന്നാണ് ഗ്രെന്‍ പറയുന്നത്. എങ്കിലും ക്യാമറ കൈ വിട്ടില്ല. ആ അലര്‍ച്ചയുടെ ചിത്രവും അങ്ങനെ അബദ്ധത്തില്‍ കയ്യില്‍ വന്നുവീണു. 

താന്‍ എത്ര വലിയ മൃഗമാണ്, എന്നൊന്ന് കാണിക്കുന്നത് പോലെയായിരുന്നുവത്രേ പടമെടുക്കും മുമ്പേയുള്ള സിംഹത്തിന്റെ ആ അലര്‍ച്ച. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത്ര രസകരമായാണ് ഗ്രെന്‍ ആ സംഭവത്തെ തിരിച്ചെടുക്കുന്നത്. എന്തായാലും അലര്‍ച്ചയ്ക്ക് ശേഷം ആശാന്‍ ഉഗ്രനൊരു പോസും കൊടുത്ത് അനുഗ്രഹിച്ച ശേഷമാണ് ഗ്രെന്നിനെ തിരിച്ചയത്. താനെടുത്ത സിംഹങ്ങളുടെ ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതെന്നാണ് ഗ്രെന്‍ ഈ ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്.