ജോലി കഴിഞ്ഞു വൈകുന്നേരം വീട്ടില്‍ എത്തിയാലും ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം അവസാനിക്കുന്നില്ല എന്നതാണ് പലരും നേരിടുന്ന അവസ്ഥ. 2018ല്‍ നടത്തിയ സര്‍വ്വേ തെളിയിക്കുന്നത് ഇന്ത്യയില്‍ പത്തില്‍ ഒന്‍പതാളുകള്‍ ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നു എന്നാണ്. 

ഇന്ത്യയില്‍ എട്ടില്‍ ഒരാള്‍ മാനസിക സമ്മര്‍ദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ ബുദ്ധിമുട്ടുന്നു. നീണ്ടകാലം മാനസിക സമ്മര്‍ദ്ദം പരിഹരിക്കപ്പെടാതെ തുടരുന്നത് മനസ്സിന്‍റെ സമാധാനം കെടുത്തികളയും എന്നു മാത്രമല്ല, അതുമൂലംശാരീരിക രോഗലക്ഷണങ്ങളും പ്രകടമാകാന്‍ തുടങ്ങും.

ജോലിയിലെ ടെന്‍ഷന്‍ കഠിനമായ തലവേദന, വയര്‍വേദന, ഉറക്കക്കുറവ്, ദേഷ്യം, ശ്രദ്ധക്കുറവ് എന്നിവയ്ക്കുള്ള പ്രധാന കാരണമാണ്. ടെന്‍ഷന്‍ സഹിക്കാനാവാതെ ജോലി ഉപേക്ഷിച്ചു പോകുന്ന ആളുകളുടെ എണ്ണം ഇന്നു കൂടിവരികയാണ്. ഇന്ന് ടെന്‍ഷന്‍ ഇല്ലാത്ത ജോലികള്‍ വളരെ കുറവാണ്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സ്വയം പ്രാപ്തരാവുക എന്നതാണ് ഇതിനെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.

ഈ ലക്ഷണങ്ങള്‍ പരിശോധിക്കാം...

1.    സ്വയം വിമര്‍ശനം അമിതമായി നടത്താറുണ്ടോ?
2.    ലക്ഷ്യത്തില്‍ എത്താന്‍ കഠിനമായി ശ്രമിക്കുമ്പോഴും അതില്‍ സന്തോഷം കിട്ടാതെ വരുന്നുണ്ടോ?
3.    വിശ്രമമില്ലാതെ ജോലി ചെയ്യാറുണ്ടോ?
4.    ഒപ്പം ജോലിചെയ്യുന്നവര്‍ പ്രതീക്ഷയ്ക്കൊത്തു പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ വല്ലാതെ ദേഷ്യം തോന്നാറുണ്ടോ?
5.    ഒരേ സമയം പല കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യുകയും എല്ലാത്തിലും പെര്‍ഫെക്ഷന്‍ ആഗ്രഹിക്കുകയും ചെയ്യാറുണ്ടോ?
6.    അല്‍പസമയമെങ്കിലും മനസ്സിനെ ശാന്തമാക്കുക അസാധ്യമാണോ?
7.    ക്ഷമയില്ലായ്മ അനുഭവപ്പെടാറുണ്ടോ?
8.    ഉറക്കമില്ലായ്മയും വിശപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ടോ?
9.    ക്ഷീണം, തുടരെ തുടരെ ശാരീരിക രോഗങ്ങള്‍ എന്നിവയുണ്ടോ?
10.    തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്നുണ്ടോ?
11.    കുറച്ചു കാലമായി ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മറവി എന്നിവയുണ്ടോ?
12.    നെഗറ്റീവ് ചിന്തകള്‍ മനസ്സിലേക്കു വരുന്നുണ്ടോ?

മാനസിക സമ്മര്‍ദ്ദം പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം...

നീണ്ടകാലം ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം നിലനില്‍ക്കുന്നത് ശാരീരിക രോഗങ്ങള്‍ക്കും വ്യക്തിബന്ധങ്ങളുടെ തകര്‍ച്ചയ്ക്കും കാരണമായേക്കാം.ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദംമൂലം ശരീരത്തിനു രോഗമുണ്ടെന്ന തോന്നല്‍ എന്നിവയ്ക്ക് സാധ്യത ഇവരില്‍ കൂടുതലാണ്. 

മുഴുവന്‍ സമയവും ജോലിയില്‍ ശ്രദ്ദ കേന്ദ്രീകരിക്കുന്നത് കുടുംബ ബന്ധത്തെയും സൗഹൃദങ്ങളെയും ദോഷകരമായി ബാധിക്കും. ഓഫീസില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്ത ദേഷ്യം വീട്ടിലുള്ളവരോടു പ്രകടമാക്കുന്ന രീതി ചിലര്‍ക്കുണ്ട്.
ഇതെല്ലാം കുടുംബപ്രശ്നങ്ങള്‍ക്കും കാരണമാകും. എപ്പോഴെങ്കിലും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആരോടെങ്കിലും തുറന്നു സംസാരിക്കണം എന്നാഗ്രഹിച്ചാലും കേള്‍ക്കാന്‍ നല്ല സുഹൃത്തുക്കള്‍ ഇല്ലാത്ത ഒറ്റപ്പെടല്‍ അനുഭവപ്പെടുന്ന അവസ്ഥ ഇതുമൂലം ഉണ്ടാകും.

ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ....

•    എന്താണ് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തിന്‍റെ കാരണം എന്ന് തിരിച്ചറിയുക
•    അനാരോഗ്യകരമായ മാര്‍ഗ്ഗങ്ങളിലൂടെ (മദ്യം,മയക്കുമരുന്ന്‍) മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനു പകരം വ്യായാമം, വായന, വിനോദങ്ങള്‍ എന്നിവയ്ക്കായി സമയം കണ്ടെത്തുന്നത് മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കും 
•    കൂടെ ജോലി ചെയ്യുന്നവരുമായി കഴിവതും പ്രശ്നങ്ങള്‍ ഒഴിവാക്കുക
•    എടുത്തുചാടി പ്രതികരിക്കുന്ന രീതി ഒഴിവാക്കുക
•    ഒപ്പം ജോലി ചെയ്യുന്നവരെപ്പറ്റി അപവാദങ്ങള്‍ പറയാന്‍ ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ പ്രോത്സാഹിപ്പിക്കാതെ ഇരിക്കുക
•    ജോലികളില്‍ വരുന്ന പോരായ്മകളെ പരാജയമായി കാണാതെ കഴിവുകളെ മെച്ചപ്പെടുത്തിയെടുക്കാന്‍ സഹായിക്കുന്ന അവസരങ്ങളായി കാണുക
•    മാനസിക സമ്മര്‍ദ്ദം വലിയ അളവില്‍ അനുഭവപ്പെടുന്നു എങ്കില്‍ മന:ശാസ്ത്രവിദഗ്‌ദ്ധരുടെ സഹായത്തോടെ റിലാക്സേഷന്‍ ട്രെയിനിംഗ് ആരംഭിക്കാം

കടപ്പാട്:
പ്രിയ വര്‍ഗീസ് (M.Phil MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്(RCI Registered)
റാന്നി, പത്തനംതിട്ട
ഫോൺ: 8281933323
Telephone counselling available (Free 15min consultation) 10am-2pm