Asianet News MalayalamAsianet News Malayalam

എല്ലാം നഷ്ടപ്പെട്ടുവെന്ന തോന്നൽ വേണ്ട; നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം...

പ്രളയത്തെ നേരിടുന്ന ഈ സാഹചര്യത്തില്‍ വലിയ ഭീതിജനകമായ ഒരന്തരീക്ഷമാണ് ഇപ്പോള്‍ നമുക്ക് ചുറ്റും. ഈ സമയം മനസ്സിനെ ആശ്വസിപ്പിക്കാന്‍ സഹായകരമായ ചില കാര്യങ്ങള്‍.

priya varghese column about kerala flood people depression
Author
Trivandrum, First Published Aug 12, 2019, 9:47 AM IST

പലപ്പോഴും നമ്മുടെ സങ്കടങ്ങളും പ്രശ്നങ്ങളും ഒന്നും ആരോടും പറയരുത് എന്ന ഒരു സന്ദേശമാവും നമുക്കൊക്കെ ചെറുപ്പം മുതലേ കിട്ടിയിട്ടുണ്ടാവുക. എന്നാല്‍ നമുക്ക് പനിയാണ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ട്, ഹൃദ്രോഗമാണ് എന്നൊക്കെ പറയുന്നതില്‍ തെറ്റുള്ളതായും ആരും നമ്മളോടു പറയാറില്ല. മറ്റുള്ളവരുടെ ചോദ്യങ്ങളെയും, അവര്‍ നമ്മെ ഒറ്റപ്പെടുത്തുകയുമെല്ലാം ചെയ്യും എന്ന ഭയമാണ് പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത്. 

എനിക്ക് ടെന്‍ഷനാണെന്നോ, എനിക്ക് വല്ലാത്ത ദുഃഖമാണ് എന്നോ പറയുന്ന ഒരാള്‍ക്ക് ശാരീരിക രോഗമുള്ള ഒരാള്‍ക്ക് കൊടുക്കുന്ന പരിഗണനയോ സഹതാപമോ നൽകാന്‍ നമ്മുടെ സമൂഹം ഇന്നും പൂര്‍ണ്ണമായും പ്രാപ്തരായിട്ടില്ല.
പ്രശ്നങ്ങള്‍ ആരോടും പറയാതെ ഒതുക്കിവയ്ക്കുന്ന രീതിയുള്ളവര്‍ക്ക് എല്ലായ്പ്പോഴും അതിനെ കൈക്കാര്യം ചെയ്യാന്‍ കഴിഞ്ഞു എന്നു വരില്ല.

പലപ്പോഴും ഉയര്‍ന്ന നിലയിലുള്ള  മാനസിക സമ്മര്‍ദ്ദത്തിനതു കാരണമാകും. മറ്റുള്ളവരുടെ മുന്നില്‍ നോര്‍മ്മലായി കാണപ്പെടുമ്പോഴും ആ വ്യക്തി അനുഭവിക്കുന്ന മാനസിക പിരിമുറുക്കം വളരെ വലുതായിരിക്കും. ചിലപ്പോള്‍ ശാരീരിക രോഗങ്ങളുടെ രൂപത്തിലും ഇതെല്ലാം പുറമേ പ്രകടമാക്കാനും മനസ്സു ശ്രമിച്ചെന്നു വരാം. കാലങ്ങളായി ചികിത്സിച്ചിട്ടും എന്തെന്നു കൃത്യമായി കാരണം കണ്ടുപിടിക്കാന്‍ കഴിയാത്ത ശാരീരിക പ്രശ്നങ്ങളുടെ ഉറവിടം ആ വ്യക്തി അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദമാകാം. 

കഠിനമായ ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പു കൂടുതലോ കുറവോ വരുന്ന അവസ്ഥ, ഉറക്കക്കുറവ് എന്നിവയെല്ലാം ചില ഉദാഹരണങ്ങളാണ്. പലപ്പോഴും നമുക്കെല്ലാമുള്ള ചിന്ത ഇതെല്ലാം എനിക്ക് മാത്രമുള്ള ഒരു പ്രശ്നമാണ് എന്നാണ്. എന്നാല്‍ ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ കാണിക്കുന്നത് നാല് പേരില്‍ ഒരാള്‍ മാനസികപ്രശ്നം അനുഭവിക്കുന്നു എന്നാണ്. അത്രത്തോളംസാധാരണമാണ് മനസ്സിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിരിക്കെ പൊതുസമൂഹത്തിന് അവയെപ്പറ്റിയുള്ള മനോഭാവത്തില്‍ കാര്യമായ മാറ്റം വരേണ്ടിയിരിക്കുന്നു. 

എന്നാല്‍ മാത്രമേ ആളുകള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായം തേടുകയും അതുവഴി ശരീരത്തിന്‍റെ ആരോഗ്യം പോലെ മനസ്സിനും ആരോഗ്യമുള്ള നിലയില്‍ സമൂഹത്തെ മാറ്റിയെടുക്കാനും നമുക്കാവൂ. മാനസിക പ്രശ്നങ്ങള്‍ എന്നാല്‍ ഒരു വ്യക്തിയുടെ പരാജയമല്ല. ഏതു പ്രായക്കാരിലും, ഏതു വിദ്യാഭ്യാസ യോഗ്യത ഉള്ളവരിലും, ഏതു സാമ്പത്തിക സ്ഥിതിയുള്ളവരിലും മാനസികസമ്മര്‍ദ്ദം ഉടലെടുക്കാം. അതു തിരിച്ചറിയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. 

നിങ്ങൾ ചെയ്യേണ്ടത് ....

പ്രളയത്തെ നേരിടുന്ന ഈ സാഹചര്യത്തില്‍ വലിയ ഭീതിജനകമായ ഒരന്തരീക്ഷമാണ് ഇപ്പോള്‍ നമുക്ക് ചുറ്റും. ഈ സമയം മനസ്സിനെ ആശ്വസിപ്പിക്കാന്‍ സഹായകരമായ ചില കാര്യങ്ങള്‍

•    മനസ്സില്‍ ഭീതിയുണ്ടാക്കുന്ന കാര്യങ്ങള്‍ അടുത്ത വ്യക്തികളുമായി തുറന്നു സംസാരിക്കാം 
•    വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ മാത്രം കണക്കിലെടുക്കുക
•    മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ അനാരോഗ്യകരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെയിരിക്കുക. ഉദാ: മദ്യം, മയക്കുമരുന്ന്
•    ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ മനസ്സു ശാന്തമായതിനു ശേഷം മാത്രമെടുക്കുക. ഉദാ: ജോലി മാറുക, ജോലി ഉപേക്ഷിക്കുക എന്നിവ
•    സാഹചര്യത്തില്‍ വന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ മനസ്സിനു സമയം കൊടുക്കുക 
•    നഷ്ടങ്ങള്‍സംഭവിച്ചതിനു സ്വയം കുറ്റപ്പെടുത്താതെ ഇരിക്കുക
•    നടന്ന സംഭവങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളും ഭയവും മാറാതെ നില്‍ക്കുന്നു എങ്കില്‍ അതു തുറന്നു പറഞ്ഞു മന:ശാസ്ത്ര സഹായം തേടാം (മനസ്സിന്‍റെ പ്രതികരണങ്ങള്‍ തികച്ചും സ്വാഭാവികമാണ് എന്ന് തിരിച്ചറിയുക)
•    സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും
•    ഉറങ്ങാനും, ഭക്ഷണം കഴിക്കാനും ശ്രമിക്കുക.
•    ഉത്‌ക്കണ്‌ഠ, വിഷാദം എന്നീ അവസ്ഥയിലേക്ക‌് പോയവരില്‍ ചികിത്സയിലൂടെ പരിഹാരം കണ്ടെത്താം
•    മന:ശാസ്ത്ര ചികിത്സയ്ക്കായി തയ്യാറാകുന്നവരില്‍ സമാനമായ പ്രശ്നം അഭിമുഖീകരിക്കുന്നവരുമായി ചര്‍ച്ചചെയ്തു പരസ്പരം സഹായമാകാന്‍ കഴിയുന്ന ഗ്രൂപ്പ് തെറാപ്പിയ്ക്ക് അവസരമുണ്ടാക്കാം.
•    അല്പസമയം ശാന്തമായി കണ്ണുകള്‍ അടച്ചുശ്വാസത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. 

എഴുതിയത്

പ്രിയ വര്‍ഗീസ്(M.Phil, MSP)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
റാന്നി, പത്തനംതിട്ട
PH: 8281933323
Telephone counselling also available from 10am to 2pm


 

Follow Us:
Download App:
  • android
  • ios