അടുത്ത് നില്‍ക്കുന്നയാള്‍ ചൂയിംഗം ചവക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ദേഷ്യം വരാറുണ്ടോ? ഗ്ലാസില്‍ സ്പൂണിട്ട് ഇളക്കുമ്പോഴുള്ള ശബ്ദം കേള്‍ക്കുമ്പോഴോ? എന്തെങ്കിലും ബുദ്ധിമുട്ട് തോന്നാറുണ്ടോ? ചില ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരുണ്ട്.  അടുത്ത് നില്‍ക്കുന്നയാള്‍  ഭക്ഷണം കഴിക്കുന്ന ശബ്ദം, നടക്കുന്ന ശബ്ദം , ബ്ലാക്ക് ബോര്‍ഡില്‍ ചോക്കിട്ട് എഴുതുന്ന ശബ്ദം തുടങ്ങിയവയൊക്കെ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ നിസാരമായി കാണരുത്. 

നമ്മളില്‍ പലര്‍ക്കും അനുഭവപ്പെട്ടിട്ടുള്ള ഒന്നാകുന്നു ചില ശബ്ദങ്ങള്‍ ഇഷ്ടപ്പെടാന്‍ പറ്റാത്തത്. ഒരേ ഓഫീസില്‍ ശ്രദ്ധിച്ചു ജോലിചെയ്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്ക് തൊട്ടടുത്ത സീറ്റിലിരുന്ന് സഹപ്രവര്‍ത്തകന്‍ ബാള്‍പെന്നിന്റെ ബട്ടണ്‍ തുടര്‍ച്ചയായി അമര്‍ത്തിക്കൊണ്ടിരിക്കുന്ന ശബ്ദം പോലും അരോചകമാവുന്നു. അയാളുടെ മസ്തിഷ്‌ക വ്യാപാരം പറയുന്നു ചെറിയ ശബ്ദം പോലും അരോചകമാണെന്ന്. അങ്ങിനെ അരോചകമാവുന്നതെന്തുകൊണ്ടാണ്? മിസോഫോണിയ (Misophonia) എന്ന അവസ്ഥയാണിത്.  എന്താണ് എമിസോഫോണിയ ?

മിസോഫോണിയ എന്ന വാക്കിന്‍റെ അര്‍ത്ഥം ശബ്ദവിരോധം എന്നാണ്. എന്നാല്‍ ഈ സ്വഭാവ വിശേഷമുള്ള ഒരാള്‍ക്ക് എല്ലാ ശബ്ദങ്ങളോടും വിരോധമുണ്ടായിരിക്കയില്ല. മിസോഫോണിയ ഉള്ള ഒരാള്‍ക്ക് ചിലശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ വിരോധത്തിന്റെ കാഞ്ചി വലിക്കപ്പെടുകയാണ് ചെയ്യുന്നത്. 

മീസോഫോണിയ അനുഭവപ്പെടുന്ന ഒരാള്‍ക്ക് ചെവിയുടെ തകരാറല്ല കാരണം. മറിച്ച് ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ചില ഉള്‍ പ്രേരണകളാകുന്നു എന്നാണ് കറന്‍റ്  ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. സെലക്റ്റ് സൗണ്ട് സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം (select sound sensitivity syndrome) എന്നും സൗണ്ട് റെയ്ജ് (sound rage) എന്നും ഇതിനെ പറയുന്നത് എന്നും പഠനം പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശബ്ദത്തോടുള്ള അമര്‍ഷം. 

വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. പ്രതിദിന ജീവിതശൈലികളില്‍ കുറച്ചുമാറ്റം വരുത്തിയാല്‍  ഈ രോഗത്തെ ഒരു പരിധിവരെ തടയാം. ഒട്ടും സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.