സ്ത്രീകള്‍ ജീവിക്കാന്‍ ഏറ്റവുമധികം ഭയപ്പെടേണ്ട രാജ്യങ്ങളിലൊന്നായി 'തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ പോള്‍' 2018ല്‍ ഇന്ത്യയെ പട്ടികപ്പെടുത്തിയിരുന്നു. അതിന് ശേഷം കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലും രാജ്യം ഏറെ പിന്നിലെന്ന് കാണിക്കുന്ന കണക്കുകള്‍ പുറത്ത്. 

ഇത് സംബന്ധിച്ച്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഓരോ വര്‍ഷവും ബലാത്സംഗങ്ങളുടെയും കുട്ടികള്‍ക്കെതിരായ ബലാത്സംഗങ്ങളുടെയും എണ്ണം പെരുകിവരികയാണെന്ന് കാണിക്കുന്ന കണക്ക്, 2016 വരെയുള്ള കേസുകളെ കുറിച്ചാണ് പ്രധാനമായും പറയുന്നത്. 

2016ല്‍ രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മദ്ധ്യപ്രദേശിലാണത്രേ. 4,882 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2,479 എണ്ണവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരെയുള്ളതായിരുന്നു. 

ഉത്തര്‍പ്രദേശിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2016ല്‍ കുട്ടികള്‍ക്കെതിരായ ബലാത്സംഗക്കേസുകളില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2015ല്‍ 10,934 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് 2016ല്‍ 20,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ നിരവധി കുട്ടികളെ ബലാത്സംഗത്തിന് ശേഷം പ്രതികള്‍ കൊന്നുകളഞ്ഞിരിക്കുന്നു. 

ഞെട്ടിക്കുന്ന കാരണങ്ങള്‍...

ഈ കണക്കുകളെക്കാള്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. ലോകമെന്തെന്ന് തിരിച്ചറിയാന്‍ പോലും പാകമാകാത്ത പ്രായത്തില്‍ കുരുന്നുകളെ ബലാത്സംഗം ചെയ്ത് കൊന്ന് തള്ളാന്‍ പ്രതികളെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍!  

ഇക്കഴിഞ്ഞ 9ന് ഉത്തര്‍പ്രദേശിലെ ജലൗനില്‍ ഏഴുവയസ്സുകാരിയുടെ നഗ്നമായ മൃതശരീരം കണ്ടെടുത്തിരുന്നു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന. താനുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്ന അയല്‍വാസികളാണ് കൃത്യത്തിന് പിന്നിലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

ഇനി, മറ്റൊരു സംഭവം നോക്കാം. ഈ മാസം 7ന് ഖൊരഖ്പൂരില്‍ ഒരു പന്ത്രണ്ടുകാരി കൂട്ട ബലാത്സംഗത്തിനിരയായി. സ്വന്തം വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുവന്നതിന് ശേഷം ആറ് പേര്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. വീടിന് സമീപം ചാല്‍ വെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍, വൈരാഗ്യം തീര്‍ക്കാനായിരുന്നുവത്രേ പ്രതികള്‍ കൃത്യം ചെയ്തത്. 

കഴിഞ്ഞ 30ന് അലിഗഡിലെ ഠപ്പലില്‍ നിന്ന് രണ്ടര വയസുകാരിയെ കാണാതായ സംഭവത്തിലും സമാനമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നത്. അതായത്, 30ന് കുഞ്ഞിനെ കാണാതായ ശേഷം. ജൂണ്‍ 2ന് മാലിന്യക്കൂനയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്. 10,000 രൂപയുടെ കടവുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെ തുടര്‍ന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ കൊല ചെയ്തത് എന്നാണ് സൂചന. എന്നാല്‍ ഈ കേസില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. 

'ബലാത്സംഗക്കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വര്‍ദ്ധനയും അതിന്റെ കാരണങ്ങളും സൂക്ഷമമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു. നമ്മുടെ രാജ്യത്ത് വലിയ അളവില്‍ തൊഴിലില്ലായ്മയുണ്ട്. സാമ്പത്തികപ്രശ്‌നമുണ്ട്. ലോകത്തില്‍ വച്ചേറ്റവുമധികം മാനസികപ്രശ്‌നങ്ങളുള്ള ജനതയിലൊന്ന് ഇന്ത്യക്കാരാണ്. ഈ പ്രശ്‌നങ്ങളോടൊക്കെ സര്‍ക്കാരിനുള്ള നിലപാടെന്താണ്? ശിക്ഷകള്‍ ഇങ്ങനെ കൂടെക്കൂടെ കടുപ്പിക്കുന്നതിലൊന്നും യഥാര്‍ത്ഥത്തില്‍ ഒരര്‍ത്ഥവുമില്ല...'- സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായ റെബേക്ക ജോണ്‍ പറയുന്നു.

വീട്ടുകാര്‍ തമ്മിലുള്ള വഴക്ക്, വൈരാഗ്യം, പണമിടപാടുമായി ബന്ധപ്പെട്ടുണ്ടാകുന്ന വാക്കുതര്‍ക്കം- എന്നിങ്ങനെയുള്ള കാരണങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനും കൊന്നുകളയുന്നതിനും കാരണമാകുന്നുവെന്നത് ഞെട്ടിക്കുന്ന വസ്തുതകളാണെന്നും ഇത് കൂടുതല്‍ അന്വേഷണങ്ങളും പരിശോധനകളും ആവശ്യമായ വിവരങ്ങളാണെന്നും തന്നെയാണ് സാമൂഹിക പ്രവര്‍ത്തകരുടെ അഭിപ്രായം. അതോടൊപ്പം തന്നെ കുട്ടികള്‍ക്കെതിരായ ബലാത്സംഗങ്ങള്‍ക്ക് പിന്നില്‍ മറ്റേതെങ്കിലും കാരണങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവ കണ്ടെത്തപ്പെടണമെന്നും അവയും പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.