മുമ്പത്തെപ്പോലെ ഭംഗിയായി ഉത്തരവാദിത്വങ്ങൾ ചെയ്യാൻ കഴിയുന്നില്ല എന്ന തോന്നൽ അവരെ വളരെ വിഷമിപ്പിക്കും. താൻ ചെയ്യുന്ന പ്രവർത്തികളിൽ ഉയന്ന നിലവാരം ഉണ്ടെന്ന് ഉറപ്പാക്കാൻ അവർ പണ്ടുമുതലേ വളരെ അധികം ശ്രദ്ധിച്ചിരിക്കും. 

ജീവിതത്തിൽ ഒരുപാട് വിജയങ്ങൾ ഉള്ള ആളുകൾ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്? നമ്മുടെ സമൂഹത്തിൽ വ്യക്തികളുടെ മാനസികാരോഗ്യം ഏതു നിലയിലാണ് എന്ന് വളരെ ഗൗരവമായി ചിന്തിക്കേണ്ടതായുണ്ട്. ആത്മഹത്യാ ചിന്തകളുടെ കാരണങ്ങൾ പരിശോധിക്കാം.

സ്ട്രെസ് 

ഒരു ദിവസത്തിൽ അധികം സമയവും ജോലി ചെയ്യേണ്ടി വരിക (ഉദാ: 12-16 മണിക്കൂർ ഒക്കെ ജോലി ചെയ്യുന്ന ആളുകൾ ഉണ്ട്), ഒരുപാട് ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടി വരിക എന്നിവ മനസ്സിനെ സമ്മർദ്ദത്തിലാക്കും. ചെയ്യുന്ന ജോലികളിൽ അമിതമായ കൃത്യത ആവശ്യമായി വരുന്ന ജോലിയുമാണ് എങ്കിൽ അത് മനസ്സിന് സമ്മർദ്ദം ഉണ്ടാക്കാൻ സാധ്യത അധികമാണ്. 

വിഷാദരോഗം (depression)

കഴിവും ബുദ്ധിയുമുള്ള ആളുകൾക്കും വിഷാദം അനുഭവപ്പെട്ടേക്കാം. പക്ഷേ എല്ലാവരും അറിയുന്ന, സമൂഹത്തിൽ വിലയുള്ള ഒരു വ്യക്തിക്ക് മനസ്സിൽ വിഷമം അനുഭവപ്പെട്ടാൽ തുറന്നുപറയുക വളരെ എളുപ്പമാകണം എന്നില്ല. മറ്റുള്ളവർ തന്നെ എങ്ങനെ വിലയിരുത്തും, പരിഹാസം കേൾക്കേണ്ടി വരുമോ എന്ന പേടി വലിയ രീതിയിൽ അവരെ ബാധിച്ചേക്കാം. സമൂഹം ഇപ്പോഴും മാനസിക പ്രശ്നത്തെ കളിയാക്കലോടെയാണ് കാണുന്നത്. ഇന്നും പല സിനിമകളിലും വളരെ തമാശയായി മാനസിക പ്രശ്നങ്ങളെ അവതരിപ്പിക്കുന്നു. ഇതിനു മാറ്റം വന്നാലേ ആളുകൾ മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു എന്നു തുറന്നുപറയാനും, അതുവഴി ആത്മഹത്യകൾ തടയാനും നമുക്കാവൂ.

 പരാജയഭയവും, എല്ലാം പെർഫെക്റ്റ് ആകണമെന്ന നിർബന്ധവും 

മുമ്പത്തെപ്പോലെ ഭംഗിയായി ഉത്തരവാദിത്വങ്ങൾ ചെയ്യാൻ കഴിയുന്നില്ല എന്ന തോന്നൽ അവരെ വളരെ വിഷമിപ്പിക്കും. താൻ ചെയ്യുന്ന പ്രവർത്തികളിൽ ഉയന്ന നിലവാരം ഉണ്ടെന്ന് ഉറപ്പാക്കാൻ അവർ പണ്ടുമുതലേ വളരെ അധികം ശ്രദ്ധിച്ചിരിക്കും. ആരോഗ്യ പ്രശ്നങ്ങൾകൊണ്ടോ, മറ്റെന്തെങ്കിലും സാഹചര്യങ്ങൾകൊണ്ടോ അത് സാധ്യമല്ല എന്ന് വരുമ്പോൾ അതവരെ വല്ലാതെ അസ്വസ്ഥരാക്കും. പരാജയം ഉണ്ടാകുക എന്നതിനെ അവർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാതെ വരും.

 ആരോടും പ്രശ്നങ്ങൾ പറയാൻ കഴിയാതെ വരുമ്പോൾ 

ജീവിതത്തിൽ വിജയിച്ച ആളുകൾക്ക് ഒരു പ്രശ്നങ്ങളും ജീവിതത്തിൽ ഉണ്ടാവില്ല എന്ന തെറ്റായ ധാരണ പലർക്കുമുണ്ട്. എത്രയും പ്രശസ്തിയും സമ്പത്തുമുള്ള ഒരാൾ എന്തിനാണ് സങ്കടപെടുന്നത്, എല്ലാം വെറും തോന്നലാണെന്ന മട്ടിൽ അടുപ്പം ഉള്ള ഒരു വ്യക്തി പ്രതികരിച്ചേക്കാം. അവരെ മനസ്സിലാക്കാൻ ആർക്കും കഴിയുന്നില്ല എന്ന തോന്നൽ ഉളവാക്കാൻ ഇതു കാരണമാകും.

 ഒറ്റപ്പെടൽ തോന്നുക 

ജോലിയിലെ തിരക്കു കാരണം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചിലവഴിക്കാൻ സമയം ഇല്ലാത്ത അവസ്ഥ ഭാവിയിൽ ഒരു പ്രശ്നം വരുമ്പോൾ ഒറ്റപ്പെടൽ തോന്നാൻ കാരണമാകും. 

സാമ്പത്തിക പ്രശ്നങ്ങൾ 

വിജയിച്ച വ്യക്തികൾക്കും സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടായേക്കാം. അവർ നിക്ഷേപിച്ച പണം നഷ്ടമാവുക പോലെയുള്ള സാഹചര്യങ്ങൾ അവരിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കും. സാമ്പത്തിക നഷ്ടം ഉണ്ടാകുമ്പോൾ സമൂഹത്തെ എങ്ങനെ ഫേസ് ചെയ്യും എന്ന ചിന്തയും അവരെ വല്ലാതെ വിഷമിപ്പിക്കും.

വ്യക്തിപരമായ പ്രശ്നങ്ങൾ 

കുടുംബത്തിലെ പ്രശ്നങ്ങൾ, വിവാഹബന്ധം വേർപിരിയുന്ന അവസ്ഥ, കുറ്റബോധം തോന്നുക എന്നിവയും ജീവിതം അവസാനിപ്പിക്കാം എന്ന ചിന്ത ഉണ്ടാക്കും. വിജയിച്ച ഒരാൾക്ക് മാനസികമായ സമ്മർദ്ദം ഉണ്ടാവില്ല എന്ന തെറ്റായ ധാരണ മാറണം. ഒരാളുടെ കഴിവ്, ബുദ്ധി, സാമ്പത്തിക സ്ഥിതി, വിദ്യാഭ്യാസം, പ്രായം, ജോലി എന്നിവയൊന്നും അടിസ്ഥാനമാക്കി അവർക്ക് മാനസിക പ്രശ്നങ്ങൾ വരില്ല എന്ന് പറയാനാവില്ല. മാനസിക സമ്മർദ്ദം കൂടിവരുന്ന ഈ കാലഘട്ടത്തിൽ എനിക്ക് ഒരു സങ്കടം ഉണ്ട് എന്ന് ഒരു വ്യക്തിക്ക് തുറന്നു പറയാൻ കഴിയുന്ന സാഹചര്യം നമ്മുടെ സമൂഹത്തിൽ ഉണ്ടാകണം. കുട്ടികൾ ഉൾപ്പടെ എല്ലാ പ്രായക്കാരിലും മനസികാരോഗ്യത്തിന്റെ പ്രാധാന്യം എന്താണെന്ന അവബോധം വളർത്തിയെടുക്കാൻ നമ്മൾ ശ്രദ്ധിക്കണം.

(ലേഖിക പ്രിയ വർ​ഗീസ് തിരുവല്ലയിലെ ബ്രീത്ത് മെെന്റ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. ഫോൺ നമ്പർ : 8281933323)