തന്നെക്കാള്‍ ഒരല്‍പം മുതിര്‍ന്നയാളാണെങ്കില്‍ അപ്പോള്‍ തന്നെ 'അമ്മായീ...' 'അമ്മാവാ...' വിളികള്‍ കൊണ്ട് അവരെ അഭിസംബോധന ചെയ്യുന്നവരെ കണ്ടിട്ടില്ലേ? വളരെ ബോധപൂര്‍വ്വം, വിഷമിപ്പിക്കാനോ അസ്വസ്ഥതപ്പെടുത്താനോ വേണ്ടിത്തന്നെയാകണമെന്നില്ല ഈ വിളികളൊന്നും. എന്നാല്‍ ഈ തമാശക്കളികള്‍ അത്രമാത്രം നിര്‍ദോഷമാണെന്ന് ഉറപ്പുണ്ടോ? 

അങ്ങ് വയസനായിപ്പോയല്ലോ... അല്ലെങ്കില്‍ വയസ്സിയായിപ്പോയല്ലോ എന്നൊക്കെ പറഞ്ഞ് പ്രായമായവരെ ചെറുപ്പക്കാര്‍ കളിയാക്കുന്നത് കേട്ടിട്ടില്ലേ? തന്നെക്കാള്‍ ഒരല്‍പം മുതിര്‍ന്നയാളാണെങ്കില്‍ അപ്പോള്‍ തന്നെ 'അമ്മായീ...' 'അമ്മാവാ...' വിളികള്‍ കൊണ്ട് അവരെ അഭിസംബോധന ചെയ്യുന്നവരും കുറവല്ല. 

വളരെ ബോധപൂര്‍വ്വം, വിഷമിപ്പിക്കാനോ അസ്വസ്ഥതപ്പെടുത്താനോ വേണ്ടിത്തന്നെയാകണമെന്നില്ല ഈ വിളികളൊന്നും. എന്നാല്‍ ഈ തമാശക്കളികള്‍ അത്രമാത്രം നിര്‍ദോഷമാണെന്ന് ഉറപ്പുണ്ടോ? 

അല്ലെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ടയില്‍ നിന്നുള്ള പ്രമുഖ ഗവേഷകയായ, ഡോണ വില്‍സണ്‍ പറയുന്നത്. പ്രായമാകുന്ന, തികച്ചും ജൈവികവും സ്വാഭാവികവുമായ അവസ്ഥയെ അപകടകരമാം വിധത്തില്‍ മനുഷ്യര്‍ തള്ളിക്കളയുന്നുവെന്നാണ് ഡോണ പറയുന്നത്. ഒരര്‍ത്ഥത്തിലും വയസാകുന്നതിനെ മനുഷ്യര്‍ നല്ലരീതിയിലെടുക്കുന്നില്ലത്രേ. അതിന്റെ തെളിവാണ് ഇത്തരം തമാശകളെന്നാണ് ഡോണ പറയുന്നത്. 

'ശരിക്ക് നമ്മുടെ സമൂഹം ചെറുപ്പക്കാരിലും ചെറുപ്പത്തിലും ഊന്നിയാണ് നിലനില്‍ക്കുന്നത്. പ്രായമായവരെ അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കാനും കരുതാനും നമുക്ക് കഴിയുന്നില്ല എന്നതാണ് സത്യം. പക്ഷേ ഇത് വളരെ അപകടകരമായ ഒരവസ്ഥയാണ്. അതെങ്ങനെയെന്ന് വിശദീകരിക്കാം...

...പ്രായമായവര്‍ ജോലി നിര്‍ത്തി, വീട്ടിലൊരിടത്ത് അടങ്ങിയിരിക്കണമെന്നൊരു കാഴ്ചപ്പാട് നമുക്കുണ്ട്. അവരുടെ പങ്കാളി മരിച്ചുപോയെങ്കില്‍ പിന്നെ ബാക്കിയുള്ള ജീവിതം അവരൊറ്റയ്ക്ക് ജീവിക്കണം. അറുപത് കടന്ന ഒരാള്‍ക്ക് വേണ്ടി പിന്നീടൊരു ഇണയെ കണ്ടെത്താന്‍ നമ്മളാരും മെനക്കെടില്ല. ഓരോ വീട്ടിലെയും കുട്ടികള്‍ ഈ രീതികള്‍ കണ്ടാണ് വളരുന്നത്. പ്രായമായവര്‍ ഉപയോഗശൂന്യമാണെന്നൊരു ധാരണ ചെറുപ്പത്തിലേ കുട്ടികളിലുണ്ടാകുന്നു. ആ കുട്ടികളാണ് നാളെ മുതിര്‍ന്ന് ജീവിതം അനുഭവിച്ച് അറുപതിലെത്തുന്നത്. അപ്പോള്‍ അവര്‍ക്ക് സ്വയം അവമതിയാണ് ഉണ്ടാകുന്നത്. ഞാന്‍ ഒന്നിനും കൊള്ളാത്ത ഒരാളായി, എനിക്ക് പ്രായമായി. പങ്കാളി മരിച്ചയാളാണെങ്കില്‍, ഇനിയൊന്നും നോക്കാനില്ല അടുത്തത് ഞാനാണ് എന്ന ചിന്തയായി. എത്ര അനാരോഗ്യകരമാണ് ഈ അവസ്ഥ. ലോകത്ത് ഇന്ന് 600 മില്ല്യണ്‍ മനുഷ്യര്‍ അറുപതുകളില്‍ ജീവിക്കുന്നവരാണ്. അവരുടെയെല്ലാം ജീവിതത്തെ നമ്മള്‍ തള്ളിക്കളയുന്നു...

...എന്ന് മാത്രമല്ല, നാളെ അതേ അവസ്ഥയിലേക്ക് നമ്മള്‍ പോകുകയും വേണം. ഈ സത്യത്തെ ഒരു നിമിഷം തിരിച്ചറിയുന്നുണ്ടെങ്കില്‍ നമുക്കീ പ്രശ്‌നത്തെ അതിജീവിക്കാവുന്നതേയുള്ളൂ. മനപ്പൂര്‍വ്വം പ്രായമാകുന്ന അവസ്ഥയെ മനസില്‍ നിന്ന്, ചിന്തകളില്‍ നിന്ന് നമ്മള്‍ മാറ്റിനിര്‍ത്തുകയാണ്. അതില്‍ നിന്നാണ് പ്രായമായവരെ പറ്റിയുള്ള തമാശകളും പരിഹാസങ്ങളും രസങ്ങളും ഉടലെടുക്കുന്നത്. ഈ ട്രെന്‍ഡിനെ എത്രയും വേഗം ഓരോരുത്തരും സ്വയം തിരിച്ചറിഞ്ഞേ മതിയാകൂ...' - ഡോണ പറയുന്നു. 

വാര്‍ധക്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക- മാനസിക- സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകയാണ് ഡോണ. പല സര്‍വേകളും പഠനത്തിന്റെ ഭാഗമായി ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.