Asianet News MalayalamAsianet News Malayalam

'ഇതാ, ലോകത്തിലെ ഏറ്റവും പഴയ കാട്'; ചരിത്രപരമായ കണ്ടെത്തലോ?

385 മില്യണ്‍ വര്‍ഷം പഴക്കമുള്ള, എന്നുവച്ചാല്‍ 38.5 കോടി വര്‍ഷം പഴക്കമുള്ള കാട് ആണിതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ന്യൂയോര്‍ക്കിലെ കയ്റോ എന്ന സ്ഥലത്താണ് 400 കിലോമീറ്ററിലായി പരന്നുകിടക്കുന്ന കാട് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്

researchers found worlds oldest forest in cairo new york
Author
First Published Jan 13, 2024, 11:00 PM IST

കാട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കൂട്ടമായി നില്‍ക്കുന്ന വന്മരങ്ങളാണ് നമ്മുടെയെല്ലാം മനസില്‍ പെട്ടെന്ന് വരിക. പച്ചപ്പിന്‍റെ സ്വര്‍ഗം. ഓരോ മരവും വളരാൻ എത്ര കാലമെടുക്കും! വര്‍ഷക്കണക്കിന് ഭൂമിയോട് പോരാടിയും സ്നേഹിച്ചും മത്സരിച്ചുമെല്ലാമാണ് കാട് വളരുന്നത്. പല കാലത്തും പ്രകൃതം മാറിയും, തീവ്രത മാറിയും, നേടിയും നഷ്ടപ്പെട്ടുമെല്ലാമാണ് കാടുകള്‍ ഇന്നിന്‍റെ നിലനില്‍പിലേക്ക് എത്തുന്നത്. 

കാടുകളിലും അതിജീവനങ്ങളുടെ ചരിത്രമുണ്ട് എന്നതാണ് സത്യം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കാടുകള്‍, നാമിന്ന് കാണുന്ന ജീവിസമൂഹത്തെയോ പ്രകൃതിയോ അല്ലാതെ തീര്‍ത്തും മറ്റൊരു സാഹചര്യത്തെ കണ്ടും അനുഭവിച്ചും തോല്‍പിച്ചും വളര്‍ന്നവ. 

പുരാതനമായ കാട് എന്നെല്ലാം കേള്‍ക്കുമ്പോള്‍ അധികപേര്‍ക്കും ആമസോണ്‍ മഴക്കാടിനെ ഓര്‍മ്മ വരാം. അതിലും അധികം പഴക്കമുണ്ടെന്ന് വാദിക്കപ്പെടുന്ന കാടുകളുണ്ട്. ആമസോണ്‍ മഴക്കാടുകള്‍ക്ക് ഏതാണ്ട് 5.6 കോടി വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. 

ഇപ്പോഴിതാ ലോകത്തിലേക്ക് വച്ചേറ്റവും പഴക്കമേറിയ കാടിനെ കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് യുഎസില്‍ ഒരു സംഘം ഗവേഷകര്‍. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളിലെല്ലാം ഇതിന് ഏറെ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. 

385 മില്യണ്‍ വര്‍ഷം പഴക്കമുള്ള, എന്നുവച്ചാല്‍ 38.5 കോടി വര്‍ഷം പഴക്കമുള്ള കാട് ആണിതെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ന്യൂയോര്‍ക്കിലെ കയ്റോ എന്ന സ്ഥലത്താണ് 400 കിലോമീറ്ററിലായി പരന്നുകിടക്കുന്ന കാട് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നുവച്ചാല്‍ ഇവിടെ ഇന്ന് നിലനില്‍ക്കുന്ന പല മരങ്ങളും ദിനോസറുകള്‍ കണ്ടിരിക്കാം എന്ന്!

തീര്‍ച്ചയായും ഏറെ അത്ഭുതപ്പെടുത്തുന്നൊരു വാര്‍ത്ത തന്നെയാണിത്. 2019ല്‍ തന്നെ ഈ കാടുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് ഗവേഷകര്‍ തുടക്കം കുറിച്ചിരുന്നുവത്രേ. നേരത്തേ തന്നെ ഈ കാട് വളരെ പുരാതനമാണെന്ന് അറിയപ്പെട്ടിരുന്നതാണ്, എന്നാല്‍ ശാസ്ത്രീയമായി പഠനത്തിലൂടെ ഇത് തെളിയിക്കപ്പെടുന്നത് ഇപ്പോഴാണ്-ഗവേഷകര്‍ പറയുന്നു. മരങ്ങളുടെ പഴക്കം പഠിച്ചുമനസിലാക്കിയാണ് ഗവേഷകര്‍ കാടിന്‍റെ വയസ് കണ്ടെത്തിയിരിക്കുന്നത്. 

വിത്തിലൂടെ മുളച്ച് പുതുതായി ചെടിയുണ്ടാകുന്ന, അത് മരമാകുന്ന രീതിയാണ് നമുക്ക് പൊതുവില്‍ അറിയാവുന്ന, സസ്യങ്ങളുടെ പ്രത്യുത്പാദന രീതി. എന്നാല്‍ ഈ കാടിനകത്ത് കണ്ടെത്തിയ പല മരങ്ങളുടെയും ഫോസിലുകള്‍ പരിശോധിച്ചപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയത് ഇവയെല്ലാം ബീജത്തിലൂടെ ഉത്പാദിപ്പിക്കപ്പെട്ട സസ്യങ്ങളാണെന്നാണ്. 

ഇതില്‍, ഒരു മരത്തില്‍ നിന്നോ സസ്യത്തില്‍ നിന്നോ ബീജമടര്‍ന്ന് മറ്റൊരിടത്ത് പോയി അവിടെ വച്ചാണ് സങ്കലനം നടക്കുന്നത്. വിത്താകുമ്പോള്‍ അത് മരത്തില്‍ വച്ച് തന്നെ കുഞ്ഞിനെ ഗര്‍ഭം കൊള്ളുന്നു. 

എന്തായാലും കൗതുകം പകരുന്ന സംഭവം വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ലോകത്തിലേറ്റവും പഴയ കാട് എന്ന ബഹുമതി കയ്റോയിലെ കാടിന് കിട്ടുമോ എന്നത് കാത്തിരുന്ന് കാണാം. യുഎസിലെ 'ബിങ്ഹാംടണ്‍ യൂണിവേഴ്സിറ്റി', വെയില്‍സിലെ 'യൂണിവേഴ്സിറ്റി ഓഫ് കാര്‍ഡിഫ്' എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകസംഘമാണ് പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

Also Read:- കേരളത്തില്‍ ഉയര്‍ന്ന അളവില്‍ യു വി കിരണങ്ങള്‍; ആരോഗ്യഭീഷണിയെന്ന് പഠനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios