കാലിഫോർണിയ: പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഇന്ത്യാ-പാക് ലെസ്ബിയന്‍ ദമ്പതികളായ ബിയാന്‍സയും സൈമയും. കാലിഫോര്‍ണിയയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇവര്‍ അമേരിക്കയില്‍ വച്ചാണ് കണ്ടുമുട്ടിയത്. 

അതിര്‍ത്തികളുടെ പോര്‍ വിളികള്‍ ഇവരുടെ പ്രണയത്തിന് തടസമായില്ല. കുടുംബങ്ങളും കൂട്ടുകാരുമൊത്ത് ആഘോഷപൂര്‍വമായിരുന്നു ഇരുവരുടെയും വിവാഹം. നിനക്കൊപ്പമാകുമ്പോൾ ജീവിതത്തിന് കൂടുതല്‍ മധുരമേറും എന്ന കുറിപ്പോടെ ബിയാന്‍സയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. ബിയാന്‍സ സാരിയിലും സൈമ ഷെര്‍വാണിയും ധരിച്ചായിരുന്നു ചടങ്ങിലെത്തിയത്. 

സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഏറ്റെടുത്ത് ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഇരുവർക്കും ആശംസകളുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. അതിമനോഹരമായ ചിത്രമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ആശംസകൾ നേർന്ന എല്ലാവർക്കും ബിയാന്‍സയും സൈമയും നന്ദിയും പറഞ്ഞു.