പലപ്പോഴും മൃഗങ്ങളുടേയും പക്ഷികളുടേയുമൊന്നും ആരോഗ്യത്തെപ്പറ്റി നമ്മളങ്ങനെ ചിന്തിക്കാറില്ല, അല്ലേ? എങ്കിലും പരിക്ക് പറ്റിക്കിടക്കുന്ന പക്ഷികളെയോ മൃഗങ്ങളെയോ ഒക്കെ കഴിയുന്നതും സഹായിക്കാനുള്ള മനസ് കാത്തുസൂക്ഷിക്കുകയും വേണം. 

സമാനമായൊരു കഥയാണ് ഇനി പറയാനുള്ളത്. ഇംഗ്ലണ്ടിലെ സഫോക്ക് എന്ന സ്ഥലത്ത് കാടിനോട് ചേര്‍ന്നുകിടക്കുന്ന കിടങ്ങില്‍ നിന്നും ആഴ്ചകള്‍ക്ക് മുമ്പ് വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ക്ക് ഒരു പെണ്‍ മൂങ്ങയെ കിട്ടി. പറക്കാനാകാതെ നിരാശപ്പെട്ട അവസ്ഥയിലായിരുന്നു മൂങ്ങ. 

കാഴ്ചയിലാണെങ്കില്‍ ഒരു പരിക്കുമില്ല. എന്നാല്‍ വൈകാതെ തന്നെ അവര്‍ക്ക് കാര്യം മനസിലായി. ചില്ലറ തൂക്കമൊന്നുമായിരുന്നില്ല മൂങ്ങപ്പെണ്ണിന്. സാധാരണഗതിയില്‍ മുതിര്‍ന്ന പെണ്‍മൂങ്ങയുടെ തൂക്കത്തെക്കാള്‍ മൂന്നിരട്ടി തൂക്കം. വെറുതെയാണോ പറക്കാന്‍ കഴിയാത്തത്!

വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ അതിനെ നേരെ 'സഫോക്ക് സാങ്ച്വറി'യിലേക്ക് കൊണ്ടുപോന്നു. തുടര്‍ന്ന് വിദഗ്ധരുടെ സഹായത്തോടെ മൂങ്ങയ്ക്ക് 'സ്ട്രിക്ട്' ആയ ഡയറ്റ് തീരുമാനിച്ചു. രണ്ടുമൂന്ന് ആഴ്ച ഈ ഡയറ്റ് കൃത്യമായി പിന്തുടര്‍ന്നതോടെ ആള് പതിയെ 'നോര്‍മല്‍' തൂക്കത്തിലേക്ക് വരാന്‍ തുടങ്ങി. 

അതോടെ നിരാശയും കുറേശ്ശെ മാറിത്തുടങ്ങി. പറക്കാനും സ്വതന്ത്രമായി ചലിക്കാനുമെല്ലാം കഴിയുന്ന സാഹചര്യത്തിലെത്തിയതോടെ കഴിഞ്ഞ ദിവസം മൂങ്ങപ്പെണ്ണിന് കാട്ടിലേക്ക് തുറന്നുവിടുകയും ചെയ്തു. 

ഏതാനും ദിവസങ്ങളേ കൂടെയുണ്ടായിരുന്നുള്ളൂവെങ്കിലും വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ക്ക് അവള്‍ പ്രിയപ്പെട്ടവളായി മാറിയിരുന്നു. 'പ്ലംപ്' എന്നായിരുന്നു സ്‌നേഹപൂര്‍വ്വം അവര്‍ അവളെ വിളിച്ചിരുന്നത്. പ്ലംപ് പോകുന്നതില്‍ ദുഖമുണ്ടെന്നും എന്നാല്‍, അവളുടെ ലോകം കാടാണെന്ന കാര്യം തങ്ങള്‍ക്കറിയാമെന്നും അവര്‍ പറയുന്നു. 

ഏതായാലും സംഭവം വാര്‍ത്തയായതോടെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഇതെക്കുറിച്ച് അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത്. മനുഷ്യരും ഇതര ജീവിവര്‍ഗങ്ങളും തമ്മിലുള്ള ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സംഭവമെന്നും വളരെ സന്തോഷം തോന്നുന്നുവെന്നുമെല്ലാം ആളുകള്‍ കുറിക്കുന്നു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും കാട്ടില്‍ പോയ ശേഷം ഡയറ്റൊക്കെ മറന്ന് പ്ലംപ് പിന്നെയും പഴയപടിയാകുമോയെന്നതാണ് ഒരു വിഭാഗത്തിന്റെ പേടി.