ലണ്ടൻ: വിവിധ വിഷയങ്ങൾ പഠിപ്പിക്കാനെത്തുന്ന അധ്യാപകർ ക്ലാസ്സ് രസകരമാക്കാൻ എന്നും വ്യത്യസ്തമായ വഴികളിലാണ് പരീക്ഷിക്കാറുള്ളത്. പഠിപ്പിക്കുന്ന വിഷയം കുട്ടികൾ‌ക്ക് എളുപ്പത്തിൽ മനസ്സിലാകാനും ​ഗ്രഹിക്കുന്നതിനും വേണ്ടി ലോകത്തിലെ വിവിധ പല ഭാ​ഗങ്ങളിൽനിന്നുള്ള അധ്യാപകർ എടുക്കുന്ന പരിശ്രമത്തെക്കുറിച്ച് വാർത്തകളും വരാറുണ്ട്. അത്തരത്തിലുള്ളൊരു വാർത്തയാണ് സ്പെയിനിൽനിന്ന് പുറത്തുവരുന്നത്. കുട്ടികളെ അനാട്ടമി പഠിപ്പിക്കാന്‍ ആന്തരികാവയവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത ബോഡി സ്യൂട്ട് ധരിച്ചാണ് വെറോണിക്ക ഡൂകെ എന്ന അധ്യാപിക ക്ലാസ്സിലെത്തിയത്.

അധ്യാപനത്തിൽ 15 വർഷത്തെ പ്രവൃത്തിപരിചയമുള്ള വെറോണിക്ക പ്രൈമറി ക്ലാസ്സിലെ വിദ്യാർഥികൾക്കായി ശാസ്ത്രം, ഇംഗ്ലീഷ്, സ്പാനിഷ്, ആര്‍ട്ട്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ക്ലാസ്സെടുക്കുന്നത്. ഇന്റർനെറ്റിൽ കണ്ട പരസ്യത്തിൽനിന്നാണ് അനാട്ടമി ബോഡി സ്യൂട്ടിനെക്കുറിച്ച് നാൽപ്പത്തിമൂന്നുകാരിയായ വെറോണിക്ക അറിയുന്നത്. തുടർന്ന് ബയോളജി ക്ലാസ്സ് രസകരമാക്കാനും അനായാസമാക്കാനും അനാട്ടമി സ്യൂട്ട് സഹായിക്കുമെന്ന ആശയത്തിന്റെ പുറത്ത് വെറോണിക്ക ആന്തരികാവയങ്ങളുടെ ചിത്രം പ്രിന്റ് ചെയ്ത സ്യൂട്ട് വാങ്ങിക്കുകയായിരുന്നു.

വെറോണിക്കയ്ക്കൊപ്പം ക്ലാസില്‍ എത്തിയ ഭര്‍ത്താവാണ്, അനാട്ടമി ബോ‍ഡിസ്യൂട്ട് ധരിച്ച് ക്ലാസ്സെടുക്കുന്ന വെറോണിക്കയുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വെറോണിക്കയുടെ പരീക്ഷണത്തെ ആളുകൾ അഭിനന്ദിച്ച് രം​ഗത്തെത്തി. ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിന് ഇതുവരെ അറുപത്തിഏഴായിരം പേരാണ് ലൈക്കടിച്ചിരിക്കുന്നത്. പതിമൂന്നായിരത്തിലധികം പേർ റീട്വീറ്റും ചെയ്തിട്ടുണ്ട്.