ലൈംഗിക താല്‍പര്യം ഓരോ വ്യക്തികളിലും ഓരോ തരത്തിലാണ്. എതിര്‍ലിംഗത്തോട്  ലൈംഗിക താല്‍പര്യമുളളവര്‍ (heterosexual), ഒരേ ലിംഗത്തോട് താല്‍പര്യമുളളവര്‍  അഥവാ സ്വവര്‍ഗ്ഗപ്രേമികള്‍ (homosexual), രണ്ട് ലിംഗത്തോടും താല്‍പര്യമുളളവര്‍ (bisexual)  അങ്ങനെ പോകുന്നു ലൈംഗിക താല്‍പര്യങ്ങളുടെ ഗണം. ലൈംഗിക താല്‍പര്യമില്ലായ്മയും വര്‍ധിച്ചുവരുന്ന സാഹചര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്.  പണ്ട് നീലച്ചിത്രങ്ങള്‍ അടങ്ങിയ മാസികകളിലായിരുന്നു പലരും ആനന്ദം കണ്ടെത്തിയിരുന്നത്.  അതും കടന്ന് ഇപ്പോള്‍ ഇന്‍റര്‍നെറ്റ്  പോണോഗ്രാഫിയുടെ കാലമാണ്. ഇപ്പോള്‍ അത് പോണ്‍ വീഡിയോകളും കടന്ന്, ഡേറ്റിങ്ങ് ആപ്പുകളിലേക്കും, പങ്കാളിക്ക് സ്മാര്‍ട്ട് ഫോണ്‍ വഴി അകലെ നിന്ന് നിയന്ത്രിക്കാവുന്ന സെക്സ് ടോയ്സുകളിലേക്ക് എത്തിനില്‍ക്കുന്നു.

മനുഷ്യ ശരീരത്തിന്‍റെ ഏറ്റവും ഗാഢമായ തലങ്ങളിലേക്ക് ടെക്നോളജി എത്തുന്നതോടെ ഇനി സെക്‌സ്‌ബോട്ട്സുകളുടെ കാലമാണെന്നാണ്  പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 'സെക്‌സ്‌ബോട്ട്സ്' എന്നറിയപ്പെടുന്ന സെക്‌സ് റോബോട്ടുകള്‍ ഇതിനോടകം തന്നെ വലിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. 

ലൈംഗിക ബന്ധത്തില്‍ മനുഷ്യര്‍ക്ക് മുകളില്‍ ഈ സെക്സ് റോബോട്ടുകള്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 'സെക്ഷ്വല്‍ ആന്‍റ്  റിലേഷന്‍ഷിപ്പ് തെറാപ്പി' എന്ന ജേണലിലാണ് ഇക്കാര്യം പറയുന്നത്. താന്‍ ഒരു 'ഹോമോ സെക്ഷ്വല്‍' അല്ലെങ്കില്‍ 'ബൈസെക്ഷ്വല്‍' ആണ് എന്ന് പറയുന്നത് പോലെ താന്‍ ഒരു 'ഡിജിസെക്ഷ്വല്‍' ആണ് എന്ന് പറയുന്ന ഒരു തലമുറ വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാനഡയിലെ മണിറ്റോബ യൂണിവേഴ്സിറ്റിയാണ് (University of Manitoba) പഠനം നടത്തിയത്. 

റോബോട്ടുകളെ കൊണ്ട് പല തരത്തിലുളള ജോലികള്‍ ചെയ്യിപ്പിക്കുന്ന പ്രവണതകളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ലൈംഗിക താല്‍പര്യങ്ങള്‍ക്കും റോബോട്ടുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നതും. ടെക്നോളജിക്ക് നല്‍കാവുന്നതില്‍ ഏറ്റവും മികച്ച ലൈംഗിക അനുഭവമായിരിക്കും സെക്സ്ബോട്ടുകള്‍ നല്‍കുന്നത് എന്നാണ് ഗവേഷകനായ നെയില്‍ പറയുന്നത്. 

ഒരു സെക്‌സ് റോബോട്ടിന് മറ്റേതൊരു റോബോട്ടിനെയും പോലെ തന്നെ സ്വന്തമായി ആഗ്രഹങ്ങളില്ല. അവയെല്ലാം കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി മാത്രം ചലിക്കുന്ന ഉപകരണങ്ങളാണ്. അതുകൊണ്ടുതന്നെ മനുഷ്യന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നമ്മുക്ക് ഇവയെ ചലിപ്പിക്കാം. ലൈംഗിക ബന്ധത്തില്‍ പല തരത്തിലുള്ള ആഘാതങ്ങള്‍ അനുഭവിച്ചിട്ടുളളവര്‍ക്കും മനുഷ്യരുമായി നല്ല രീതിലുളള ബന്ധം സൃഷ്ടിക്കാന്‍ കഴിയാത്തവര്‍ക്കും സെക്‌സ്‌ബോട്ടുകള്‍ വളരെയധികം ആശ്വാസമാകും. ഇത് വളരെ പോസീറ്റിവായ വളര്‍ച്ചയാണെന്നും പഠനം പറഞ്ഞുവെയ്ക്കുന്നു.   

എന്നാല്‍ ഇത് മനുഷ്യബന്ധങ്ങളെയും മാനുഷിക മൂലൃങ്ങളെയും തകര്‍ക്കുമെന്ന അഭിപ്രായവും ചില വിദഗ്ധര്‍ പറയുന്നു.  ജപ്പാനില്‍ ഒരു 35 വയസ്സുകാരന്‍ വിവാഹം ചെയ്തത്  ഒരു സെക്സ്ബോട്ടിനെയാണ് എന്നും അടുത്തിടെയൊരു വാര്‍ത്തയുണ്ടായിരുന്നു. ലൈംഗിക ബന്ധത്തിനായി സെക്‌സ് റോബോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിരവധിയാളുകളുണ്ടെന്നാണ് നേരത്തെ തന്നെ പുറത്തുവന്ന പല പഠനങ്ങളും സൂചിപ്പിക്കുന്നത്. റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം എപ്പോഴും ലഭ്യമാവുന്നതും എളുപ്പമാണെന്നും പലരും അഭിപ്രായപ്പെടുന്നു.