പാമ്പുകൾ തമ്മിൽ അടികൂടുന്ന കാഴ്ച പലയിടത്തും നിങ്ങൾ കണ്ടിട്ടുണ്ടാകും. റെഡ് ബെല്ലി ബ്ലാക്ക് സ്നേക്കുകളുടെ വാശിയേറിയ പോരാട്ടമാണ് കൗതുകമാകുന്നത്. ക്വീൻസ്‌ലൻഡിലെ ഗ്ലെൻവ്യൂവിലെ പൂന്തോട്ടത്തിന് സമീപമാണ് പാമ്പുകളുടെ വാശിയേറിയ പോരാട്ടം നടന്നത്. പാമ്പുകൾ തമ്മിലുള്ള പോരാട്ടം കണ്ട ഗൃഹനാഥൻ സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സിനെ വിവരമറിയിക്കുകയായിരുന്നു. 

പാമ്പുകൾ ഇണച്ചേരുന്നു എന്നാണ് ഗൃഹനാഥൻ ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് ഇത് രണ്ട് ആൺ പാമ്പുകള്‍ തമ്മിലുള്ള ശക്തമായ പോരാട്ടമാണെന്ന് മനസിലായത്. സമീപത്ത് എവിടെയെങ്കിലും പെൺപാമ്പ് കാണുമെന്നും പോരാട്ടത്തിൽ വിജയിക്കുന്ന പാമ്പ് പെൺപാമ്പിനോടൊത്ത് ചേരുമെന്ന് പാമ്പ് പിടുത്ത വിദഗ്ധൻ സ്റ്റൂ മക്കെൻസി പറഞ്ഞു.

 പരസ്പരം ചുറ്റിപ്പിണഞ്ഞു പോരാടുന്ന പാമ്പുകളെ പിടിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പോരാട്ടം തീരുന്നതിന് മുമ്പ് തന്നെ രണ്ടു പാമ്പുകളേയും വാലിൽ പിടിച്ചു പൊക്കി കൂടയിലാക്കാൻ സ്റ്റൂവിന് സാധിച്ചു. പിടികൂടിയ പാമ്പുകളെ 5 കിലോമീറ്റർ അകലെയുള്ള വാസസ്ഥലത്ത് തുറന്നു വിട്ടുവെന്നും സ്റ്റൂ പറഞ്ഞു. 

പാമ്പുകളുടെ വാശിയേറിയ പോരാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. പാമ്പുകളുടെ ഇത്തരത്തിലുള്ള വാശിയേറിയ പോരാട്ടം ക്യാമറയിൽ പകർത്തുന്നത് വളരെ അപൂർവമായിരിക്കുമെന്ന് 
സ്റ്റൂ പറഞ്ഞു.