പിറന്നാള്‍ദിനത്തില്‍ അച്ഛനോ അമ്മയോ സ്‌നേഹത്തോടെ കയ്യില്‍ വച്ചുതരുന്നത് എന്താണെങ്കിലും അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം, അല്ലേ? മറ്റാര് എന്ത് നല്‍കിയാലും അവയൊന്നും ഇതിനോളം വരില്ല. 

എന്നാല്‍ അച്ഛനോ അമ്മയോ നഷ്ടമായ എത്രയോ പേര്‍, നമുക്കിടയില്‍ ജീവിക്കുന്നു. മരണം ഒരു വ്യക്തിയുടെ ഇല്ലാതാകല്‍ മാത്രമല്ലല്ലോ, മറിച്ച് ഒരു കുടുംബത്തെയൊന്നാകെ മാറ്റിമറിക്കുന്ന വലിയ നഷ്ടം കൂടിയാണല്ലോ. 

ഇതുതന്നെയാണ് പന്ത്രണ്ടുകാരനായ ലോഗന്റെ ജീവിതത്തിലും സംഭവിച്ചത്. മിഷിഗണില്‍, അച്ഛനും അമ്മയും മൂത്ത സഹോദരനുമടങ്ങുന്ന കൊച്ചുകുടുംബത്തിലായിരുന്നു അവന്റെ ജനനം. സന്തോഷപൂര്‍ണ്ണമായ ജീവിതമായിരുന്നു. ചെറുപ്പകാലം മുഴുവനും അച്ഛനും അമ്മയ്ക്കും ചേട്ടനുമൊത്തുള്ള നല്ല ഓര്‍മ്മകള്‍ മാത്രം. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഒറ്റയടിക്ക് ആരോ തട്ടിത്തെറിപ്പിച്ചത് പോലെ. 

 

 

ലോഗന്റെ അച്ഛന്‍ ജോ, ക്യാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തിയ സമയമായിരുന്നു അത്. തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തില്‍, അച്ഛന്റെ രോഗവും അതിനെത്തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരും നിരാശരായി മാറിയതും ലോഗന്‍ കണ്ടു. എങ്കിലും മനസില്‍ എപ്പോഴും ഒരു പ്രതീക്ഷ എല്ലാവരും കരുതിയിരുന്നു. പക്ഷേ, ആ പ്രതീക്ഷളെയെല്ലാം തകര്‍ത്തുകൊണ്ട് ജനുവരി എട്ടിന് നാല്‍പത്തിയേഴുകാരനായ ജോ, മരണത്തിന് കീഴടങ്ങി. 

ലോഗന് പതിമൂന്ന് വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പിറന്നാളിന് ആഘോഷങ്ങളൊന്നും വേണ്ടെന്ന് അതോടെ ലോഗന്‍ തീരുമാനിച്ചു. എങ്കിലും പിറന്നാള്‍ ദിവസം കസിന്‍ സഹോദരനായ ജോണ്‍ വന്ന് വിളിച്ചപ്പോള്‍ ലോഗന്‍ വെറുതെ പുറത്തിറങ്ങിയതാണ്. കാറില്‍, ഒരിടം വരെ അവര്‍ ഒന്നിച്ചുപോയി. അവിടെ നിന്ന് ഒരു ഭംഗിയുള്ള പട്ടിക്കുഞ്ഞുമായാണ് ജോണ്‍ തിരികെ കാറില്‍ വന്ന് കയറിയത്. 

പട്ടിക്കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമുള്ള ലോഗന് അതിനേയും വളരെ ഇഷ്ടമായി. ജോണ്‍ ആ പട്ടിക്കുഞ്ഞിനെ അവന് നല്‍കി, ശേഷം അത് നിന്റെ അച്ഛന്‍ ഏല്‍പിച്ച് പോയ സമ്മാനമാണെന്ന് പറഞ്ഞു. ഇത് കേട്ടതും, കുഞ്ഞ് ലോഗന്‍ വിതുമ്പുകയും വിശ്വാസം വരാത്തത് പോലെ ആ പട്ടിക്കുഞ്ഞിനെ നോക്കുകയും ചെയ്തു. 

മുമ്പ് പലപ്പോഴും ലോഗന്‍ ഒരു പട്ടിക്കുഞ്ഞിനെ വാങ്ങിനല്‍കണമെന്ന് അച്ഛനോടും അമ്മയോടും പറയുമായിരുന്നു. എന്നാല്‍ ജോ അസുഖബാധിതനായതോടെ ആരോഗ്യപരമായി വളരെയധികം അവശനായിരുന്നു. ഏത് തരത്തിലുള്ള അണുബാധയും പെട്ടെന്നുണ്ടാകുമെന്ന അവസ്ഥ. ഇതിനാലായിരുന്നു കുടുംബം ലോഗന് പട്ടിക്കുഞ്ഞിനെ വാങ്ങി നല്‍കാതിരുന്നത്. എന്തായാലും മരണശേഷമെങ്കിലും മകന്റെ ഏറ്റവും വലിയ ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ് ജോ. 

ലോഗന്‍ കസിന്‍ സഹോദരന്റെ കയ്യില്‍ നിന്ന് പട്ടിക്കുഞ്ഞിനെ ഏറ്റുവാങ്ങുന്നതും, തുടര്‍ന്നങ്ങോട്ടുള്ള അവന്റെ പ്രതികരണവുമെല്ലാം സഹോദരന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. ആ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ്, സോഷ്യല്‍ മീഡിയയിലും യൂട്യൂബിലുമായി ഇത് കണ്ടത്. ഹൃദയസ്പര്‍ശിയായ രംഗമെന്നും, കണ്ടപ്പോള്‍ കണ്ണ് നനഞ്ഞുപോയെന്നും പലരും വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 

വീഡിയോ കാണാം...