അനുയോജ്യമായ വിവാഹബന്ധങ്ങള്‍ തെരഞ്ഞെടുക്കാന്‍ മാട്രിമോണിയല്‍ സൈറ്റുകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ധിച്ചുവരുന്ന ഒരു കാലമാണിത്. ഓരോരുത്തരും വിവാഹത്തെക്കുറിട്ട് അവരവര്‍ക്കുള്ള കാഴ്ചപ്പാടും പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങളുമെല്ലാം മാട്രിമോണിയല്‍ പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ലഭിക്കുന്ന ബന്ധം കൂടുതല്‍ അനുയോജ്യമായതാകാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വ്യക്തിപരമായ കാഴ്ചപ്പാടുകള്‍ കൂടി, വിവരങ്ങള്‍ക്കൊപ്പം ചേര്‍ത്ത് നല്‍കുന്നത്. 

ഈ വിവരങ്ങളില്‍ നിന്ന് ഇന്ത്യയിലെ യുവതലമുറയെ കുറിച്ച് ഒരു പഠനം നടത്തിയിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ സംഘത്തില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. 

ഒരു പ്രമുഖ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് ലക്ഷത്തിലധികം പ്രൊഫൈലുകളാണ് പഠനത്തിന് വേണ്ടി ഇവര്‍ പരിശോധിച്ചത്. എന്നാല്‍, പ്രൊഫൈലുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ തികച്ചും രഹസ്യമായിത്തന്നെ സൂക്ഷിക്കുമെന്നും, ഇക്കാര്യത്തില്‍ സൈറ്റുകളോട് അവിശ്വാസം വരേണ്ട കാര്യമില്ലെന്നും ആമുഖമായി ഗവേഷകര്‍ പറയുന്നു. 

പൊതുവേ ഇന്ത്യന്‍ വിവാഹങ്ങള്‍ മതം, ജാതി എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് കാലങ്ങളായി നടക്കുന്നത്. എന്നാല്‍ അടുത്തിടെയായി ഈ പതിവിന് അല്‍പം മാറ്റം വരുന്നുണ്ട് എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. അതായത്, തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചയാളാണെങ്കില്‍ അയാളുടെ മതമോ ജാതിയോ പ്രശ്‌നമല്ലെന്ന് മുന്‍കൂറായി സൂചിപ്പിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടിവരികയാണത്രേ. 

പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലാണ് യുവാക്കള്‍ക്കിടയില്‍ ഇത്തരമൊരു മാറ്റം കാണുന്നതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ മേഖല ഇപ്പോഴും ഇക്കാര്യത്തില്‍ പിറകില്‍ തന്നെ. ആളുകളുടെ ചിന്താഗതികളില്‍ വന്ന മാറ്റത്തിന്റെ ഭാഗമായാണ് ജാതി-മത വിഷയത്തില്‍ വന്ന ഈ നിലപാട് മാറ്റത്തിനും കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

വരാനിരിക്കുന്ന പങ്കാളി തന്റെ അമ്മയെ നന്നായി നോക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന ചെറുപ്പക്കാര്‍ക്ക് പകരം, വീട്ടില്‍ സന്തോഷം കൊണ്ടുവരാന്‍ കഴിയുന്ന, അത്രയും നര്‍മ്മബോധമുള്ള ഒരാളെ മതിയെന്ന് പറയുന്ന ചെറുപ്പക്കാര്‍ ഉണ്ടാകുന്നുവെന്നത് ശ്രദ്ധേയമാണ്- ഗവേഷകര്‍ വിലയിരുത്തുന്നു.