ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ വളരെ കൂടുതലായി വരുന്നുവെന്നതാണ് റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിവരം. 2021 വരെയുള്ള കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ആത്മഹത്യാനിരക്ക് തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അല്‍പം കൂടി സൂക്ഷ്മമമായ വിശദാംശങ്ങളുമായി പുറത്തെത്തിയ റിപ്പോര്‍ട്ടാണിപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. 'നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ'യുടെ കണക്കുകളെ അടിസ്ഥാനപ്പെടുത്തി പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ദ ലാൻസെറ്റ് റീജിയണല്‍ ഹെല്‍ത്ത്' ആണ് ഇന്ത്യയിലെ ആത്മഹത്യാനിരക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ വളരെ കൂടുതലായി വരുന്നുവെന്നതാണ് റിപ്പോര്‍ട്ട് പങ്കുവച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിവരം. 2021 വരെയുള്ള കണക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. മുൻ വര്‍ഷങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ 2021ല്‍ സ്ത്രീകളെക്കാള്‍ 33.5 ശതമാനം അധിക ആത്മഹത്യ പുരുഷന്മാര്‍ക്കിടയിലാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

2014ല്‍ ആകെ 89,129 പുരുഷന്മാരും 42,521 സ്ത്രീകളും ആത്മഹത്യ ചെയ്തപ്പോള്‍ 2021 ആയപ്പോഴേക്ക് അത് 1,18,979 പുരുഷന്മാര്‍- 45,026 സ്ത്രീകള്‍ എന്ന നിലയിലേക്കായി. അതും വിവാഹിതരായ പുരുഷന്മാര്‍ക്കിടയിലാണ് ആത്മഹത്യ പെരുകുന്നത് എന്നതും റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. ഇക്കാര്യവും ശ്രദ്ധേയമാണ്.

വിവാഹിതരാണോ എന്നത് മാത്രമല്ല, എന്തുതരം ജോലി ചെയ്യുന്നു, എന്താണ് സാമ്പത്തികാവസ്ഥ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആത്മഹത്യയെ സ്വാധീനിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കാരണം ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്കിടയിലും വേതനം കുറഞ്ഞ ജോലി ചെയ്യുന്നവര്‍ക്കിടയിലുമാണത്രേ ആത്മഹത്യാനിരക്ക് കൂടുതലുള്ളത്. 

സ്ത്രീകളില്‍ ആത്മഹത്യാനിരക്ക് അത്ര തന്നെ പെരുകാത്തത് അവര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്ത് പോകുന്നതിലുള്ള കഴിവാണ് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. പുരുഷന്മാരില്‍ തന്നെ 30-44 പ്രായക്കാരിലാണ് കൂടുതല്‍ ആത്മഹത്യ കണ്ടുവരുന്നതത്രേ. അതുപോലെ തന്നെ 18-30 പ്രായക്കാരില്‍ ആത്മഹത്യ കൂടിവരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അധികലും കുടുംബപ്രശ്നങ്ങള്‍ തന്നെയാണ് ആത്മഹത്യയിലേക്ക് വ്യക്തികളെ നയിക്കുന്നതെന്നും പുരുഷന്മാരിലും ഇതേ പ്രശ്നം തന്നെയാണ് വലിയ കാരണമായി നിലനില്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് അടിവരയിട്ട് പറയുന്നു. 

Also Read:- കോച്ചിംഗിന് കുട്ടികളെ പറഞ്ഞയക്കുമ്പോള്‍ അത് മരണത്തിലേക്ക് ആവരുതേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo