ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഉറക്കമില്ലായ്‌മ ഇന്ന് പലരെയും ബാധിക്കുന്നൊരു പ്രശ്നമാണ്. ഉറക്ക കുറവ് മൂലം ഹൃദ്രോഗം വിഷാദരോഗം തുടങ്ങി പല ഗുരുതരപ്രശ്നങ്ങളുമുണ്ടാകും. മോശം ഭക്ഷണശീലം, തെറ്റായ ജീവിതശൈലി, മാനസികസമ്മര്‍ദ്ദം, ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കാരണമാണ് പ്രധാനമായും ഉറക്കക്കുറവ് അനുഭവപ്പെടുന്നത്.നാഷണല്‍ സ്ലീപ് ഫൌഡേഷന്‍റെ കണക്ക് പ്രകാരം അമേരിക്കയില്‍ 40 ശതമാനം ആളുകളിലും ഉറക്കമില്ലായ്‌മ ഉണ്ട്. ഉറക്കമില്ലായ്‌മയെ കുറിച്ചും എന്തുകൊണ്ട് ഇങ്ങനെയുണ്ടാകുന്നു എന്നതിനെ കുറിച്ചും പല തരത്തിലുള്ള പഠനങ്ങളും നടന്നുവരുന്നു. 

ഉറക്കമില്ലായ്മയെ നിസാരമായി കാണരുതെന്നാണ് ​ഗവേഷകർ പറയുന്നത്. ഉറക്കക്കുറവ് ഹൃദയാഘാതത്തിന് വരെ കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതുമാത്രമല്ല രക്തസമ്മര്‍ദ്ദം ഉയരാനും എന്തിന് മാനസികാരോഗ്യത്തെ പോലും ഇത് ബാധിക്കാം. 

സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍റ്  പ്രിവന്‍ഷന്‍ (CDC) പ്രകാരം ഉറക്കക്കുറവ് ഹൃദയാഘാതവുമായി മാത്രമല്ല  മറിച്ച് പ്രമേഹവും വിഷാദവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണരീതി ഒരാളുടെ ഉറക്കത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ പഠനപ്രകാരം കാര്‍ബോഹൈഡ്രേറ്റ് ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ ഉറക്കമില്ലായ്മ ഉണ്ടാകാമത്രേ. ന്യൂയോര്‍ക്കിലെ 'Columbia University Vagelos College of Physicians and Surgeons' ആണ് ഈ പഠനത്തിന് പിന്നില്‍. പ്രത്യേകിച്ച് അമ്പത് കഴിഞ്ഞ സ്ത്രീകളിലാണിത് വരുന്നത് എന്നും പഠനം പറയുന്നു.

 'ദ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍' പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50–79നും ഇടയില്‍ പ്രായമുളള 53,069 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരിലെ ഭക്ഷണരീതിയും ഉറക്കമില്ലായ്മയുമാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ചവരിലാണ് ഉറക്കമില്ലായ്മ കൂടുതലായി കണ്ടുവന്നത്. സോഡ, വെള്ള അരി, ബ്രഡ് , മധുരം എല്ലാം അതില്‍പ്പെടും. അതിനാല്‍ കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുന്നതാവും നല്ല ഉറക്കം കിട്ടാന്‍ നല്ലത് എന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. 

ഉറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍  ഏതൊക്കെയാണെന്ന് നോക്കാം.

1. വാഴപ്പഴം

ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ള ഫലമാണ് വാഴപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ വാഴപ്പഴം സ്ഥിരമായി കഴിച്ചാല്‍ ദഹനം എളുപ്പമാകുകയും രക്തചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ഇതും ഉറക്കത്തെ സഹായിക്കുന്ന ഘടകമാണ്. 

2. തേന്‍

പ്രകൃതിദത്തമായ മധുരം അടങ്ങിയിട്ടുള്ള തേന്‍ കഴിക്കുന്നത് ഇന്‍സുലിന്റെ അളവ് കൂട്ടുകയും, ട്രിപ്റ്റോഫാന്‍ മസ്‌തിഷ്‌ക്കത്തിലേക്ക് എത്തുന്നത് എളുപ്പമാക്കുകയും ചെയ്യും. ട്രിപ്റ്റോഫാനാണ്, ഉറക്കത്തെ സഹായിക്കുന്ന സെറോട്ടോണിന്‍, മെലാട്ടോണിന്‍ എന്നി ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നത്. ഈ ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനം ഉറക്കത്തെ എളുപ്പമുള്ളതാക്കി മാറ്റും. 

3.  ബദാം

ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടും. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. നല്ലരീതിയില്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം. ഇതുകൂടാതെ തലവേദനയ്‌ക്കും ബദാം ഒരു നല്ല പരിഹാരമാര്‍ഗമാണ്. 

4. മുട്ട

മുട്ടയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഡി നന്നായി ഉറങ്ങാന്‍ സഹായിക്കും. മസ്‌തിഷ‌്‌ക്കത്തിലെ ഉറക്കത്തെ സ്വാധീനിക്കുന്ന ന്യൂറോണുകളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തിയാണ് വിറ്റാമിന്‍ ഡി ഉറക്കം എളുപ്പമുള്ളതാക്കി മാറ്റുന്നത്. 

5. പാലും പാല്‍ ഉള്‍പന്നങ്ങളും

നന്നായി ഉറങ്ങാന്‍ സഹായിക്കുന്ന ഒന്നാണ് പാലും പാല്‍ ഉല്‍പന്നങ്ങളും. ഇവയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള കാല്‍സ്യമാണ് ഉറക്കത്തെ എളുപ്പമാക്കുന്നത്. ഉറക്കത്തെ സഹായിക്കുന്ന മെലാട്ടോണിന്‍ ഹോര്‍മോണ്‍ ഉള്‍പാദിപ്പിക്കുന്ന ട്രിപ്റ്റോഫാനെ കൂടുതലായി തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാല്‍സ്യം ചെയ്യുന്നത്. 

6. ഓട്സ് 

ഓട്സിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളത്. വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌, സിങ്ക്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ഉറക്കത്തിന് വളരെ നല്ലതാണിത്.