രംഗം: അബുദാബി ഇന്റർനാഷണൽ എയർപോർട്ട്. ട്രാൻസിറ്റ് എമിഗ്രേഷൻ. കൗണ്ടറിലിരുന്ന സ്ത്രീ മുന്നിൽ കണ്ട വയോധികനോട് പറഞ്ഞു, " പാസ്പോർട്ട്". അദ്ദേഹം തന്റെ പാസ്പോർട്ട് ഓഫീസർക്ക് നേരെ നീട്ടി. പാസ്പോർട്ട് തുറന്നു നോക്കിയ അവർ  മുന്നിൽ നിൽക്കുന്നത് പാസ്‌പോർട്ടിലെ ചിത്രത്തിൽ കാണുന്നയാൾ തന്നെയല്ലേ എന്ന് ഒന്നുറപ്പിച്ചു.എമിഗ്രേഷൻ പരിശീലനത്തിൽ ആദ്യം തന്നെ പഠിപ്പിക്കുന്ന മറ്റൊരു പരിശോധനയുണ്ട്. പ്രായം. നിർബന്ധമായും നോക്കണം. പാസ്‌പോർട്ടിൽ പറഞ്ഞത്ര പറയാം മുന്നിൽ നിൽക്കുന്നയാളിന് ഉണ്ടോ ഇല്ലയോ എന്നുറപ്പിക്കണം. അതിനായി, ആ ഉദ്യോഗസ്ഥ പാസ്‌പോർട്ടിലെ ജനനത്തീയതി കൊടുത്തിരിക്കുന്ന കോളത്തിൽ നോക്കി. ഡേറ്റ് ഓഫ് ബർത്ത് : 08-08-1896. അപ്പോൾ.. വയസ്സ്.. അവർ  മനസ്സിൽ കണക്കുകൂട്ടി. ഉത്തരം ഉള്ളിൽ തെളിഞ്ഞതും അവർ  ഞെട്ടി. തന്റെ മുന്നിൽ കൊൽക്കത്തയിൽ  നിന്ന് ലണ്ടനിലേക്കുള്ള സുദീർഘമായ ആ യാത്രയുടെ ട്രാൻസിറ്റിൽ വന്നു നിൽക്കുന്ന സ്വാമി ശിവാനന്ദിന് അയാളുടെ പാസ്പോർട്ടിൽ പറയുന്ന തീയതി കൃത്യമാണ്  എന്നുണ്ടെങ്കിൽ, വയസ്സ് 123 ഉണ്ട്. 

ഉത്തർപ്രദേശിലെ വരാണസിക്കടുത്തുള്ള ബഹാല എന്ന സ്ഥലത്താണ് 1896-ൽ താൻ ജനിച്ചതെന്നാണ് സ്വാമി അവകാശപ്പെടുന്നത്. എത്തിഹാദ് എയർലൈൻസിലായിരുന്നു അദ്ദേഹത്തിന്റെ ലണ്ടൻ യാത്ര. അച്ഛനും അമ്മയും ശിവാനന്ദിന് ആറുവയസ്സു തികയും മുമ്പേ മരിച്ചുപോയി. ബന്ധുക്കൾ അദ്ദേഹത്തെ ഒരു സ്വാമിയുടെ ആശ്രമത്തിൽ കൊണ്ടുചെന്നാക്കി. അദ്ദേഹത്തിന്റെ അനുയായിയായി മാറിയ ശിവാനന്ദ് സ്വാമി പോകുന്നിടത്തെല്ലാം കൂടെപ്പോയി ഒടുവിൽ ഉത്തരേന്ത്യയിൽ, വാരാണസിയിൽ, ഗംഗാനദിക്കരയിൽ താമസമുറപ്പിച്ചു.

കണ്ടാൽ ഒരു എൺപതോ തൊണ്ണൂറോ വയസ്സിൽ കൂടുതൽ പറയില്ല, ശിവാനന്ദയ്ക്ക്. എന്നാൽ, തന്റെ പാസ്‌പോർട്ടിലെ പ്രായം കിറുകൃത്യമാണെന്നും, പ്രായക്കുറവ് തോന്നിക്കുന്നത്,  ചെറുപ്പം മുതൽക്കുള്ള തന്റെ സന്യാസജീവിതരീതിയും, വ്യക്തിജീവിതത്തിലെ അച്ചടക്കവും, ബ്രഹ്മചര്യനിഷ്ഠയും കാരണമാണ് എന്നും അദ്ദേഹം പറഞ്ഞു. പാസ്‌പോർട്ടിലെ അദ്ദേഹത്തിന്റെ ജനനത്തീയതി കാരണം 2016-ലും ഒരിക്കൽ സ്വാമി മാധ്യമങ്ങളുടെ തലക്കെട്ടായിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, " ഞാൻ വളരെ ലളിതമായ ജീവിതരീതിയാണ് പിന്തുടരുന്നത്. വേവിച്ച പച്ചക്കറികളിൽ ഉപ്പും പച്ചമുളകും മാത്രം ചേർത്താണ് ഭക്ഷണം. എണ്ണയോ മസാലകളോ പതിവില്ല. ഇടക്ക് ഇത്തിരി പരിപ്പും കഴിക്കും " എന്നാണ്. 

അഞ്ചടി രണ്ടിഞ്ച് ഉയരമുണ്ട് സ്വാമി ശിവാനന്ദിന്. വെറും നിലത്ത് ഒരു പുൽപ്പായ വിരിച്ചാണ് കിടത്തം. ഒരു മരപ്പലകയാണ് തലയിണ. പാലും പഴങ്ങളും ഒക്കെ ആഡംബരമാണ് എന്ന് കരുതി ഒഴിവാക്കുന്ന ആളാണ് സ്വാമി. ആളുകൾ തന്റെ പ്രായം വിശ്വസിക്കാത്തതുകൊണ്ട്, ശാസ്ത്രീയമായ പരീക്ഷണങ്ങൾ നടത്തി പ്രായം ഉറപ്പുവരുത്താൻ അദ്ദേഹം ഗിന്നസ് ബുക്കിനെ ക്ഷണിച്ചിരിക്കുകയാണ്. 

സ്വാമി ശിവാനന്ദ ജീവിച്ചിരുന്ന കാലം ഇന്നത്തേതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ്. അന്ന് കറണ്ടില്ല, കാറില്ല, മൊബൈൽ ഫോണില്ല, സോഷ്യൽ മീഡിയ ഇല്ലേയില്ല. അതുകൊണ്ടുതന്നെ ഇന്നും അതിലൊന്നും പ്രിയവുമില്ല. ഒഴിവുനേരങ്ങളിൽ വല്ല അമ്പലത്തിന്റെ ആൽച്ചുവട്ടിലും ചെന്നിരുന്നു പ്രാണായാമം ചെയ്യലാണ്  പതിവ് വിനോദം. 

" എന്റെയൊക്കെ യൗവ്വനത്തിൽ മനുഷ്യൻ വളരെ എളുപ്പം സന്തോഷിച്ചിരുന്നു. അന്ന്, കിട്ടാൻ അങ്ങനെ ഏറെയൊന്നും ഇല്ല എന്നതും സത്യം തന്നെ. അതുകൊണ്ടെന്താ അവർക്ക് ചെറുതെന്തെങ്കിലും കിട്ടിയാൽ ആകെ സന്തോഷമായിരുന്നു. ഇന്നത്തെ ആളുകളൊക്കെ ആകെ തിരക്കാണ്. അവർക്ക് സന്തോഷിക്കാൻ നേരമില്ല. അവർ സത്യസന്ധതയിൽ വിശ്വസിക്കുന്നവരല്ല. അതുകൊണ്ടുതന്നെ അനാരോഗ്യം അവരെ വിടാതെ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ ഗിന്നസ് ബുക്കിന്റെ കണക്കിൽ ഏറ്റവും പ്രായമുള്ള ആൾ ഫ്രാൻസിലെ ജീൻ ലൂയി ലാലമെൻറ് ആണ്. 123 വയസ്സുകാരൻ. സ്വാമി ശിവാനന്ദിന്റെ അവകാശവാദം ശരിയാണെങ്കിൽ അദ്ദേഹം ജീനിനെക്കാൾ ഒരു വയസ്സ് മൂത്തതാണ്. ഏറെ ആരോഗ്യവാനും.